ഐപിഎല്ലിന്റെ മെഗാ ലേലത്തിനു മുന്നോടിയായി ആറു താരങ്ങളെ നിലനിര്‍ത്തിയ ഫ്രാഞ്ചൈസികളിലൊന്നാണ് നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. കഴിഞ്ഞ സീസണില്‍ ടീമിനെ കിരീടത്തിലേക്കു നയിച്ച ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ കെകെആര്‍ നിലനിര്‍ത്തിയില്ലെന്നതാണ് അമ്പരപ്പിക്കുന്ന കാര്യം.
അതുകൊണ്ടു തന്നെ പുതിയ സീസണില്‍ അവര്‍ക്കൊരു നായകനെയും ആവശ്യമാണ്. സുനില്‍ നരെയ്ന്‍, ആന്ദ്രെ റസ്സല്‍, റിങ്കു സിങ്, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ, രമണ്‍ദീപ് സിങ് എന്നിവരാണ് കെകെആര്‍ തങ്ങള്‍ക്കൊപ്പം അടുത്ത സീസണിലും നിലനിര്‍ത്തിയിട്ടുള്ള കളിക്കാര്‍.
പുതിയ നായകനെയും വിക്കറ്റ് കീപ്പറെയുമടക്കം മികച്ച ചില താരങ്ങളെ ഇനി മെഗാ ലേലത്തില്‍ കെകെആറിനു സ്വന്തമാക്കിയേ തീരൂ. എങ്കില്‍ മാത്രമേ അടുത്ത സീസണിലും ഐപിഎല്‍ ട്രോഫി നിലനിര്‍ത്താന്‍ അവര്‍ക്കു സാധിക്കുകയുള്ളൂ. ഒരിക്കല്‍ക്കൂടി കിരീടം സ്വന്തമാക്കാന്‍ ശേഷിയുള്ള കെകെആറിന്റെ ഡ്രീം ഇലവനില്‍ ആരൊക്കെയാവും ഉണ്ടാവുകയെന്നു നോക്കാം.

നയിക്കാന്‍ ബട്‌ലര്‍
ശ്രേയസ് അയ്യര്‍ക്കു പകരം ഇംഗ്ലണ്ട് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ ജോസ് ബട്‌ലറിനെയാണ് മെഗാലേലത്തില്‍ കെകെആര്‍ റാഞ്ചേണ്ടത്. രാജസ്ഥാന്‍ റോയല്‍സ് കൈവിട്ടതിനാല്‍ അദ്ദേഹത്തെ ഈ സീസണിലെ ലേലത്തില്‍ തീര്‍ച്ചയായും നമുക്കു കാണാനായേക്കും. മോഹവില നല്‍കി ബട്‌ലറെ കെകെആര്‍ സ്വന്തമാക്കണം. ടീമിന്റെ ക്യാപ്റ്റനും വിക്കറ്റ് കീപ്പറും ഓപ്പണറുമെല്ലാം അദ്ദേഹം തന്നെയാണ്.
ബട്‌ലറുടെ ഓപ്പണിങ് പങ്കാളി വെസ്റ്റ് ഇന്‍ഡീസിന്റെ വമ്പനടിക്കാരനായ ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്‌നായിരിക്കും. കഴിഞ്ഞ സീസണില്‍ ഓപ്പണറായി കെകെആറിനു വേണ്ടി കസറിയ താരമാണ് അദ്ദേഹം. ബട്‌ലര്‍-നരെയ്ന്‍ ജോടി അടുത്ത സീസണില്‍ എതിര്‍ ടീം ബൗളര്‍മാരുടെ പേടിസ്വപ്‌നമായി മാറുമെന്നുറപ്പാണ്.
ബാറ്റിങ് ലൈനപ്പില്‍ ആരെല്ലാം
മൂന്നാം നമ്പറില്‍ കെകെആറിനു വേണ്ടത് ഇന്ത്യന്‍ താരം ഇഷാന്‍ കിഷനെയാണ്. മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയിട്ടില്ലാത്തതിനാല്‍ മെഗാ ലേലത്തില്‍ ഇഷാനെയും ഇത്തവണ കാണാം. ഇഷാനെ ടീമിലെത്തിച്ചാല്‍ കെകെആറിനു വളരെ അഗ്രസീവായ ടോപ്പ് ത്രീ തയ്യാറായിക്കഴിഞ്ഞു.
നാലാം നമ്പറില്‍ തങ്ങളുടെ മുന്‍ താരവും സീം ബൗളിങ് ഓള്‍റൗണ്ടറുമായ വെങ്കടേഷ് അയ്യരെ തിരികെ കൊണ്ടുവരാന്‍ കെകെആര്‍ ശ്രമിക്കണം. അഞ്ചാം നമ്പറില്‍ സൂപ്പര്‍ ഫിനിഷര്‍ റിങ്കു സിങ് തന്റെ സീറ്റ് ഭദ്രമാക്കിക്കഴിഞ്ഞു. പതിവു പോലെ ഫിനിഷില്‍ പല മാജിക്കല്‍ പ്രകടനങ്ങളും അദ്ദേഹത്തില്‍ നിന്നും നമുക്കു കാണാന്‍ സാധിച്ചേക്കും.
ആറാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തുക വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്ററും ഓള്‍റൗണ്ടറുമായ ആന്ദ്രെ റസ്സലാണ്. കെകആര്‍ നിലനിര്‍ത്തിയ കളിക്കാരുടെ ലിസ്റ്റില്‍ അദ്ദേഹമുണ്ട്. ഏഴാമനായി രമണ്‍ദീപ് സിങിന്റെ ഊഴമാണ്. കെകെആര്‍ നിലനിര്‍ത്തിയ മറ്റൊരു താരമാണ് അദ്ദേഹം.

ബൗളിങ് ലൈനപ്പ്
ബൗളിങ് ലൈനപ്പിലേക്കു വന്നാല്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തിയെ കെകെആര്‍ നിലനിര്‍ത്തിക്കഴിഞ്ഞു. എട്ടാം നമ്പറില്‍ അദ്ദേഹം കളിക്കും. തുടര്‍ന്ന് മൂന്നു പേസര്‍മാരെയാണ് കെകെആറിനു ആവശ്യം. അനുഭവസമ്പത്തുള്ള ഒരാളെ തീര്‍ച്ചായായും അവര്‍ക്കു വേണം.
ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയെ കെകെആറിനു നോട്ടമിടാം. മറ്റൊരു പേസറായി ഇന്ത്യയുടെ ഇടംകൈയന്‍ പേസര്‍ ടി നടരാജനെ കൂടി സ്വന്തമാക്കിയാല്‍ ബൗളിങ് ഒന്നുകൂടി കിടുവാകും. ടീമില്‍ നിലനിര്‍ത്തപ്പെട്ട ഹര്‍ഷിത് റാണയാണ് ഇലവനിലെ മറ്റൊരു പേസര്‍.
കെകെആറിന്റെ ഡ്രീം പ്ലെയിങ് 11
ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, ഇഷാന്‍ കിഷന്‍, വെങ്കടേഷ് അയ്യര്‍, റിങ്കു സിങ്, ആന്ദ്രെ റസ്സല്‍, വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് ഷമി, ഹര്‍ഷിത് റാണ, ടി നടരാജന്‍.