മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള നിലനിര്‍ത്തലുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജസ്ഥാന്‍ റോയല്‍സ് മാത്രമാണ് ആറ് താരങ്ങളെ നിലനിര്‍ത്തിയത്. ബാക്കി ടീമുകളെല്ലാം തങ്ങളുടെ അടിത്തറ ഉറപ്പിച്ചാണ് നിലനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സില്‍ വലിയ പൊളിച്ചെഴുത്ത് ഉണ്ടാവുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, തിലക് വര്‍മ, ജസ്പ്രീത് ബുംറ എന്നിവരെ മുംബൈ നിലനിര്‍ത്തിയിട്ടുണ്ട്.
ടീമിന്റെ നിലനിര്‍ത്തല്‍ ടീമിന്റെ അടിത്തറ ഉറപ്പിച്ചതാണ്. ഇതിനെ ചുറ്റിപ്പറ്റി ഇനി ടീം പടുത്തുയര്‍ത്തുകയെന്നതാണ് പ്രധാനമായും മുന്നിലുള്ളത്. മുംബൈക്ക് പ്രധാനമായും ബൗളിങ് നിരയിലാണ് കൂടുതല്‍ താരങ്ങളെ വേണ്ടത്. ഇത്തവണയും ഹാര്‍ദിക് പാണ്ഡ്യയാണ് മുംബൈയുടെ നായകനെന്ന് ടീം വ്യക്തമാക്കിക്കഴിഞ്ഞു. മുംബൈ ഇത്തവണ ചില മുന്‍ താരങ്ങളെ ടീമിലേക്കെത്തിക്കാന്‍ സാധ്യതയുണ്ട്. ഇത്തരത്തില്‍ മുംബൈ നോട്ടമിടുന്ന മുന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.
ജോസ് ബട്‌ലര്‍
മുംബൈ ഇത്തവണ പ്രധാനമായും നോട്ടമിടുന്ന താരം ഇംഗ്ലണ്ടുകാരനായ ജോസ് ബട്‌ലറെയാണ്. വിക്കറ്റ് കീപ്പറും ഓപ്പണറുമായിരുന്ന ഇഷാന്‍ കിഷനെ മുംബൈ ഒഴിവാക്കിയിട്ടുണ്ട്. ഇനി ആ സ്ഥാനത്തേക്ക് വേണ്ടത് മികച്ചൊരു താരത്തെയാണ്. രാജസ്ഥാന്‍ റോയല്‍സ് ഒഴിവാക്കിയ ജോസ് ബട്‌ലറെ സ്വന്തമാക്കാന്‍ മുംബൈ ശ്രമിച്ചേക്കും. 2016ല്‍ മുംബൈയിലെത്തിയ ബട്‌ലര്‍ രോഹിത് ശര്‍മക്ക് കീഴില്‍ രണ്ട് വര്‍ഷം കളിച്ചു. പിന്നീട് 2018ല്‍ രാജസ്ഥാനിലേക്ക് കൂടുമാറി.
83 മത്സരത്തില്‍ നിന്ന് 3055 റണ്‍സ് നേടിയ ബട്‌ലര്‍ ഇംഗ്ലണ്ടിന്റെ ടി20 നായകനാണ്. അനുഭവസമ്പന്നനായ ബട്‌ലറെ മുംബൈ തിരികെ എത്തിക്കാന്‍ സാധ്യത കൂടുതലാണെന്നാണ് പുറത്തുവരുന്ന വിവരം. മുംബൈയുമായുള്ള ധാരണയുടെ പുറത്താണ് ബട്‌ലര്‍ രാജസ്ഥാന്‍ വിട്ടതെന്നാണ് സൂചന.
ക്രുണാല്‍ പാണ്ഡ്യ
മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ചേട്ടനാണ് ക്രുണാല്‍ പാണ്ഡ്യ. 2016-2021വരെ മുംബൈക്കായി കളിച്ച ക്രുണാല്‍ പിന്നീട് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിലേക്കെത്തിപ്പെട്ടു. ലഖ്‌നൗവിന്റെ നായകനായടക്കം കളിച്ചിട്ടുള്ള ക്രുണാല്‍ ഇത്തവണ തഴയപ്പെട്ടു. ബാറ്റുകൊണ്ടും പന്തുകൊണ്ടും മാച്ച് വിന്നറായ ക്രുണാല്‍ നിരവധി തവണ മുംബൈയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുള്ള താരമാണ്. ഇത്തവണ മുംബൈക്ക് മികച്ച സ്പിന്നര്‍മാരെ ആവശ്യമാണ്. അതുകൊണ്ടുതന്നെ ക്രുണാലിനെ തിരികെ എത്തിക്കാന്‍ മുംബൈ ശ്രമിക്കാന്‍ സാധ്യത കൂടുതലാണ്.

ക്വിന്റന്‍ ഡീകോക്ക്
ഇടം കൈയന്‍ ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ ക്വിന്റന്‍ ഡീകോക്കിനേയും മുംബൈ നോട്ടമിട്ടേക്കും. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കെത്തിയ ഡീകോക്ക് രോഹിത്തിനൊപ്പം ഓപ്പണിങ്ങില്‍ മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത്. കടന്നാക്രമിച്ച് കളിക്കാന്‍ കഴിവുള്ള ഡീകോക്ക് മുംബൈക്ക് മുതല്‍ക്കൂട്ടായി മാറാന്‍ കഴിവുള്ളവനാണ്. ഈ സാഹചര്യത്തില്‍ മുംബൈ ഡീകോക്കിനെ തിരികെ ടീമിലേക്കെത്തിക്കാന്‍ സാധ്യത കൂടുതലാണെന്ന് തന്നെ പറയാം.
ട്രന്റ് ബോള്‍ട്ട്
ന്യൂബോളില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുന്ന പേസറാണ് ന്യൂസീലന്‍ഡിന്റെ ട്രന്റ് ബോള്‍ട്ട്. നേരത്തെ മുംബൈ താരമായിരുന്ന ബോള്‍ട്ട് പിന്നീട് രാജസ്ഥാന്‍ റോയല്‍സിലേക്ക് കൂടുമാറിയിരുന്നു. അവസാന സീസണ്‍വരെ രാജസ്ഥാന്റെ ഭാഗമായിരുന്ന സിറാജ് മികച്ച പ്രകടനവും നടത്തിയിട്ടുണ്ട്. ഇത്തവണ രാജസ്ഥാന്‍ ബോള്‍ട്ടിനെ കൈവിട്ടിരിക്കുകയാണ്. മുംബൈക്ക് ജസ്പ്രീത് ബുംറക്ക് കൂട്ടായി മികച്ച പേസര്‍മാരെ അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ബോള്‍ട്ടിനെ തിരികെ എത്തിക്കാന്‍ മുംബൈ ശ്രമിക്കാന്‍ സാധ്യതയുണ്ട്.
യുസ് വേന്ദ്ര ചഹാല്‍
മുംബൈ ഇന്ത്യന്‍സിലൂടെ ഐപിഎല്ലിലേക്കെത്തിയ താരമാണ് ചഹാല്‍. എന്നാല്‍ ഇതുവരെ മുംബൈക്കായി കളിക്കാന്‍ അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചിട്ടില്ല. ആര്‍സിബിയിലൂടെ അരങ്ങേറിയ ചഹാല്‍ നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഇത്തവണ താരം തഴയപ്പെട്ടു. മുംബൈക്ക് മികച്ച സ്പിന്നര്‍മാരെ ഇത്തവണ അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ചഹാലിനെ മുംബൈ ടീമിലേക്കെത്തിക്കാന്‍ ആഗ്രഹിച്ചേക്കും.