ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സുമായുള്ള ഐപിഎല്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ തോല്‍വിക്കു കാരണം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡ്. പക്ഷെ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പറഞ്ഞതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ കാര്യമാണ് പരാജയ കാരണമായി അദ്ദേഹം എടുത്തു പറഞ്ഞിരിക്കുന്നത്. ഹൈ സ്‌കോറിങ് മാച്ചില്‍ 10 റണ്‍സിന്റെ പരാജയമാണ് റോയല്‍സിനു നേരിട്ടത്.
220 റണ്‍സിന്റെ വലിയ വിജയലക്ഷ്യമാണ് ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ റോയല്‍സിനു പഞ്ചാബ് നല്‍കിയത്. ഈ ടോട്ടലിലേക്കു അവര്‍ ഉജ്ജ്വലമായി പൊരുതി നോക്കിയെങ്കിലും ഏഴു വിക്കറ്റിനു 209 റണ്‍സില്‍ പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു. തോല്‍വിക്കു മധ്യനിര ബാറ്റര്‍മാരെയാണ് സഞ്ജു വിമര്‍ശിച്ചതെങ്കില്‍ ബൗളിങ് നിരയെയാണ് ദ്രാവിഡ് കുറ്റപ്പെടുത്തിയിരിക്കുന്നത്.

ബാറ്റര്‍മാരെ കുറ്റപ്പെടുത്താനാവില്ല
പഞ്ചാബ് കിങ്‌സിനെതിരായ തോല്‍വിക്കു ബാറ്റര്‍മാരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. സത്യസന്ധമായി പറയുകയാണെങ്കില്‍ ജയ്പൂരിലെ ഈ വിക്കറ്റ് 220 റണ്‍സിന്റേതാണെന്നു എനിക്കു തോന്നുന്നില്ല. 195-200 റണ്‍സിന്റെ വിക്കറ്റാണിതെന്നാണ് ഞാന്‍ കരുതുന്നത്. പക്ഷെ ഞങ്ങള്‍ 20 റണ്‍സ് അധികമായി അവര്‍ക്കു വിട്ടുകൊടുത്തുവെന്നും പോസ്റ്റ് മാച്ച് ഷോയില്‍ സംസാരിക്കവെ രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കി.
ഈ സീസണിലുടനീളമുള്ള കണക്കുകളെടുത്താല്‍ ബൗളിങില്‍ ഞങ്ങള്‍ക്കു നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നു കാണാം. വിക്കറ്റുകളെടുക്കാന്‍ സാധിച്ചില്ലെന്നു മാത്രമല്ല, റണ്ണൊഴുക്ക് നിയന്ത്രിക്കാനുമായില്ല. 10 മല്‍സരങ്ങളില്‍ ഒമ്പതിലും ഞങ്ങള്‍ ചേസാണ് നടത്തിയത്. വിജയലക്ഷ്യം 200-220 റണ്‍സായിരുന്നപ്പോഴെല്ലാം ഓപ്പണര്‍മാര്‍ ഞങ്ങള്‍ക്കു മികച്ച തുടക്കവും നല്‍കിയിരുന്നു. പക്ഷെ റണ്‍ചേസുകളില്‍ നന്നായി ഫിനിഷ് ചെയ്യാന്‍ ഞങ്ങള്‍ക്കു സാധിച്ചില്ല.
അതുകൊണ്ടു തന്നെ അടുത്ത സീസണില്‍ ഞങ്ങള്‍ക്കു ഇതു മെച്ചപ്പെടുത്താന്‍ ശ്രമിക്കേണ്ടത് ആവശ്യമാണ്. കൂടാതെ ബൗളിങിലും ഫീല്‍ഡിങിലുമെല്ലാം മെച്ചപ്പെടണം. ഫീല്‍ഡിങില്‍ ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയിരുന്നതായും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.
ഐപിഎല്ലിന്റെ ഈ സീസണില്‍ ഇതുവരെയുള്ള മല്‍സരങ്ങളിലെ ബൗളിങ് പ്രകടനമെടുത്താല്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് രാജസ്ഥാന്‍ റോയല്‍സാണെന്നു കാണാം. 10 ടീമുകളുടെ ടൂര്‍ണമെന്റില്‍ ബൗളിങില്‍ എല്ലാ മേഖലയിലും റോയല്‍സ് അവസാന സ്ഥാനക്കാരാണ്. വിക്കറ്റുകളെടുത്താല്‍ 60 വിക്കറ്റുകളുമായി പത്താമതാണ് അവര്‍. ശരാശരി (43.10), സ്‌ടൈക്ക്‌റേറ്റ് (25.50), ഇക്കോണമി (10.14) എന്നിവയിലും ഏറ്റവും പിറകില്‍ റോയല്‍സ് തന്നെയാണ്.
പരിക്കു കാരണം ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചര്‍ ശേഷിച്ച മല്‍സരങ്ങളില്‍ നിന്നും പിന്‍മാറുക കൂടി ചെയ്തതോടെ പഞ്ചാബ് കിങ്‌സിനെതിരേ റോയല്‍സ് ബൗളിങ് മുനയൊടിഞ്ഞതായി കാണപ്പെട്ടിരുന്നു. ടീമിലെ വിദേശ പേസര്‍മാരായ ഫസല്‍ഹഖ് ഫറൂഖിയും ക്വെന മഫാക്കയുമെല്ലാം റണ്‍സ് വാരിക്കോരി നല്‍കയിപ്പോള്‍ ഇന്ത്യന്‍ പേസര്‍മാരും തല്ലുവാങ്ങി. തുഷാര്‍, ദേശ്പാണ്ഡെ എന്നിവരടങ്ങുന്നതാണ് റോയല്‍സ് പേസ് നിര. പക്ഷെ ഇവര്‍ക്കൊന്നും തന്നെ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കാനായില്ല.

സഞ്ജു പറഞ്ഞതെന്ത് ?
പഞ്ചാബ് കിങ്‌സിനെതിരേ ജയിക്കേണ്ടിയിരുന്ന മല്‍സരം തോറ്റതിനു ബൗളര്‍മാരെ കുറ്റപ്പെടുത്താന്‍ സഞ്ജു സാംസണ്‍ തയ്യാറായിരുന്നില്ല. പകരം പരിചയ സമ്പത്തുള്ള ബാറ്റര്‍മാരാണ് ടീമിനെ തോല്‍പ്പിച്ചതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ഈ കളിയിലെ ടോട്ടല്‍ ഞങ്ങള്‍ക്കു ചേസ് ചെയ്യാന്‍ സാധിക്കുന്നതായിരുന്നു. ഇന്നു ഇവിടുത്തെ വിക്കറ്റ് തീര്‍ത്തും വ്യത്യസ്തമായാണ് കാണപ്പെട്ടത്. ഞങ്ങളുടെ ടീമിലെ പവര്‍ഹിറ്റര്‍മാരെ നോക്കുമ്പോള്‍ ഞങ്ങള്‍ക്കു ജയിക്കാന്‍ കഴിയുമായിരുന്നു.
ടീമിലെ അനുഭവസമ്പത്തുള്ള ചില താരങ്ങള്‍ ഉത്തരവാദിത്വമേറ്റെടുത്ത് ജോലി നിര്‍വഹിക്കണമായിരുന്നു. അടുത്ത സീസണില്‍ തീര്‍ച്ചയായും ഒരുപാട് മെച്ചപ്പെടേണ്ടത് ആവശ്യമാണ്. പക്ഷെ പ്രഥമ പരിഗണന സിഎസ്‌കെയുമായുള്ള അടുത്ത മല്‍സരം ജയിക്കുകയെന്നതാണെന്നും സഞ്ജു വ്യക്തമാക്കി.