ഗുവാഹത്തി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലേക്ക് രാജസ്ഥാന്‍ റോയല്‍സ് ഇറങ്ങുമ്പോള്‍ വലിയ വെല്ലുവിളിയായിരുന്നു മുന്നിലുണ്ടായിരുന്നത്. അതിന് കാരണം നായകന്‍ സഞ്ജും സാംസണിന്റെ പരിക്കായിരുന്നു. സഞ്ജുവിന് ഫീല്‍ഡ് ചെയ്യാന്‍ ഇറങ്ങാന്‍ പറ്റാത്ത സാഹചര്യത്തില്‍ ആരാണ് രാജസ്ഥാനെ നയിക്കുകയെന്നത് പ്രധാനപ്പെട്ട ചോദ്യമായിരുന്നു. ടീം മാനേജ്‌മെന്റ് റിയാന്‍ പരാഗ് എത്തതിലേക്കാണ് ഏറ്റവും ഒടുവിലായി എത്തിയത്.
വലിയ വെല്ലുവിളി ഏറ്റെടുത്താണ് പരാഗ് ഇത്തവണ ഇറങ്ങിയത്. ആദ്യത്തെ രണ്ട് മത്സരത്തിലും പരാഗിന് കീഴില്‍ രാജസ്ഥാന്‍ തോറ്റു. നായകനെന്ന നിലയിലെ പരാഗിന്റെ പിഴവുകള്‍ തോല്‍വികള്‍ക്ക് കാരണമാവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ രാജസ്ഥാന്‍ പരിശീലകനായ രാഹുല്‍ ദ്രാവിഡ് പരാഗില്‍ വിശ്വസിച്ചു. അവന്‍ നായകനെന്ന നിലയില്‍ വേഗത്തില്‍ കാര്യങ്ങള്‍ പഠിക്കുന്നുണ്ടെന്നും മികച്ച നായകനാണെന്നുമാണ് ദ്രാവിഡ് പറഞ്ഞത്.
ഈ വാക്കുകള്‍ തെറ്റായില്ലെന്ന് സിഎസ്‌കെയ്‌ക്കെതിരായ മത്സരത്തിലൂടെ പരാഗ് തെളിയിച്ചിരിക്കുകയാണ്. ഗംഭീര ക്യാപ്റ്റന്‍സിയോടെ കരുത്തരായ സിഎസ്‌കെയെ പൂട്ടിയിരിക്കുകയാണ് പരാഗ്. നായകനെന്ന നിലയില്‍ പരാഗെടുത്ത മികച്ച തീരുമാനങ്ങള്‍ രാജസ്ഥാന്റെ ജയത്തില്‍ നിര്‍ണ്ണായകമായിട്ടുണ്ട്. ഇത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.
അവസാന ഓവര്‍ സന്ദീപ് ശര്‍മക്ക്
മത്സരത്തില്‍ സിഎസ്‌കെയെ വിറപ്പിക്കുന്ന ബൗളിങ് പ്രകടനമാണ് ജോഫ്രാ ആര്‍ച്ചര്‍ കാഴ്ചവെച്ചത്. പവര്‍പ്ലേയില്‍ ആര്‍ച്ചര്‍ തീയായി എന്ന് തന്നെ പറയാം. മൂന്ന് ഓവറില്‍ ഒരു മെയ്ഡനടക്കം 13 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് ആര്‍ച്ചര്‍ വഴങ്ങിയത്. അവസാന ഓവറില്‍ സിഎസ്‌കെയ്ക്ക് ജയിക്കാന്‍ 20 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ പരാഗ് പന്ത് നല്‍കിയത് ആര്‍ച്ചര്‍ക്കല്ല. സന്ദീപ് ശര്‍മക്കായിരുന്നു. ഈ തീരുമാനം ടീമിന് ഗുണം ചെയ്യുകയും ചെയ്തു.

എംഎസ് ധോണിയെ പുറത്താക്കി മത്സരം സിഎസ്‌കെയ്ക്ക് അനുകൂലമാക്കി മാറ്റിയത് സന്ദീപ് ശര്‍മയാണെന്ന് പറയാം. ധോണിയെ പ്രായം തളര്‍ത്തുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഫിനിഷിങ് മികവിനെ എഴുതിത്തള്ളാനാവില്ല. ഈ സാഹചര്യത്തില്‍ സന്ദീപ് ശര്‍മയെ കൊണ്ടുവന്നത് പരാഗിന്റെ മികച്ച നീക്കമാണ്. നേരത്തെ ധോണിയെ പൂട്ടി രാജസ്ഥാന് ത്രില്ലിങ് ജയം നേടിക്കൊടുത്ത ബൗളറാണ് സന്ദീപ് ശര്‍മ. അതുകൊണ്ടുതന്നെ ഇത്തവണ പരാഗ് വീണ്ടും സന്ദീപില്‍ വിശ്വാസം അര്‍പ്പിക്കുകയായിരുന്നു.
ബൗളിങ് ചെയ്ഞ്ചുകളെല്ലാം അതി ഗംഭീരം
മത്സരത്തില്‍ പരാഗ് വരുത്തിയ ബൗളിങ് ചെയ്ഞ്ചുകളും ഫീല്‍ഡിങ് വിന്യാസവുമെല്ലാം അതി ഗംഭീരമായിരുന്നു. വനിന്‍ഡു ഹസരങ്കയെ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാന്‍ പരാഗിന് സാധിച്ചു. ഇതിന്റെ ഗുണം രാജസ്ഥാന് ലഭിക്കുകയും ചെയ്തു. നാല് ഓവറില്‍ 35 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് വനിന്‍ഡു ഹസരങ്ക വീഴ്ത്തിയത്. സിഎസ്‌കെയെ കറക്കി വീഴ്ത്തുന്ന പ്രകടനമാണ് ഹസരങ്ക കാഴ്ചവെച്ചത്. ബൗളര്‍മാരെ ഉപയോഗിക്കുന്നതില്‍ പരാഗ് മെച്ചപ്പെട്ടത് താരത്തിന് ഗുണകരമായി മാറി.
നായകനെന്ന നിലയില്‍ പക്വത കാട്ടാന്‍ പരാഗിന് സാധിക്കുന്നുണ്ട്. സമ്മര്‍ദ്ദ സാഹചര്യത്തില്‍ പതറുന്നവനല്ല താനെന്ന് പ്രകടനംകൊണ്ട് തെളിയിക്കാന്‍ പരാഗിന് സാധിക്കുന്നു. എന്തായാലും സഞ്ജു സാംസണിന് ശേഷം രാജസ്ഥാന്‍ റോയല്‍സിന്റെ നായകന്‍ ആരാണെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇപ്പോള്‍ പരാഗ് നല്‍കിയിരിക്കുന്നത്. സഞ്ജു സാംസണെ രാജസ്ഥാന്റെ നായകസ്ഥാനത്ത് നിന്ന് മാറ്റി പരാഗിനെ സ്ഥിരം നായകനാക്കി നിയമിക്കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറായാലും അത്ഭുതമാവില്ല.
മൂന്നാം സ്ഥാനത്ത് നിന്ന് മാറിയത് ഗുണമായി
ആദ്യ രണ്ട് മത്സരത്തിലും റിയാന്‍ പരാഗ് മൂന്നാം നമ്പറിലാണ് ബാറ്റ് ചെയ്തത്. ഇത് രാജസ്ഥാനെ വളരെയധികം പിന്നോട്ടടിച്ചിരുന്നു. എന്നാല്‍ സിഎസ്‌കെയ്‌ക്കെതിരേ പരാഗ് നാലാം നമ്പറിലേക്ക് മാറുകയും മൂന്നാം നമ്പറില്‍ നിതീഷ് റാണയെ കളിപ്പിക്കുകയും ചെയ്തു. ഇത് രാജസ്ഥാന്റെ വിജയത്തില്‍ നിര്‍ണ്ണായകമാവുകയും ചെയ്തു. 36 പന്തില്‍ 81 റണ്‍സോടെയാണ് നിതീഷ് കസറിയത്. പരാഗ് 28 പന്തില്‍ 37 റണ്‍സും നേടി ശോഭിച്ചു.