മുംബൈ: ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പര ആവേശകരമായി അവസാനിച്ചിരിക്കുകയാണ്. അഞ്ച് മത്സര പരമ്പര 4-1ന് ഇന്ത്യ അലമാരയിലെത്തിച്ചിരിക്കുകയാണ്. ഇന്ത്യയുടെ ഉജ്ജ്വല പ്രകടനം പരമ്പരയില്‍ കാണാനായെങ്കിലും സഞ്ജു സാംസണിന് കാര്യമായ പ്രകടനം കാഴ്ചവെക്കാനായില്ല. സെഞ്ച്വറികള്‍ നേടി മികച്ച ഫോമിലെത്തിയ സഞ്ജുവിന് ഇംഗ്ലണ്ട് പരമ്പരയില്‍ തൊട്ടതെല്ലാം പിഴച്ചു. 26, 5, 3, 1, 16 എന്നിങ്ങനെയാണ് പരമ്പരയിലെ സഞ്ജുവിന്റെ സ്‌കോറുകള്‍.
പരമ്പരയിലെ മോശം പ്രകടനം കൂടാതെ മറ്റൊരു തിരിച്ചടികൂടി സഞ്ജു നേരിട്ടിരിക്കുകയാണ്. അഞ്ചാം മത്സരത്തിനിടെ സഞ്ജുവിന്റെ കൈവിരലിന് പരിക്കേറ്റിരുന്നു. ഇതോടെ ദ്രുവ് ജുറേലാണ് വിക്കറ്റ് കീപ്പറായെത്തിയത്. ഇപ്പോഴിതാ സഞ്ജുവിന്റെ കൈവിരലിന് പൊട്ടലുണ്ടെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. സഞ്ജുവിന് ആറ് ആഴ്ചത്തെ വിശ്രമമാണ് നിര്‍ദേശിച്ചിരിക്കുന്നതെന്നാണ് വിവരം. ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് സഞ്ജുവിന്റെ ഫിറ്റ്‌നസ് പരിശോധനകള്‍ നടക്കുക.
സഞ്ജു ഇംഗ്ലണ്ട് ഏകദിന പരമ്പരയിലും ചാമ്പ്യന്‍സ് ട്രോഫിയിലുമില്ല. ഇംഗ്ലണ്ട് ടി20 പരമ്പരക്ക് ശേഷം രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാംപില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കവെയാണ് സഞ്ജുവിന് ഇത്തരമൊരു തിരിച്ചടി നേരിട്ടിരിക്കുന്നത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനാണ് സഞ്ജു. ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ആദ്യത്തെ കുറച്ച് മത്സരങ്ങള്‍ സഞ്ജുവിന് നഷ്ടമായേക്കും. പകരം ആരെയാവും രാജസ്ഥാന്‍ നായകനാക്കുകയെന്നാണ് ഇപ്പോള്‍ ഉയരുന്ന ആശങ്കകള്‍.
യശ്വസി ജയ്‌സ്വാള്‍ നായകനായേക്കും
സഞ്ജു സാംസണിന് ഐപിഎല്‍ 2025 ആരംഭിക്കുന്നതിന് മുമ്പ് പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്താന്‍ സാധിക്കുമോയെന്ന് ഇപ്പോഴത്തെ സാഹചര്യത്തില്‍ പറയാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ സഞ്ജുവിന് ആദ്യ മത്സരങ്ങള്‍ നഷ്ടമായാല്‍ രാജസ്ഥാന്‍ റോയല്‍സിനെ യശ്വസി ജയ്‌സ്വാള്‍ നയിക്കാനാണ് സാധ്യത. ഇടം കൈയന്‍ യുവ ഓപ്പണര്‍ നിലവില്‍ ഇന്ത്യക്കായും തകര്‍ത്തു കളിക്കുന്നവനാണ്. ഭാവി നായകനായും അടുത്ത സൂപ്പര്‍ താരമായും രാജസ്ഥാന്‍ വളര്‍ത്തിക്കൊണ്ടുവരുന്നവനാണ് ജയ്‌സ്വാള്‍.

നായകനായി വലിയ അനുഭവസമ്പത്തില്ലെങ്കിലും ജയ്‌സ്വാളിനെ വളര്‍ത്താന്‍ രാജസ്ഥാന്‍ ശ്രമിച്ചേക്കും. റിയാന്‍ പരാഗിനേയും രാജസ്ഥാന്‍ നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. ആഭ്യന്തര ക്രിക്കറ്റില്‍ പരാഗ് നായകനായി അനുഭവസമ്പത്തുള്ളവനാണ്. അതുകൊണ്ടുതന്നെ സ്പിന്‍ ഓള്‍റൗണ്ടറായ പരാഗിന് രാജസ്ഥാന്‍ അവസരം നല്‍കിയാലും അത്ഭുതപ്പെടാനാവില്ല. പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ തീരുമാനം ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാവും.
സഞ്ജുവിന്റെ അഭാവം രാജസ്ഥാന് തിരിച്ചടിയാവും
സഞ്ജു സാംസണ്‍ കളിക്കാതിരുന്നാല്‍ രാജസ്ഥാന്‍ റോയല്‍സിനത് കടുത്ത തിരിച്ചടിയാവുമെന്നുറപ്പാണ്്. ജോസ് ബട്‌ലര്‍ ടീം വിട്ടതോടെ രാജസ്ഥാന്‍ റോയല്‍സിന്റെ ബാറ്റിങ് നിരയിലെ പ്രധാന പ്രതീക്ഷ സഞ്ജുവിലാണ്. അതുകൊണ്ടുതന്നെ സഞ്ജു കളിക്കാതിരുന്നാല്‍ രാജസ്ഥാന്റെ ബാറ്റിങ്ങിനെ അത് പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. സഞ്ജു കളിച്ചാലും ഫിറ്റ്‌നസ് പ്രശ്‌നം പ്രകടനത്തിനെ ബാധിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
രാജസ്ഥാന്‍ റോയല്‍സ് ഇതിനോടകം പരിശീലന ക്യാംപ് ആരംഭിച്ചിട്ടുണ്ട്. സഞ്ജു സാംസണ്‍ വേഗം ക്യാംപിലേക്കെത്തുമെന്ന് കരുതിയിരിക്കവെ ഇപ്പോള്‍ പരിക്ക് വില്ലനായിരിക്കുന്നത്. അതുകൊണ്ടുതന്നെ പരിശീലകനെന്ന നിലയില്‍ ദ്രാവിഡിന് മുന്നില്‍ വലിയ വെല്ലുവിളിയാണുള്ളത്. മെഗാ താരലേലത്തിന് ശേഷം നടക്കുന്ന ആദ്യത്തെ ഐപിഎല്‍ സീസണാണിത്. ഇതിലെ ആദ്യ മത്സരങ്ങള്‍ സഞ്ജുവിന് നഷ്ടമാവുന്നത് താരത്തിന്റെ അന്താരാഷ്ട്ര കരിയറിനേയും പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്.
സഞ്ജുവിന് രഞ്ജി ട്രോഫിയും നഷ്ടമാവും
രഞ്ജി ട്രോഫിയില്‍ സഞ്ജു സാംസണ്‍ കളിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു. കേരളം രഞ്ജി ട്രോഫിയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. മോശം ഫോമിലുള്ള സഞ്ജു ഐപിഎല്ലിന് മുന്നോടിയായി രഞ്ജി ട്രോഫി കളിക്കാനും പദ്ധതിയിട്ടിരുന്നു. ഇതിനിടെയാണ് പരിക്ക് സഞ്ജുവിന് തിരിച്ചടിയായി മാറിയിരിക്കുന്നത്. കൈവിരലിനേറ്റ പരിക്ക് വേഗത്തില്‍ ഭേദമായി സഞ്ജു ഐപിഎല്ലിന് മുമ്പ് പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.