വിശാഖപട്ടണം: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ കെ എല്‍ രാഹുലിന്റെ ആദ്യ പ്രകടനം പ്രതീക്ഷയും ഒപ്പം നിരാശയും നല്‍കുന്നതാണ്. റിഷഭ് പന്തിനെ കൈവിട്ട് ആ സ്ഥാനത്തേക്ക് ഡല്‍ഹി എത്തിച്ച താരമാണ് രാഹുല്‍. മുന്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് നായകനായ രാഹുല്‍ ഇത്തവണ ഡല്‍ഹിയുടെ നായകസ്ഥാനം നിഷേധിച്ചാണ് ടീമിനൊപ്പം തുടര്‍ന്നത്. ഓപ്പണറായ താരം ഡല്‍ഹിക്കായി നാലാം നമ്പറിലാണ് ബാറ്റ് ചെയ്യാനെത്തിയത്.
രാഹുലിനെ തുടക്കത്തിലേ പൂട്ടാന്‍ മൂന്ന് തവണ രാഹുലിനെ പുറത്താക്കിയ മുഹമ്മദ് ഷമിയെയാണ് പാറ്റ് കമ്മിന്‍സ് പന്തേല്‍പ്പിച്ചത്. എന്നാല്‍ സിക്‌സും ഫോറും ഉള്‍പ്പെടെ ഷമിയെ പഞ്ഞിക്കിട്ടാണ് രാഹുല്‍ തുടങ്ങിയത്. വലിയ സ്‌കോറിലേക്ക് രാഹുല്‍ എത്തുമെന്ന് തോന്നിക്കുന്നതായിരുന്നു തുടക്കം. മെല്ലെ തുടങ്ങി നിലയുറപ്പിച്ച് പിന്നീട് കത്തിക്കയറുന്നതായിരുന്നു രാഹുലിന്റെ ശൈലി. എന്നാല്‍ ഡല്‍ഹിക്കൊപ്പം നേരിട്ട ആദ്യ പന്ത് മുതല്‍ കടന്നാക്രമിക്കുന്ന ബാറ്റിങ് പ്രകടനമാണ് രാഹുല്‍ നടത്തിയത്. പക്ഷെ വലിയ സ്‌കോറിലേക്ക് ഉയരാനായില്ല.
യുവ സ്പിന്നര്‍ രാഹുലിനെ വീഴ്ത്തി
നാല് പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സുമടക്കം മിന്നിച്ച് തുടങ്ങിയ രാഹുലിനെ സീഷന്‍ അന്‍സാരിയാണ് പുറത്താക്കിയത്. ലെഗ് സ്റ്റംപ് ലൈനിലെത്തിയ പന്തില്‍ രാഹുലിന് പിഴച്ചപ്പോള്‍ സ്റ്റംപ് തെറിക്കുകയായിരുന്നു. 300 സ്‌ട്രൈക്ക് റേറ്റുമായാണ് രാഹുല്‍ മടങ്ങിയത്. തന്റെ ആദ്യത്തെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് രാഹുല്‍ ആദ്യ മത്സരം കളിച്ചിരുന്നില്ല. എന്തായാലും രണ്ടാം മത്സരത്തിലൂടെയുള്ള ഡല്‍ഹി ടീമിലെ അരങ്ങേറ്റം രാഹുല്‍ ഗംഭീരമാക്കിയെന്ന് തന്നെ പറയാം.
രാഹുലിന്റെ റോള്‍ വ്യക്തമാക്കുന്ന പ്രകടനമാണ് താരം കാഴ്ചവെച്ചത്. മധ്യനിരയില്‍ സ്പിന്നര്‍മാരെ കടന്നാക്രമിച്ച് റണ്‍സുയര്‍ത്തുകയെന്ന നിര്‍ണ്ണായക റോളാണ് രാഹുലിനുള്ളത്. വരുന്ന മത്സരങ്ങളില്‍ രാഹുലില്‍ നിന്ന് വമ്പന്‍ പ്രകടനം തന്നെ പ്രതീക്ഷിക്കാം. എന്തായാലും റിഷഭ് പന്തിനെക്കാളും ഡല്‍ഹിക്ക് ഉപകരിക്കുന്ന താരമാണ് രാഹുലെന്ന് തന്നെ പറയാം. മത്സരത്തില്‍ വിക്കറ്റ് കീപ്പറായതും രാഹുലാണ്. ചില പിഴവുകള്‍ സംഭവിച്ചെങ്കിലും ഭേദപ്പെട്ട പ്രകടനം നടത്താന്‍ രാഹുലിനായി.
പീറ്റേഴ്‌സണിന്റെ വരവ് ഡല്‍ഹിക്ക് കരുത്തായി
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കുന്ന ടീമുകളിലൊന്നാണ് ഇപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ്. ആദ്യ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ പൊരുതി വീഴ്ത്തിയ ഡല്‍ഹി ഇപ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനേയും തോല്‍പ്പിച്ചിരിക്കുകയാണ്. തകര്‍പ്പന്‍ പ്രകടനത്തിലേക്ക് ഡല്‍ഹി മാറിയത് ആരാധകരേയും സംതൃപ്തരാക്കിയിരിക്കുകയാണ്. ഇടവേളക്ക് ശേഷം ഡല്‍ഹി കപ്പ് നേടുമെന്ന പ്രതീക്ഷ ഇപ്പോള്‍ ആരാധകര്‍ക്ക് ലഭിക്കുകയാണ്.

റിഷഭ് പന്തിനെ ഒഴിവാക്കിയതും ആ സ്ഥാനത്തേക്ക് കെ എല്‍ രാഹുല്‍ വന്നതും ഉള്‍പ്പെടെ വലിയ മാറ്റങ്ങള്‍ ഇത്തവണ ഡല്‍ഹിയില്‍ വന്നിട്ടുണ്ട്. ഇത്തവണത്തെ ഡല്‍ഹിയുടെ വലിയ മാറ്റങ്ങള്‍ക്ക് പിന്നില്‍ ഉപദേഷ്ടാവായ കെവിന്‍ പീറ്റേഴ്‌സണിന്റെ പങ്ക് വളരെ വലുതാണ്. ഡല്‍ഹിയെ സംതുലിതമായ ടീമാക്കി മാറ്റിയതിന് പിന്നില്‍ പീറ്റേഴ്‌സണിന്റെ ശക്തമായ ഇടപെടലുണ്ട്. കൃത്യമായി താരങ്ങളെ ഉപയോഗിക്കാനും യുവതാരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കി ഫോമിലേക്കെത്തിക്കാനും പീറ്റേഴ്‌സണ് സാധിക്കുന്നു.
അശുതോഷ് ശര്‍മ ഉള്‍പ്പെടെയുള്ള ഡല്‍ഹിയുടെ യുവ പ്രതിഭകളെ പിന്തുണക്കുന്ന പീറ്റേഴ്‌സണ്‍ ഇവര്‍ക്ക് ആത്മവിശ്വാസം നല്‍കി മികച്ച പ്രകടനങ്ങളിലേക്കുമെത്തിക്കുന്നു. ഇത്തവണത്തെ ഡല്‍ഹിയുടെ കുതിപ്പില്‍ പീറ്റേഴ്‌സണിന് വലിയ പങ്കുണ്ടെന്ന് തന്നെ പറയാം.