ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഇത്തവണ ഇതുവരെ കപ്പ് നേടാത്ത ടീമുകളുടെ മുന്നേറ്റമാണ് കാണാനാവുന്നത്. അതുകൊണ്ടുതന്നെ പോരാട്ടം കൂടുതല്‍ ആവേശകരമായി മാറുകയാണ്. ഇത്തവണ ആരാവും കിരീടത്തിലേക്ക് എത്തുകയെന്ന് പറയാനാവാത്ത അവസ്ഥയാണുള്ളതെന്ന് പറയാം. എന്നാല്‍ ആരാധകര്‍ വലിയ പ്രതീക്ഷവെച്ച ചില ടീമുകള്‍ തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. ഇതിലൊരു ടീമാണ് രാജസ്ഥാന്‍ റോയല്‍സ്.
സഞ്ജു സാംസണ്‍ നായകനായും രാഹുല്‍ ദ്രാവിഡ് പരിശീലകനായുമുള്ള രാജസ്ഥാനില്‍ നിന്ന് ആരാധകര്‍ വലിയ പ്രകടനം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ മികവിനൊത്തല്ല ടീം കളിക്കുന്നത്. ഒമ്പത് മത്സരത്തില്‍ ഏഴിലും രാജസ്ഥാന്‍ തോല്‍വി നേരിട്ടിരിക്കുകയാണ്. ഇതോടെ ടീമിന്റെ പ്ലേ ഓഫ് പ്രതീക്ഷകളും ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. ഇനിയുള്ള എല്ലാ മത്സരങ്ങള്‍ ജയിച്ചാലും രാജസ്ഥാന് പ്ലേ ഓഫ് പ്രയാസമായിരിക്കും. ഇത്തവണത്തെ ടീം തിരഞ്ഞെടുപ്പ് മുതല്‍ ടീമിന് തൊട്ടതെല്ലാം പിഴച്ചുവെന്ന് തന്നെ പറയാം.
നിലവിലെ രാജസ്ഥാന്‍ ടീമില്‍ ഷിംറോന്‍ ഹെറ്റ്‌മെയര്‍, ദ്രുവ് ജുറേല്‍, നിതീഷ് റാണ, തുഷാര്‍ ദെശപാണ്ഡെ തുടങ്ങിയവരെല്ലാമാണ് ടീമിന്റൈ പ്രധാന വില്ലന്മാര്‍. ഇവര്‍ക്കൊന്നും മികവിനൊത്ത പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുന്നില്ല. പ്ലേ ഓഫ് പ്രതീക്ഷ നഷ്ടപ്പെട്ട രാജസ്ഥാന് ശേഷിക്കുന്ന മത്സരങ്ങള്‍ ജയിക്കുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണെന്ന് തന്നെ പറയാം. എന്നാല്‍ ചില കേരള താരങ്ങളെ ടീമിലേക്ക് കൊണ്ടുവന്നാല്‍ രാജസ്ഥാന് തിരിച്ചുവരവ് പ്രയാസമാകില്ല. ഇത് ആരൊക്കെയാണെന്ന് നോക്കാം.
മുഹമ്മദ് അസ്ഹറുദ്ദീന്‍
കേരളത്തിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാനാണ് മുഹമ്മദ് അസ്ഹറുദ്ദീന്‍. കേരളത്തിനായി ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും പ്രകടനം നടത്തുന്ന അസ്ഹറുദ്ദീനെ ആര്‍സിബി ടീമിലേക്കെത്തിച്ചിരുന്നു. എന്നാല്‍ ഇത്തവണത്തെ മെഗാ ലേലത്തില്‍ അസ്ഹറുദ്ദീനെ വാങ്ങാന്‍ ആളുണ്ടായില്ല. നിലവില്‍ താരം കേരളത്തിനായി കളിക്കുന്നുണ്ട്. അസ്ഹറുദ്ദീനെ ടീമിലേക്ക് കൊണ്ടുവരുന്നത് രാജസ്ഥാന്‍ റോയല്‍സിന് വളരെയധികം ഗുണം ചെയ്യുമെന്ന കാര്യം ഉറപ്പാണ്. വെടിക്കെട്ട് നടത്താന്‍ ശേഷിയുള്ള താരത്തെ മൂന്നാം നമ്പറില്‍ കളിപ്പിക്കാം.

അതിവേഗം റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള താരത്തെ വിക്കറ്റ് കീപ്പറായും ഉപയോഗിക്കാം. മോശം ഫോമിലുള്ള ദ്രുവ് ജുറേലിനെ പുറത്തിരുത്താനും ഇതോടെ രാജസ്ഥാന് സാധിക്കും. നിലവില്‍ കേരളത്തിനായി കളിക്കുന്ന അസ്ഹറുദ്ദീനെ അനായാസം ടീമിലേക്കെത്തിക്കാന്‍ രാജസ്ഥാനാവും. നായകന്‍ സഞ്ജു സാംസണിനൊപ്പം നില്‍ക്കുന്ന താരമാണ് അസ്ഹറുദ്ദീന്‍. ഈ ബന്ധവും ടീമിന് ഗുണം ചെയ്യുമെന്ന കാര്യം ഉറപ്പാണ്.
അബ്ദുല്‍ ബാസിത്
രാജസ്ഥാന്‍ റോയല്‍സിന്റെ ഇപ്പോഴത്തെ പ്രധാന പ്രശ്‌നം മികച്ചൊരു ഓള്‍റൗണ്ടറുടെ അഭാവമാണ്. വനിന്‍ഡു ഹസരങ്കയെ ഓള്‍റൗണ്ടറായി പരിഗണിക്കുന്നത് തന്നെ ലോക മണ്ടത്തരമാണ്. അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരെപ്പോലൊരു സ്പിന്‍ ഓള്‍റൗണ്ടറെ രാജസ്ഥാന് ആവശ്യമാണ്. ഇതിന് രാജസ്ഥാന് പരിഗണിക്കാന്‍ കഴിയുന്ന താരമാണ് അബ്ദുല്‍ ബാസിത്. രാജസ്ഥാനായി ഒരു മത്സരം കളിച്ചിട്ടുള്ള താരമാണ് ബാസി. കേരള ക്രിക്കറ്റ് ലീഗില്‍ മികച്ച പ്രകടനം നടത്താന്‍ താരത്തിനായിരുന്നു.
13 വിക്കറ്റും രണ്ട് ഫിഫ്റ്റിയും നേടാന്‍ ബാസിത്തിനായി. ഡെത്തോവറുകളില്‍ സിക്‌സുകള്‍ നേടാന്‍ കഴിവുണ്ട്. ശുബം ദുബെയെപ്പോലെയുള്ള താരങ്ങളെ പരിഗണിക്കുന്നതിലും നല്ലത് ബാസിത്താണ്. വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ ബാസിത്തിനാവുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ രാജസ്ഥാന് അവസരം നല്‍കി നോക്കാവുന്നതാണ്.
സല്‍മാന്‍ നിസാര്‍
അനായാസം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള സല്‍മാന്‍ നിസാര്‍ ഏത് ബാറ്റിങ് പൊസിഷനിലും തിളങ്ങാന്‍ കഴിവുള്ളവനാണ്. തലശ്ശേരിക്കാരനായ സല്‍കാന്‍ കെസിഎല്ലില്‍ ഒരോവറില്‍ 23 റണ്‍സെടുത്ത് ടീമിനെ ജയിപ്പിച്ചിട്ടുണ്ട്. കേരളത്തിനായി രഞ്ജി ട്രോഫിയിലും ശോഭിക്കുന്ന സല്‍മാന്‍ സമ്മര്‍ദ്ദ ഘട്ടത്തില്‍ നന്നായി ബാറ്റ് ചെയ്യുന്നവനാണ്. ആംഗര്‍ റോളില്‍ കളിക്കാനും കടന്നാക്രമിച്ച് കളിക്കാനും മികവുള്ള സല്‍മാനെ കൊണ്ടുവന്നാല്‍ രാജസ്ഥാനത് വലിയ ഗുണം ചെയ്യുമെന്ന കാര്യം ഉറപ്പാണ്.