ഐപിഎല്ലില്‍ ഇതുവരെയുള്ള 17 സീസണുകളില്‍ ഒന്നു പോലും മിസ്സാവാതെ കളിച്ചിട്ടും ഒരിക്കല്‍പ്പോലും കിരീടമുയര്‍ത്താന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത ടീമുകളിുലൊന്നാണ് ഡല്‍ഹി ക്യാപ്പിറ്റള്‍സ്. ആദ്യം ഡല്‍ഹി ഡെയര്‍ഡെവിള്‍സെന്ന പേരിലെത്തിയ അവര്‍ ഒടുവില്‍ ഭാഗ്യം തേടി പേര് വരെ മാറ്റിയെങ്കിലും ഫലമുണ്ടായില്ല. ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയില്‍ ഒരു തവണ ഫൈനല്‍ കളിച്ചതൊഴിച്ചാല്‍ മറ്റൊരു സീസണിലും കിരീടത്തിന് അത്രയും അരികില്‍ ഡിസി എത്തിയിട്ടുമില്ല.
എന്നാല്‍ വരാനിരിക്കുന്ന 18ാം എഡിഷനില്‍ ഒരുപക്ഷെ ഡിസി ചരിത്രം തിരുത്തിയെഴുതിയേക്കും. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെ നായകനായി പ്രഖ്യാപിച്ച അവര്‍ വളരെ സന്തുലിതമായ ഒരു ടീമിനെയാണ് ഇത്തവണ അണിനിരത്തുന്നത്. പ്ലേഓഫില്‍ എത്തുക മാത്രമല്ല, ഒരുപക്ഷെ കിരീടം വരെ ഡിസി പൊക്കിയേക്കും. അതിനു ശേഷിയുള്ള അവരുടെ ടീം കോമ്പിനേഷന്‍ എ്ങ്ങനെയാണെന്നു നോക്കാം.

പുതിയ ടോപ്പ് 4
കഴിഞ്ഞ സീസണില്‍ നിന്നും തികച്ചും വ്യത്യസ്തമായ പുതിയ ലുക്കിലുള്ള ഒരു ടോപ്പ് ഫോറിനെയാണ് ഈ സീസണിലെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമില്‍ നമുക്കു കാണാന്‍ സാധിക്കുക. രണ്ടു വമ്പന്‍ താരങ്ങള്‍ ബാറ്റിങില്‍ ടീമിലേക്കു വന്നിരിക്കുന്നുവെന്നതാണ് എടുത്തു പറയേണ്ട കാര്യം. ഒരാള്‍ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുലാണെങ്കില്‍ മറ്റൊരാള്‍ സൗത്താഫ്രിക്കയുടെ മുന്‍ സൂപ്പര്‍ താരം ഫാഫ് ഡുപ്ലെസിയുമാണ്.
മെഗാ ലേലത്തിലാണ് ഈ രണ്ടു സ്റ്റൈലിഷ് ബാറ്റര്‍മാരെയും ഡിസി റാഞ്ചിയത്. ഇവര്‍ ടീമിന്റെ ബാറ്റിങ് നിരയിലുണ്ടാക്കുന്ന ഇംപാക്ട് വളരെ വലുതായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രാഹുലിനൊപ്പം ഓസ്‌ട്രേലിയുടെ ഇടിവെട്ട് ബാറ്ററും യുവതാരവുമായ ജാക്ക് ഫ്രേസര്‍ മഗ്യുര്‍ക്കും ചേര്‍ന്നായിരിക്കും ഡിസിക്കായി ഓപ്പണ്‍ ചെയ്‌തേക്കുക.
മൂന്നാമനായി അണ്‍ക്യാപ്ഡ് ഇന്ത്യന്‍ വിക്കറ്റ് വിക്കറ്റ് കീപ്പര്‍ അഭിഷേക് പൊറേലാണുള്ളത്. കഴിഞ്ഞ സീസണില്‍ ഡിസിക്കു വേണ്ടി ചില ശ്രദ്ധേയമായ ഇന്നിങ്‌സുകള്‍ താരം കാഴ്ചവച്ചിരുന്നു. അഗ്രസീവ് ഇന്നിങ്‌സുകള്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്ന പൊറേലില്‍നിന്നും ഇത്തവണയും ഡിസി പ്രതീക്ഷിക്കുന്നതു അതുപോലെയുള്ള പ്രകടനങ്ങളാണ്.
നാലാമനായിട്ടാണ് ഡുപ്ലെസി ബാറ്റിങിനെത്തുക. മുന്‍ ടീമുകളില്‍ അദ്ദേഹം ഓപ്പണറായിട്ടാണ് കളിച്ചിട്ടുള്ളതെങ്കിലും ഡിസിയില്‍ ഇതു ലഭിച്ചേക്കില്ല. എന്നാല്‍ ഓപ്പണിങില്‍ മാത്രമല്ല, മധ്യനിരയിലും മികച്ച ഇന്നിങ്‌സുകള്‍ കാഴ്ചവയ്ക്കാന്‍ ഡുപ്ലെസിക്കു സാധിക്കും. അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് ഡിസി മധ്യനിരയ്ക്കു വലിയ മുതല്‍ക്കൂട്ടായി മാറുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഓള്‍റൗണ്ടര്‍മാര്‍, ബൗളിങ്
ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഓള്‍റൗണ്ടര്‍മാരിലേക്കു വന്നാല്‍ അഞ്ചാമനായി സൗത്താഫ്രിക്കയുടെ ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, ആറാം നമ്പറില്‍ ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേല്‍ എന്നിവരാണുള്ളത്. ഇതിനു ശേഷം ഫിനിഷര്‍ അശുതോഷ് ശര്‍മയുടെ ഊഴമായിരിക്കും. സ്‌ഫോടനാത്മക ഇന്നിങ്‌സുകള്‍ കളിക്കാന്‍ ശേഷിയുള്ള താരമാണ് സ്റ്റബ്‌സ്. അദ്ദേഹത്തിന്റെ ബാറ്റ് തീതുപ്പിയാല്‍ എതിര്‍ ടീം ബൗളിങ് നിര തല്ലുവാങ്ങി കൂട്ടുമെന്ന കാര്യമുറപ്പാണ്.
അക്ഷറിനാവട്ടെ ബാറ്റിങ്, ബൗളിങ് എന്നിനവയ്‌ക്കൊപ്പം ഇത്തവണ ടീമിനെ നയിക്കുകയെന്ന അധികച്ചുമതല കൂടിയുണ്ടാവും. നിലവില്‍ മിന്നുന്ന ഫോമിലാണ് അദ്ദേഹം ഇന്ത്യക്കായി കളിക്കുന്നത്. ഐപിഎല്ലിലും ഇതു തുടരാമെന്ന ആത്മവിശ്വാസത്തിലാവും അക്ഷര്‍.
ഡിസിയുടെ സ്പിന്‍ ബൗളിങിന്റെ ചുമതല ഇന്ത്യന്‍ താരം കുല്‍ദീപ് യാദവിനായിരിക്കും. ടീമിലെ ഏക സ്‌പെഷ്യലിസ്റ്റ് സ്പിന്നറും അദ്ദേഹം തന്നെ. അതിനു ശേഷം പേസ് നിരയില്‍ ഓസ്‌ട്രേലിയയുടെ മിച്ചെല്‍ സ്റ്റാര്‍ക്ക്, ഇന്ത്യന്‍ താരങ്ങളായ ടി നടരാജന്‍, മുകേഷ് കുമാര്‍ എന്നിവരെയും കളിപ്പിക്കാം. ഇംപാക്ട് പ്ലെയറായി മോഹിത് ശര്‍മ, സമീര്‍ റിസ്വി എന്നിവരിലൊരാളെ ഡിസിക്കു സാഹചര്യമനുസരിച്ച് പരീക്ഷിക്കാം.
ഡല്‍ഹി ക്യാപ്പിറ്റല്‍സ് 11
കെഎല്‍ രാഹുല്‍, ജാക്ക് ഫ്രേസര്‍ മഗ്യുര്‍ക്ക്, അഭിഷേക് പൊറെല്‍, ഫാഫ് ഡുപ്ലെസി, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, അക്ഷര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), അശുതേഷ് ശര്‍മ, കുല്‍ദീപ് യാദവ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, ടി നടരാജന്‍, മുകഷ് കുമാര്‍.