വിശാഖപട്ടണം: ഐപിഎല്ലിലെ നാലാമങ്കത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ സ്‌ഫോടനാത്മക തുടക്കമാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു ലഭിച്ചിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട റിഷഭ് പന്തിന്റെ ടീം ആദ്യത്തെ 10 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ വാരിക്കൂട്ടിയത് 117 റണ്‍സാണ്.
മിച്ചെല്‍ മാര്‍ഷിന്റെ (34 ബോളില്‍ 64*) ഇടിവെട്ട് ഫിഫ്റ്റിയും നിക്കോളാസ് പൂരന്റെ (16 ബോളില്‍ 35*) തീപ്പൊരി ഇന്നിങ്‌സുമാണ് തുടക്കത്തില്‍ തന്നെ ഡിസിക്കു മേല്‍ ആധിപത്യം നേടാന്‍ ലഖ്‌നൗവിനെ സഹായിച്ചത്. അക്ഷര്‍ പട്ടേലിനു കീഴില്‍ ഡിസിയുടെ ആദ്യ മല്‍സരം കൂടിയാണിത്. അദ്ദേഹത്തിന്റെ മോശം ക്യാപ്റ്റന്‍സിയാണ് കകളിയില്‍ എല്‍എസ്ജിക്കു തകര്‍പ്പന്‍ തുടക്കം നല്‍കിയിരിക്കുന്നത്.

അക്ഷറിന്റെ ക്യാപ്റ്റന്‍സി
റിഷഭ് പന്തിനു പകരം ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ നായകസ്ഥാനം ലഭിച്ച അക്ഷര്‍ പട്ടേല്‍ വളരെ മികച്ച രീതിയില്‍ ടീമിനെ നയിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ ക്യാപ്റ്റനായുള്ള ആദ്യത്തെ കളിയില്‍ തന്നെ ചില അബദ്ധങ്ങള്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും സംഭവിച്ചിരിക്കുകയാണ്.
ഈ മല്‍സരത്തില്‍ ഡിസിക്കു വേണ്ടി ബൗളിങ് ഓപ്പണ്‍ ചെയ്തത് ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്കും അക്ഷറും ചേര്‍ന്നായിരുന്നു. മിച്ചെല്‍ മാര്‍ഷും എയ്ഡന്‍ മാര്‍ക്രവുമാണ് ലഖ്‌നൗവിനായി ഓപ്പണിങില്‍ ഇറങ്ങിയത്. ആദ്യ ഓവറില്‍ സ്റ്റാര്‍ക്ക് വിട്ടുകൊടുത്തത് ഏഴു റണ്‍സാണ്. അടുത്ത ഓവറില്‍ അക്ഷര്‍ അഞ്ചു റണ്‍സ് മാത്രമേ നല്‍കിയുള്ളൂ.
എന്നാല്‍ മൂന്നാം ഓവറില്‍ സ്റ്റാര്‍ക്കിനെതിരേ 21 റണ്‍സ് എല്‍എസ്ജി വാരിക്കൂട്ടി. രണ്ടു വീതം ഫോറും സിക്‌സറുമടക്കമായിരുന്നു ഇത്. നാലാം ഓവറില്‍ പന്തെറിഞ്ഞ അക്ഷര്‍ റണ്ണൗഴുക്കിനു തടയിട്ടു. ഏഴു റണ്‍സ് മാത്രമേ അദ്ദേഹം വഴങ്ങിയുളളൂ. അടുത്ത ഓവറില്‍ സര്‍പ്രൈസ് നീക്കത്തിലൂടെ സ്പിന്നര്‍ വിപ്രജ് നിഗത്തിനെ കൊണ്ടു വന്ന അക്ഷര്‍ ആദ്യ ബ്രേക്ക്ത്രൂ നേടി. മാര്‍ക്രമിനെയാണ് (15) താരം മടക്കിയത്. ഓവറില്‍ വന്നത്് 10 റണ്‍സ്.
രണ്ടോവറില്‍ വെറും 12 റണ്‍സ് മാത്രമെടുത്ത അക്ഷര്‍ തീര്‍ച്ചയായും ഒരോവര്‍ കൂടി പവര്‍പ്പേയില്‍ എറിയുമെന്നാണ് എല്ലാവരും ഉറപ്പിച്ചത്. പക്ഷെ ബൗളിങില്‍ നിന്നും സ്വയം പിന്‍മാറിയ അദ്ദേഹം മുകേഷ് കുമാറിനെയാണ് ആറാം ഓവറില്‍ കൊണ്ടു വന്നത്. പക്ഷെ 14 റണ്‍സ് എല്‍എസ്ജി അടിച്ചെടുത്തു. അക്ഷറായിരുന്നു ഈ ഓവര്‍ യഥാര്‍ഥത്തില്‍ എറിയേണ്ടിയിരുന്നത്. പക്ഷെ മുകേഷിനെ വിളിച്ച അദ്ദേഹം എല്‍എസ്ജിയുടെ സ്‌കോറിങിന് വേഗത കൂട്ടുകയാണ് ചെയ്തത്.

പവര്‍പ്ലേയ്ക്കു പിന്നാലെ തന്റെ തുറുപ്പുചീട്ടായ ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ കൊണ്ടുവന്ന് എല്‍എസ്ജിയുടെ കൂചട്ടുകെട്ട് തകര്‍ക്കാനുള്ള ശ്രമവും അദ്ദേഹം നടത്തിയത്. പകരം വിപ്രജിന് ഒരോവര്‍ കൂടി നല്‍കുകയാണ് ചെയ്തത്. ഈ ഓവറില്‍ പിറന്നത് 25 റണ്‍സാണ്. മൂന്നു സിക്‌സറുകളടക്കമാണിത്.
ഇതോടെ ഏഴോവര്‍ കഴിഞ്ഞപ്പോഴേക്കും എല്‍എസ്ജി ഒരു വിക്കറ്റിനു 89 റണ്‍സെന്ന വലിയ സ്‌കോറിലേക്കു കുതിക്കുകയും ചെയ്തിരുന്നു. എട്ടാം ഓവറില്‍ കുല്‍ദീപ് വരുമ്പോഴേക്കേും എല്‍എസ്ജി കളിയില്‍ പിടിമുറുക്കി കഴിഞ്ഞിരുന്നു. തന്റെ സ്‌ട്രൈക്ക് ബൗളറായ അദ്ദേഹത്തെ അക്ഷര്‍ കുറേക്കൂടി നേരത്തേ കൊണ്ടു വന്നിരുന്നെങ്കില്‍ ലഖ്‌നൗ ടീമിന്റെ റണ്ണൊഴുക്ക് തടയാന്‍ അക്ഷറിനു സാധിക്കുമായിരുന്നു.