ഐപിഎല്ലിന്റെ മെഗാ താരലേലം നാളെയും മറ്റെന്നാളുമായി സൗദി അറേബ്യയിലെ ജിദ്ദയില്‍ നടക്കാനിരിക്കുകയാണ്. ഇത്തവണത്തെ ലേലത്തില്‍ ഏറ്റവുമധികം മൂല്യമേറിയ താരമായി മാറുമെന്നു പ്രതീക്ഷിക്കപ്പെടുന്നത് ഇന്ത്യയുടെ സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ്. മാര്‍ക്വി താരങ്ങളുടെ ലിസ്റ്റിലുള്ള അദ്ദേഹത്തിന്റ അടിസ്ഥാന വില രണ്ടു കോടി രൂപയാണ്. പക്ഷെ ലേലത്തില്‍ ഇതു 20 കോടിക്കു മുകളില്‍ വരെ പോയേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കഴിഞ്ഞ സീസണ്‍ വരെ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമായിരുന്നു റിഷഭ്. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായി അദ്ദേഹത്തെ ഡിസി കൈവിടുകയായിരുന്നു. മെഗാ ലേലത്തില്‍ പല ഫ്രാഞ്ചൈസികളും ടീമിലെത്തിക്കാന്‍ ആഗ്രഹിക്കുന്ന താരമാണ് റിഷഭ്. പക്ഷെ ചില ടീമുകള്‍ക്കു മാത്രമേ ഇതിനുള്ള ശേഷിയുള്ളൂ. ലേലത്തില്‍ റിഷഭ് തങ്ങള്‍ക്കൊപ്പം വേണമെന്നു ആഗ്രഹിക്കുകയും പക്ഷെ അതിനു സാധിക്കാതെ പോവുകയും ചെയ്യാന്‍ സാധ്യതയുള്ള ടീമുകള്‍ ആരൊക്കെയാണെന്നു നോക്കാം.

ചെന്നൈ സൂപ്പര്‍ കിങ്‌സ്
അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ഈ ലിസ്റ്റിലെ ഒരു ടീം. നേരത്തേ സിഎസ്‌കെയുമായി ചേര്‍ത്ത് റിഷഭ് പന്തിന്റെ പേരില്‍ വാര്‍ത്തകള്‍ വന്നിരുന്നു. മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ പിന്‍ഗാമിയായി റിഷഭിനെയാണ് സിഎസ്‌കെ കൊണ്ടു വരികയെന്നായിരുന്നു അഭ്യൂഹങ്ങള്‍.
പക്ഷെ ലേലത്തില്‍ അവരുടെ ഈ ആഗ്രഹം നടക്കാനുള്ള സാധ്യത തീരെ കുറവാണ്. കാരണം 55 കോടി രൂപയാണ് ഇനി സിഎസ്‌കെയുടെ പഴ്‌സില്‍ ബാക്കിയുള്ളത്. ഇതില്‍ നിന്നും 20-25 കോടിയോളം രൂപ റിഷഭിനായി മുടക്കാന്‍ അവര്‍ക്കു സാധിക്കില്ല.
കാരണം ലേലത്തില്‍ ഒരുപാട് ഏരിയകളില്‍ അവര്‍ക്കു താരങ്ങളെ ആവശ്യമാണ്. അതുകൊണ്ടു തന്നെ റിഷഭിനേക്കാള്‍ അതിലായിരിക്കും അവര്‍ കൂടുതല്‍ ശ്രദ്ധിക്കുക. പഴ്‌സില്‍ ശേഷിച്ച തുക വളരെ ബുദ്ധിപൂര്‍വ്വം ചെലവഴിക്കാനായിരിക്കും സിഎസ്‌കെയുടെ പ്ലാന്‍.
മുംബൈ ഇന്ത്യന്‍സ്
ഐപിഎല്ലില്‍ അഞ്ചു തവണ ജേതാക്കളായിട്ടുള്ള മറ്റൊരു ടീമായ മുംബൈ ഇന്ത്യന്‍സും നോട്ടമിടുന്ന താരമാണ് റിഷഭ് പന്ത്. കാരണം ഇഷാന്‍ കിഷനെ ഒഴിവാക്കിയതിനാല്‍ പുതിയൊരു വിക്കറ്റ് കീപ്പറെ അടുത്ത സീസണില്‍ അവര്‍ക്കു ആവശ്യമാണ്. പക്ഷെ റിഷഭിനെ റാഞ്ചാനുള്ള മംബൈയുടെ മോഹം നടക്കാനുള്ള സാധ്യതയില്ല.
ലേലത്തിനു മുമ്പ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുള്‍പ്പെടെ അഞ്ചു പ്രധാനപ്പെട്ട താരങ്ങളെ നിലനിര്‍ത്തുന്നതിനു വേണ്ടി മാത്രം 75 കോടി രൂപ മുംബൈ ചെലവഴിച്ചു കഴിഞ്ഞു. ഇനി അവരുടെ പഴ്‌സില്‍ ശേഷിച്ചത് 45 കോടി മാത്രമാണ്.
ഈ തുക കൊണ്ടു വിക്കറ്റ് കീപ്പര്‍മാരെ മാത്രമല്ല മികച്ചൊരു ബൗളിങ് നിരയെയും മുംബൈയ്ക്കു തയ്യാറാക്കേണ്ടതുണ്ട്. റിഷഭിനെ വന്‍ തുകയ്ക്കു വാങ്ങിയാല്‍ അതു അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കും. അതിനാല്‍ റിഷഭിനെ വേണ്ടെന്നു വച്ച് തങ്ങളുടെ മുന്‍ താരമായ ഇഷാനെ തിരികെ വാങ്ങാനായിരിക്കും മുംബൈ ശ്രമിച്ചേക്കുകയെന്നാണ് സൂചനകള്‍.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്
കഴിഞ്ഞ സീസണിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് മെഗാ ലേലത്തില്‍ റിഷഭ് പന്തിനെ ടീമിലെത്തിക്കാന്‍ ആഗ്രഹിക്കുന്ന മൂന്നാമത്തെ ടീം. പക്ഷെ കെകെആറിനും ഈ മോഹം മാറ്റി ലവയ്‌ക്കേണ്ടതായി വരും. രണ്ടു അണ്‍ക്യാപ്ഡ് താരങ്ങളെയടക്കം ആറു കളിക്കാരെയാണ് ലേലത്തിനു മുമ്പ് കെകെആര്‍ നിലനിര്‍നിര്‍ത്തിയിട്ടുള്ളത്.
അതിനു ശേഷം 51 കോടി രൂപയാണ് അവരുടെ പഴ്‌സില്‍ ശേഷിച്ചത്. കെകെആറിനു പുതിയൊരു ക്യാപ്റ്റനെയും ലേലത്തില്‍ സ്വന്തമാക്കേണ്ടതുണ്ട്. റിഷഭനായി അവര്‍ രംഗത്തിറങ്ങുമെന്ന കാര്യമുറപ്പാണ്. പക്ഷെ ഒരു പരിധിക്കപ്പുറത്തേക്കു അദ്ദേഹത്തിനു മുടക്കാന്‍ കെകെആര്‍ തയ്യാറായേക്കില്ല.