ഐപിഎല്ലിന്റെ റീട്ടെന്‍ഷന്‍ ലിസ്റ്റ് ഈയാഴ്ച പ്രഖ്യാപിക്കാനിരിക്കെ ഓള്‍റൗണ്ട് പ്രകടനത്തിലൂടെ തന്റെ ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യന്‍സിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് യുവ ഓള്‍റൗണ്ടര്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. രഞ്ജി ട്രോഫി റെഡ് ബോള്‍ ടൂര്‍ണമെന്റില്‍ ഗോവയ്ക്കു വേണ്ടിയായിരുന്നു അദ്ദേഹം ബാറ്റിങിലും ബൗളിങിലും നിര്‍ണായക സംഭാവന നല്‍കിയത്. ഇതോടെ അടുത്ത വര്‍ഷത്തെ ഐപിഎല്ലിലും മുംബൈയുടെ നീലക്കുപ്പായത്തില്‍ അര്‍ജുനെ കാണാന്‍ സാധിക്കുമോയെന്നാണ് ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഐപിഎല്‍ മെഗാ ലേലത്തിനു മുമ്പ് ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തുന്ന കളിക്കാരുടെ ലിസ്റ്റ് സമര്‍പ്പിക്കാനുള്ള അവസാനത്തെ തിയ്യതി വ്യാഴാഴ്ചയാണ്. അര്‍ജുനെ മുംബൈ നിലനിര്‍ത്താനുള്ള സാധ്യത തീരെ കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെയാണ് തനിക്കു ഭാവിയില്‍ മികച്ചൊരു മാച്ച് വിന്നറായി മാറാന്‍ സാധിക്കുമെന്നു അര്‍ജുന്‍ തെളിയിച്ചിരിക്കുന്നത്.

ഗോവയ്ക്കായി മിന്നിച്ചു
രഞ്ജി ട്രോഫിയില്‍ നാഗാലാന്‍ഡുമായുള്ള കളിയിലായിരുന്നു അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ ഓള്‍റൗണ്ട് പ്രകടനം. നേരത്തേ ആദ്യത്തെ കളിയില്‍ താരത്തെ ഗോവ പുറത്ത് ഇരുത്തിയിരുന്നു. രണ്ടാമങ്കത്തില്‍ സിക്കിമിനെതിരേയാണ് അര്‍ജുന്‍ ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ടത്. മിന്നുന്ന പ്രകടനവുമായി ടീമിലേക്കുള്ള തിരിച്ചുവരവ് താരം ആഘോഷിക്കുകയും ചെയ്തു.
രണ്ടിന്നിങ്‌സുകളിലായി ആറു വിക്കറ്റുകളാണ് അര്‍ജുന്‍ പിഴുതത്. ആദ്യ ഇന്നിങ്‌സില്‍ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയ അദ്ദേഹം രണ്ടാമിന്നിങ്‌സില്‍ നാലു വിക്കറ്റുകളും പോക്കറ്റിലാക്കുകയായിരുന്നു. റണ്‍ചേസില്‍ സിക്കിമിന്റെ രണ്ടു ഓപ്പണര്‍മാരെയും വളര പെട്ടെന്നു പുറത്താക്കാന്‍ അര്‍ജുന് സാധിക്കുകയും ചെയ്തു. ഈ മല്‍സരത്തില്‍ ഗോവ ഇന്നിങ്‌സിനും 53 റണ്‍സിനും സിക്കിമിനെ തകര്‍ത്തുവിട്ടിരുന്നു.
ഈ മാച്ച് വിന്നിങ് പ്രകടനത്തിനു ശേഷമാണ് നാഗാലാന്‍ഡുമായി ഇപ്പോള്‍ നടക്കുന്ന കളിയിലും അര്‍ജുന്‍ ഗോവയുടെ തുറുപ്പുചീട്ടായി മാറിയത്. ടീമിനു തുടക്കത്തില്‍ തന്നെ ബ്രേക്ക്ത്രൂ നല്‍കാന്‍ ഇടംകൈയന്‍ പേസര്‍ക്കു സാധിച്ചു. മൂന്നു റണ്‍സ് മാത്രമെടുത്ത അവരുടെ ഓപ്പണറെ അര്‍ജുന്‍ പുറത്താക്കുകയായിരുന്നു. അതിനു ശേഷം രണ്ടു വിക്കറ്റുകള്‍ കൂടി ആദ്യ ഇന്നിങ്‌സില്‍ താരം നേടി. 15 ഓവറില്‍ അഞ്ചു മെയ്ഡനടക്കം 27 റണ്‍സിന് മൂന്നു വിക്കറ്റുകളെന്നതായിരുന്നു അര്‍ജുന്റെ പ്രകടനം.
അതിനു ശേഷമാണ് ബാറ്റിങിലും അര്‍ജുന്‍ ഗോവയുടെ രക്ഷയ്‌ക്കെത്തിയത്. അഗ്രസീവ് ബാറ്റിങ് പുറത്തെടുത്ത താരം 39 ബോളില്‍ 42 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. ഇതു ഗോവയെ 306 റണ്‍സിലെത്തിക്കുന്നതില്‍ നിര്‍ണായകമായി മാറുകയും ചെയ്തു.
ഗോവയ്ക്കായി രഞ്ജിയില്‍ നടത്തിക്കൊണ്ടിരിക്കുന്ന അര്‍ജുന്റെ പ്രകടനം ഐപിഎല്ലിലെ പല ഫ്രാഞ്ചൈസികളും ശ്രദ്ധിക്കുമെന്നുറപ്പാണ്. മുംബൈ ഇന്ത്യന്‍സ് കൈവിട്ടാല്‍ മെഗാ ലേലത്തില്‍ മറ്റൊരു ടീം അദ്ദേഹത്തിനായി രംഗത്തു ഇറങ്ങുമെന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
2021 മുതല്‍ മുംബൈയില്‍
2021ലെ ഐപിഎല്‍ സീസണ്‍ മുതല്‍ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഭാഗമാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. അതിനു മുമ്പ് മുംബൈയുടെ നെറ്റ് ബൗളര്‍മാരുടെ സംഘത്തിലെ സ്ഥിരം സാന്നിധ്യവുമായിരുന്നു താരം. 2021ലെ മിനി താരലേലത്തില്‍ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കു അര്‍ജുനെ മുംബൈ സ്വന്തമാക്കുകയും ചെയ്തു.

2022ലെ മെഗാ ലേലത്തിലും അദ്ദേഹത്തെ മുംബൈ 30 ലക്ഷം രൂപയ്ക്കു നിലനിര്‍ത്തി. പക്ഷെ രണ്ടു സീസണുകളിലും മുംബൈയ്ക്കായി ഒരു മല്‍സരം പോലും കളിക്കാനുള്ള ഭാഗ്യം അര്‍ജുനുണ്ടായില്ല. എങ്കിലും 2023ലും അര്‍ജുനെ മുംബൈ കൈവിട്ടില്ല. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലിലൂടെ ഒടുവില്‍ താരം അരങ്ങേറുകയും ചെയ്തു.
മുംബൈയ്ക്കായി നാലു മല്‍സരങ്ങളിലാണ് അര്‍ജുന്‍ കളിച്ചത്. 9.36 ഇക്കോണമി റേറ്റില്‍ മൂന്നു വിക്കറ്റുകളും വീഴ്ത്തി. അവസാനത്തെ ഐപിഎല്ലില്‍ ഒരേയൊരു മല്‍സരം മാത്രമേ താരത്തെ മുംബൈ കളിപ്പിച്ചുള്ളൂ. ഇവയില്‍ 14 ബോളുകളെറിഞ്ഞ അര്‍ജുന്‍ 22 റണ്‍സും വിട്ടുകൊടുത്തു. പക്ഷെ വിക്കറ്റുകളൊന്നും നേടാനായില്ല.