മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ കരുത്തുറ്റ ടീമുമായി ഇറങ്ങിയ ടീമാണ് മുംബൈ ഇന്ത്യന്‍സ്. പേപ്പറിലെ കണക്കുകളില്‍ എല്ലാ എതിരാളികളേയും വിറപ്പിക്കുന്ന നിരയാണ് മുംബൈയുടേതെന്ന് പറയാം. എന്നാല്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ ടീമിന് സാധിക്കാതെ പോയി. ആദ്യ നാല് മത്സരത്തില്‍ മൂന്നിലും ടീം തോറ്റു. ആര്‍സിബിക്കെതിരേ തട്ടകത്തിലിറങ്ങിയ മുംബൈ ടോസ് നേടി ആദ്യം പന്തെറിയാനാണ് തീരുമാനിച്ചത്.
ആദ്യം ബാറ്റ് ചെയ്യാനെത്തിയ ആര്‍സിബി മുംബൈക്കെതിരേ തുടക്കം മുതല്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ട്രന്റ് ബോള്‍ട്ട്, ദീപക് ചഹാര്‍, ജസ്പ്രീത് ബുംറ എന്നീ ലോകോത്തര ബൗളര്‍മാര്‍ ഉണ്ടായിട്ടും പവര്‍പ്ലേയില്‍ ആര്‍സിബി നേടിയത് 73 റണ്‍സാണ്. ഫില്‍ സാള്‍ട്ട് ആദ്യ പന്തില്‍ ഫോര്‍ നേടിയ ശേഷം രണ്ടാം പന്തില്‍ പുറത്തായി. എന്നാല്‍ വിരാട് കോലിയും ദേവ്ദത്ത് പടിക്കലും ചേര്‍ന്ന് മുംബൈ ബൗളര്‍മാര്‍ക്ക് മുകളില്‍ സര്‍വാധിപത്യം കാട്ടുകയായിരുന്നു.
ഇപ്പോഴിതാ മുംബൈ ബൗളര്‍മാര്‍ തല്ലുകൊള്ളുന്നതിന് പിന്നാലെ ആരാധകര്‍ സംശയം ഉയര്‍ത്തി രംഗത്തെത്തിയിരിക്കുകയാണ്. നായകന്‍ ഹാര്‍ദിക് പാണ്ഡ്യയോട് മുംബൈ താരങ്ങള്‍ പ്രതികാരം വീട്ടുകയാണോ എന്ന സംശയമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. ഇതിന്റെ തെളിവായി കഴിഞ്ഞ മത്സരങ്ങളിലെ പ്രകടനങ്ങളാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.
ഹാര്‍ദിക്കിനെ ഒതുക്കാനുള്ള നീക്കം
മുംബൈ ഇന്ത്യന്‍സ് താരസമ്പന്നമാണ്. രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്ന് മാറ്റാന്‍ തീരുമാനിച്ചപ്പോള്‍ മുംബൈ ടീമില്‍ത്തന്നെ പകരം നായകനാക്കാന്‍ സാധിക്കുന്നവരുണ്ടായിരുന്നു. എന്നാല്‍ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് ഹാര്‍ദിക്കിനെ തിരികെ കൊണ്ടുവന്ന് നായകസ്ഥാനം നല്‍കിയത് എല്ലാവര്‍ക്കും നിരാശയുണ്ടാക്കിയിരുന്നു. രോഹിത് ശര്‍മയുടെ കീഴില്‍ വളര്‍ന്ന ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ് എന്നിവരെയെല്ലാം മറികടന്നാണ് ഹാര്‍ദിക് നായകനായത്.
അവസാന സീസണില്‍ ടീമിനുള്ളില്‍ വലിയ പൊട്ടിത്തെറികളുള്ളതിനാല്‍ ടീം അവസാന സ്ഥാനത്തേക്ക് പോയി. ഇത്തവണയും ടീമിനുള്ളില്‍ കാര്യങ്ങള്‍ ശുഭകരമല്ലെന്ന് തന്നെ പറയാം. കണക്കുകള്‍ നോക്കുമ്പോള്‍ ഏറ്റവും ശക്തമായ നിരയാണ് മുംബൈയുടേത്. എന്നാല്‍ ഇവരൊന്നും പ്രതീക്ഷ കാക്കുന്നില്ല. ഇതിന് പിന്നില്‍ ഹാര്‍ദിക്കിനെ ഒതുക്കാനുള്ള നീക്കമാണെന്നാണ് ഒരു വിഭാഗം ആരാധകര്‍ സംശയം ഉന്നയിക്കുന്നത്. ഹാര്‍ദിക് ടീമില്‍ ഒറ്റപ്പെടുകയാണെന്നാണ് ഇവര്‍ ആരോപിക്കുന്നത്.
ഹാര്‍ദിക്കിന്റെ വാക്കുകളില്‍ നിരാശ
ടോസിന്റെ സമയത്ത് ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞ വാക്കുകളില്‍ നിരാശ പ്രകടമാണെന്നാണ് ആരാധകര്‍ പറയുന്നത്. ടീമിന്റെ ആരാധകര്‍ ശക്തി നല്‍കുന്നുവെന്ന് പറയുമ്പോഴും അവര്‍ ഹാര്‍ദിക്കിനെ പിന്തുണക്കുന്നില്ലെന്ന് അദ്ദേഹം പറയാതെ പറഞ്ഞിരിക്കുകയാണ്. മുംബൈയില്‍ ആര്‍സിബി ബാറ്റ് ചെയ്യുമ്പോള്‍ കോലിക്കായാണ് കൂടുതല്‍ ആരാധകരും ആര്‍പ്പ് വിളിക്കുന്നത്. ടീമിന്റെ വിജയത്തിനായി ഹാര്‍ദിക് പൊരുതുമ്പോഴും പിന്തുണ നല്‍കാന്‍ സഹതാരങ്ങള്‍ക്കാവുന്നില്ല.

രോഹിത് ശര്‍മയെ ഇംപാക്ട് പ്ലയറാക്കിയാണ് ഹാര്‍ദിക് ഉപയോഗിക്കുന്നത്. സീനിയര്‍ താരമായ രോഹിത് അഞ്ച് തവണ മുംബൈയെ കിരീടം ചൂടിച്ച നായകനാണ്. എന്നാല്‍ രോഹിത്തിന്റെ ഉപദേശം കളത്തില്‍ ലഭിക്കാത്ത തരത്തില്‍ ബാറ്റിങ്ങിലേക്ക് മാത്രമായി ഹാര്‍ദിക് ഒതുക്കുകയാണെന്ന ആക്ഷേപം ഒരു വിഭാഗത്തിനുണ്ട്. മുംബൈ ടീമിലെ മിക്ക താരങ്ങളും രോഹിത്തിനെ കൂടുതല്‍ പിന്തുണക്കുന്നു. നായകനെന്ന നിലയില്‍ ഹാര്‍ദിക്കിന് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്നതാണ് ഇവര്‍ ആരോപിക്കുന്നത്.
തിലക് വര്‍മയുടെ പ്രകടനവും സംശയകരം
ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനോട് മുംബൈ തോറ്റ മത്സരത്തില്‍ തിലക് വര്‍മയുടെ പ്രകടനമാണ് നിരാശപ്പെടുത്തിയത്. താരം നടത്തിയ മെല്ലപ്പോക്ക് മുംബൈയുടെ തോല്‍വിക്ക് കാരണമായി. ഒടുവില്‍ റിട്ടേര്‍ഡ് ഔട്ടായി തിലകിന് പുറത്തുപോകേണ്ടി വന്നു. ടീമിനുള്ളില്‍ ഹാര്‍ദിക്കിനെതിരേ ഇപ്പോഴും പടയൊരുക്കം നടക്കുകയാണെന്നും ഇത് ടീമിന്റെ തോല്‍വിക്ക് കാരണമാവുന്നുണ്ടെന്നുമാണ് ആരാധക പക്ഷം. എന്തായാലും ഹാര്‍ദിക്കിന് നായകനെന്ന നിലയില്‍ പ്രതീക്ഷിച്ച പിന്തുണ ടീമില്‍ ലഭിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണെന്ന് തന്നെ പറയാം.