ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ നിര്‍ഭാഗ്യവാന്മാരായ താരങ്ങളിലൊരാളാണ് കരുണ്‍ നായര്‍. വീരേന്ദര്‍ സെവാഗിന് ശേഷം ഇന്ത്യക്കായി ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന താരമായിട്ടും കരുണ്‍ നായരുടെ കരിയര്‍ പിന്നോട്ട് പോവുകയായിരുന്നു. ഇന്ത്യന്‍ ടീമിലും ഐപിഎല്ലിലും പ്രതീക്ഷിച്ച വളര്‍ച്ച കൈവരിക്കാന്‍ കരുണിന് സാധിച്ചില്ല. പ്രതിഭാശാലിയായ താരമായിട്ടും വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്നതാണ് വസ്തുത. ക്ലാസിക് ശൈലിയില്‍ റണ്‍സുര്‍ത്താന്‍ കരുണിന് സാധിക്കുന്നുണ്ട്.
മൂന്ന് വര്‍ഷത്തോളമായി ഐപിഎല്ലില്‍ പോലും വേണ്ടത്ര മികവ് കാട്ടാന്‍ കരുണിന് സാധിച്ചിരുന്നില്ല. ഇപ്പോഴിതാ മുംബൈക്കെതിരേ ഡല്‍ഹിക്കായി തകര്‍പ്പന്‍ പ്രകടനം നടത്തിയിരിക്കുകയാണ് കരുണ്‍. ഡല്‍ഹി തോറ്റെങ്കിലും 40 പന്തില്‍ 89 റണ്‍സാണ് കരുണ്‍ നേടിയത്. 12 ഫോറും അഞ്ച് സിക്‌സും കരുണ്‍ പറത്തി. സെഞ്ച്വറി അര്‍ഹിച്ചിരുന്നെങ്കിലും മിച്ചല്‍ സാന്റ്‌നറുടെ തകര്‍പ്പന്‍ പന്തില്‍ കരുണ്‍ ക്ലീന്‍ബൗള്‍ഡാവുകയായിരുന്നു. ഇന്ത്യന്‍ ടീമിലേക്ക് ഗംഭീര തിരിച്ചുവരവ് കാത്തിരിക്കുകയാണ് കരുണ്‍ നായര്‍.
ഇതിന് കരുത്ത് പകരുന്നതാണ് മുംബൈക്കെതിരായ പ്രകടനമെന്ന് തന്നെ വിലയിരുത്താം. ഇപ്പോഴിതാ ഡല്‍ഹിക്കൊപ്പമുള്ള പ്രകടനത്തിന് പിന്നാലെ കരുണിനെ ഇന്ത്യ ടീമിലേക്ക് വിളിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് അമ്പാട്ടി റായുഡു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്നാണ് റായുഡു ആവശ്യപ്പെടുന്നത്.
അവന്‍ തിരിച്ചുവരവ് അര്‍ഹിക്കുന്നു
കരുണ്‍ നായരെ എല്ലാവരും തഴഞ്ഞ സമയത്തും പ്രകടനമികവുകൊണ്ട് താരം വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്. ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയോടെ മിന്നിച്ചാണ് കരുണ്‍ കരുത്തുകാട്ടിയത്. രഞ്ജി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും തകര്‍പ്പന്‍ പ്രകടനം നടത്താന്‍ കരുണിനായിരുന്നു. ഈ പ്രകടനമികവാണ് അദ്ദേഹത്തിന് ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് വിളി നേടിക്കൊടുത്തത്. 50 ലക്ഷം രൂപ പ്രതിഫലത്തിലാണ് കരുണിനെ ഡല്‍ഹി ടീമിലെടുത്തത്.
ആദ്യ മത്സരങ്ങളിലൊന്നും അവസരം ലഭിക്കാതിരുന്ന കരുണിന് ഇപ്പോള്‍ സുവര്‍ണ്ണാവസരമാണ് ലഭിച്ചിരിക്കുന്നത്. ലഭിച്ച അവസരം താരം മുതലാക്കുകയും ചെയ്തു. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ കരുണിനെ ടീമിലേക്ക് പരിഗണിച്ചേക്കുമെന്ന റിപ്പോര്‍ട്ട് നേരത്തെ മുതല്‍ ഉണ്ടായിരുന്നു. നിലവിലെ പ്രകടനം താരത്തിന് ടീമിലേക്ക് വിളി ലഭിക്കാന്‍ ഗുണം ചെയ്യുന്നതാണെന്നുറപ്പ്. കരുണിന്റെ പ്രതിഭയെ വിലകുറച്ച് കാണാനാവില്ല. ഇനിയും ഇന്ത്യക്കായി വമ്പന്‍ പ്രകടനം നടത്താന്‍ കരുണിന് സാധിച്ചേക്കും.

കരുണ്‍ പോരാളിയെന്ന് റായുഡു
കരുണ്‍ നായര്‍ തോറ്റ് കൊടുക്കാത്ത പോരാളിയാണെന്നാണ് റായുഡു പറയുന്നത്. അതിവേഗം റണ്‍സുയര്‍ത്താന്‍ ശേഷിയുള്ളതുപോലെ നിലയുറപ്പിച്ച് ക്ലാസിക് ഇന്നിങ്‌സ് കളിക്കാനും താരത്തിന് ശേഷിയുണ്ട്. തഴയപ്പെടലിന് മുന്നില്‍ തോറ്റ് കൊടുക്കാതെ പൊരുതാന്‍ കരുണിന് സാധിക്കുന്നുണ്ട്. 'ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിപ്പോവുകയെന്നത് ഒട്ടും എളുപ്പമല്ല. ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് രണ്ടാമതൊരു മടങ്ങിവരവ് വളരെ ദുഷ്‌കരമാണ്. മാനസികമായി ഈ സമയത്ത് കൂടുതല്‍ തളര്‍ന്ന് പോകും. കുറേ ആളുകള്‍ നമ്മളെ എഴുതിത്തള്ളാനുണ്ടാവും.
ക്രിക്കറ്റ് വളരെ വേഗത്തില്‍ മുന്നോട്ട് പോകുന്ന കളിയാണ്. എന്നാല്‍ കരുണ്‍ നായര്‍ ഇതിനൊപ്പം നീങ്ങുന്നു. കഠിനാധ്വാനം ചെയ്യുകയും വിട്ടുകൊടുക്കാതെ പോരാടുകയും ചെയ്യുന്നു. ഇന്ത്യക്കായി തിരിച്ചുവരവ് നടത്താനാവുമെന്ന് ഇപ്പോഴും അവന്‍ വിശ്വസിക്കുന്നു. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ വിമാനത്തില്‍ കരുണ്‍ നായരും ഇടം അര്‍ഹിക്കുന്നുണ്ട്' റായുഡു പറഞ്ഞു. ഇന്ത്യയുടെ സമീപകാലത്തെ ടെസ്റ്റ് പരമ്പരകളിലെ പ്രകടനങ്ങളെല്ലാം മോശമാണ്.
വിദേശ പര്യടനങ്ങളിലെല്ലാം നാണംകെടുകയാണ് ഇന്ത്യ. ഈ സാഹചര്യത്തില്‍ ശക്തമായൊരു തിരിച്ചുവരവ് ഇന്ത്യ ആഗ്രഹിക്കുന്നു. ഇതിന് ടീമില്‍ അഴിച്ചുപണി അത്യാവശ്യമാണ്. കരുണ്‍ നായര്‍ ഇന്ത്യക്ക് പരിഗണിക്കാവുന്ന താരമാണ്. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് അവസരം ലഭിച്ചാല്‍ കരുണ്‍ അവസരം മുതലാക്കുമെന്നുറപ്പാണ്.