ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുമ്പായുള്ള മെഗാ താരലേലം നടക്കാന്‍ പോവുകയാണ്. പരമാവധി അഞ്ച് താരങ്ങളെ ഇത്തവണ നിലനിര്‍ത്താന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ വന്നാലും വലിയ പൊളിച്ചെഴുത്ത് ടീമുകളില്‍ നടത്തേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്. അടുത്ത സീസണില്‍ രാജസ്ഥാന്‍ റോയല്‍സില്‍ വലിയ മാറ്റങ്ങളുണ്ടായേക്കും. രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്റെ മുഖ്യ പരിശീലകസ്ഥാനത്തേക്കെത്തിയിട്ടുണ്ട്.
വിക്രം റാത്തോറിനെ ബാറ്റിങ് പരിശീലകനായും കൊണ്ടുവന്ന രാജസ്ഥാന്‍ സഞ്ജു സാംസണെ നായകനായി നിലനിര്‍ത്തുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. ജോസ് ബട്‌ലര്‍, യശ്വസി ജയ്‌സ്വാള്‍ എന്നിവരേയും രാജസ്ഥാന്‍ നിലനിര്‍ത്താനാണ് സാധ്യത. ട്രന്റ് ബോള്‍ട്ട്, റിയാന്‍ പരാഗ്, ദ്രുവ് ജുറേല്‍ എന്നിവരില്‍ ആരെയെങ്കിലും നിലനിര്‍ത്തുമോയെന്നതാണ് അറിയേണ്ടത്. രാജസ്ഥാന് അടുത്ത സീസണില്‍ ഏറ്റവും അത്യാവശ്യം മികച്ച പേസ് ഓള്‍റൗണ്ടറാണ്. രാജസ്ഥാന്‍ നോട്ടമിടുന്ന ഓള്‍റൗണ്ടര്‍മാര്‍ ആരൊക്കെയെന്ന് അറിയാം.
വാഷിങ്ടണ്‍ സുന്ദര്‍
നിലവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഭാഗമായിട്ടുള്ള താരമാണ് വാഷിങ്ടണ്‍ സുന്ദര്‍. ഹൈദരാബാദ് സുന്ദറിനെ നിലനിര്‍ത്താന്‍ സാധ്യതയില്ല. അവസാന സീസണില്‍ വളരെ കുറച്ച് അവസരങ്ങളാണ് സുന്ദറിന് ലഭിച്ചത്. ഇത്തവണ ലേലത്തിലേക്കെത്തിയാല്‍ സുന്ദറിന് ആവശ്യക്കാര്‍ ഉണ്ടാവുമെന്നുറപ്പ്. വലിയ പ്രതിഫലമില്ലാതെ ടീമിലെത്തിക്കാന്‍ സാധിക്കുന്ന ഓള്‍റൗണ്ടറാണ് വാഷിങ്ടണ്‍ സുന്ദര്‍. ലേലത്തിലേക്കെത്തിയാല്‍ രാജസ്ഥാന്‍ സുന്ദറിനെ സ്വന്തമാക്കാന്‍ ശ്രമിച്ചേക്കും.
ഇടം കൈയന്‍ ബാറ്റ്‌സ്മാനും വലം കൈയന്‍ സ്പിന്നറുമായ സുന്ദര്‍ മധ്യനിരയില്‍ മാച്ച് വിന്നറായിട്ടുള്ള താരമാണ്. ഇന്ത്യന്‍ ടീമിലും ഇടമുള്ള സുന്ദറിനെ ടീമിലെത്തിച്ചാല്‍ ആര്‍ അശ്വിന് പകരക്കാരനായി രാജസ്ഥാന് പരിഗണിക്കാം. അശ്വിന്‍ രാജസ്ഥാന്‍ വിട്ട് സിഎസ്‌കെയിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ടുള്ളത്.

നിതീഷ് കുമാര്‍ റെഡ്ഡി
അവസാന സീസണിലെ മികച്ച കണ്ടെത്തലുകളിലൊന്നാണ് നിതീഷ് കുമാര്‍ റെഡ്ഡി. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായ നിതീഷ് അവസാന സീസണില്‍ ഓള്‍റൗണ്ട് പ്രകടനത്തോടെ കൈയടി നേടിയ താരമാണ്. 303 റണ്‍സ് നേടാന്‍ 21കാരനായ താരത്തിനായി. മീഡിയം പേസുകൊണ്ടും ടീമിന് മുതല്‍ക്കൂട്ടാവാന്‍ നിതീഷിനാവും. ഹൈദരാബാദിന് നിതീഷിനെ ടീമില്‍ നിലനിര്‍ത്തുകയെന്നത് പ്രയാസമാണ്. ലേലത്തിലേക്കെത്തിപ്പെട്ടാല്‍ നിതീഷിനായി രാജസ്ഥാന്‍ രംഗത്തെത്താന്‍ സാധ്യത കൂടുതല്‍. വലിയ ഭാവിയുള്ള താരമാണ് നിതീഷ്.
വെങ്കടേഷ് അയ്യര്‍
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മാച്ച് വിന്നര്‍മാരിലൊരാളാണ് വെങ്കടേഷ് അയ്യര്‍. ഇടം കൈയന്‍ മീഡിയം പേസ് ഓള്‍റൗണ്ടറായ വെങ്കടേഷ് ഇന്ത്യക്കായടക്കം കളിച്ചിട്ടുള്ള താരമാണ്. അവസാന സീസണിലടക്കം കെകെആറിനെ കപ്പിലേക്കെത്തിക്കാന്‍ മികച്ച പ്രകടനത്തോടെ കൈയടി നേടാന്‍ വെങ്കടേഷിന് സാധിച്ചിരുന്നു. എന്നാല്‍ കെകെആര്‍ താരത്തെ ഒഴിവാക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള വെങ്കടേഷിനെ രാജസ്ഥാന്‍ ടീമിലെത്തിക്കാന്‍ ശ്രമിക്കുമെന്നുറപ്പാണ്.
ദീപക് ചഹാര്‍
ഇന്ത്യയുടെ മീഡിയം പേസ് ഓള്‍റൗണ്ടറായ ദീപക് ചഹാറിനെ അടുത്ത സീസണില്‍ സിഎസ്‌കെ ഒഴിവാക്കിയേക്കും. സ്വിങ് പേസറായ ദീപക് ഭേദപ്പെട്ട നിലയില്‍ ബാറ്റ് ചെയ്യാനും കഴിവുള്ളവനാണ്. സമീപകാലത്തായി പരിക്ക് വേട്ടയാടുന്ന താരമാണ് ദീപക്. അതുകൊണ്ടുതന്നെ സിഎസ്‌കെ ദീപക്കിനെ ഒഴിവാക്കിയേക്കും. സന്ദീപ് ശര്‍മയെ ഒഴിവാക്കി ആ സ്ഥാനത്തേക്ക് ദീപക്കിനെ രാജസ്ഥാന്‍ പരിഗണിക്കാന്‍ സാധ്യതയുണ്ട്.