ചണ്ഡീഗഡ്: പഞ്ചാബ് കിങ്‌സുമായുള്ള ഐപിഎല്‍ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഞെട്ടിക്കുന്ന പരാജയത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് നായകന്‍ അജിങ്ക്യ രഹാനെ. കൡയിലെ ടേണിങ് പോയിന്റായി മാറിയ തന്റെ എല്‍ബിഡബ്ല്യു തീരുമാനത്തെതിരേ എന്തു കൊണ്ട് റിവ്യു എടുത്തില്ലെന്നും അദ്ദേഹം വെൡപ്പെടുത്തി. പോസ്റ്റ് മാച്ച് ഷോയില്‍ സംസാരിക്കുകയായിരുന്നു രഹാനെ.
ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും ചെറിയ ടോട്ടലായ 111 റണ്‍സ് പ്രതിരോധിച്ചാണ് കെകെആറിനെ പഞ്ചാബ് വീഴ്ത്തിയത്. അവര്‍ നല്‍കിയ 112 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം കെകെആറിനു എത്തിപ്പിടിക്കാനായില്ല. വെറും 95 റണ്‍സിനു രഹാനെയും സംഘവും കൂടാരം കയറുകയും ചെയ്തു.

പിഴവ് എന്റേത്
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ തോല്‍വിയില്‍ പിഴവ് തന്റേതു തന്നെയാണെന്നും അതു സ്വയം സമ്മതിക്കുന്നതായും അജിങ്ക്യ രഹാനെ. 112 റണ്‍സ് ചേസ് ചെയ്യവെ തുടക്കം പാളിയെങ്കിലും പിന്നീട് തിരിച്ചുവന്ന കെകെആര്‍ ഒരു ഘട്ടത്തില്‍ വിജയപ്രതീക്ഷയിലായിരുന്നു. രണ്ടു വിക്കറ്റിനു 62 റണ്‍സില്‍ നിന്നാണ് 15.1 ഓവറില്‍ വെറും 95നു കൊല്‍ക്കത്ത ടീം ഓള്‍ഔട്ടായത്.
കെകെആറിന്റെ ഈ കൂട്ടത്തകര്‍ച്ചയ്ക്കു തുടക്കമിട്ടതാവട്ടെ രഹാനെയുമായിരുന്നു. യുസ്വേന്ദ്ര ചഹലെറിഞ്ഞ എട്ടാം ഓവറിലെ നാലാമത്തെ ബോളിലാണ് അദ്ദേഹം പുറത്തായത്. ചഹലെറിഞ്ഞ ഗൂഗ്ലിക്കെതിരേ സ്വീപ്പ് ഷോട്ടിനു ശ്രമിച്ച രഹാനെ വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു. ബാറ്റിങ് പങ്കാളിയായ യുവതാരം ആംഗ്രിഷ് രഘുവംശിയുമായി സംസാരിച്ച ശേഷം റവ്യു എടുക്കാതെ അദ്ദേഹം മടങ്ങുകയും ചെയ്തു.
എന്നാല്‍ രഹാനെയുടെ ഈ തീരുമാനം ശരിയായിരുന്നില്ലെന്നു പിന്നീട് റിപ്ലേകളില്‍ വ്യക്തമായി. ബോള്‍ ഓഫ്സ്റ്റംപിന് പുറത്താണ് പിച്ച് ചെയ്തതെന്നും അതു റിവ്യു എടുത്തിരുന്നെങ്കില്‍ നോട്ടൗട്ട് വിധിക്കപ്പെടുമായിരുന്നുവെന്നു ഹോക്ക്‌ഐ (Hawkeye) കാണിക്കുകയും ചെയ്തു. എന്തുകൊണ്ടാണ് അതു റിവ്യു എടുക്കാതെ താന്‍ മടങ്ങിയതെന്നു രഹാനെ വെളിപ്പെടുത്തിയിരിക്കുകയാണ്.
വിവരിക്കാന്‍ എനിക്കു ഒന്നും തന്നെയില്ല. എന്താണ് അവിടെ സംഭവിച്ചതെന്നു നമ്മളെല്ലാം കണ്ടതാണ്. പരാജയത്തില്‍ വലിയ നിരാശയുണ്ട്. കളിയില്‍ അത്തരമൊരു സന്ദര്‍ഭത്തില്‍ മോശം ഷോട്ട് കളിച്ചതില്‍ ഞാന്‍ തന്നെയാണ് തെറ്റുകാരന്‍.
ആംഗ്രിഷ് രഘുവംശിയുമായി ഞാന്‍ റിവ്യു എടുക്കുന്ന കാര്യം സംസാരിച്ചപ്പോള്‍ അവനു വലിയ ഉറപ്പില്ലായിരുന്നു. റിവ്യു എടുത്താലും അതു ചിലപ്പോള്‍ അംപയറുടെ കോളായിരിക്കുമെന്നാണ് (ഓണ്‍ഫീല്‍ഡ് അംപയര്‍ ഔട്ട് നല്‍കി) അവന്‍ പറഞ്ഞത്. ആ സമയത്തു ഒരു സാഹസത്തിനു ഞാന്‍ തയ്യാറായിരുന്നില്ല. മാത്രമല്ല, അതു നോട്ടൗട്ടാണോയെന്നു തനിക്കും ഉറപ്പില്ലായിരുന്നുവെന്നും രഹാനെ വിശദമാക്കി.
നെറ്റ് റണ്‍റേറ്റിനെക്കുറിച്ച് ആലോചിച്ചില്ല
പഞ്ചാബ് കിങ്‌സുമായുള്ള കളിയില്‍ എത്രയും വേഗത്തില്‍ വിജയം നേടിയെടുത്ത്
നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്തുന്നതിനെ കുറിച്ചൊന്നും ആലോചിച്ചിരുന്നില്ലെന്നും വളരെ മോശമായി ബാറ്റ് ചെയ്തതു കൊണ്ടാണ് ടീം തോറ്റതെന്നും അജിങ്ക്യ രഹാനെ വ്യക്തമാക്കി. നെറ്റ് റണ്‍റേറ്റിനെക്കുറിച്ചൊന്നും ഞങ്ങളുടെ മനസ്സില്‍ ഇല്ലായിരുന്നു. അതേക്കുറിച്ച് ചര്‍ച്ചകളൊന്നും നടത്തിയില്ല.

ഒരു ബാറ്റിങ് യൂണിറ്റെന്ന നിലയില്‍ ഞങ്ങള്‍ വളരെ മോശമായിട്ടാണ് കളിച്ചത്. ഈ പരാജയത്തില്‍ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്യുന്നു. പഞ്ചാബ് കിങ്‌സിന്റെ ശക്തമായ ബാറ്റിങ് ലൈനപ്പിനെ 111 റണ്‍സിലൊതുക്കി ഞങ്ങളുടെ ബൗളര്‍മാര്‍ വളലെ നല്ല പ്രകടനമാണ് നടത്തിയത്. എങ്കിലും ഒരു വ്യക്തിയെന്ന നിലയില്‍ നിങ്ങള്‍ ആത്മവിശ്വാസം കൈവിടാതെ പോസിറ്റീവായി ഇരിക്കുകയും വേണമെന്നും രഹാനെ പറഞ്ഞു.
ഈ പിച്ചില്‍ ഫുള്‍ ഫേസില്‍ ബാറ്റ് ചെയ്യുന്നതാണ് ഏറ്റവും നല്ലത്. സ്വീപ്പ് കളിക്കാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. തീവ്രത നിലനിര്‍ത്തിക്കൊണ്ടു തന്നെ ഷോട്ടുകള്‍ കളിക്കുകയും വേണം. ഞങ്ങള്‍ അശ്രദ്ധമായാണ് ഷോട്ടുകള്‍ കളിച്ചത്, അതിന്റെ ഉത്തരവാദിത്വം പൂര്‍ണമായി ഏറ്റെടുക്കുകയും ചെയ്യുന്നു.
ഈയൊരു നിമിഷത്തില്‍ ഒരുപാട് കാര്യങ്ങള്‍ എന്റെ തലയിലൂടെ പോയ്‌ക്കൊണ്ടിരിക്കുകയാണ്. ഞങ്ങളെ സംബന്ധിച്ച് വളരെ അനായാസമായ ചേസായിരുന്നു ഇത്. തോറ്റെങ്കിലും ഞങ്ങള്‍ പോസിറ്റീവായി തന്നെ തുടരേണ്ടതുണ്ട് ടൂര്‍ണമെന്റിന്റെ പകുതിയോളം ഇനിയും ശേഷിക്കുകയാണ്. ഈ തോല്‍വി മറന്ന് മുന്നോട്ടു പോവേണ്ടത് ആവശ്യമാണെന്നും രഹാനെ കൂട്ടിച്ചേര്‍ത്തു.