ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന്റെ മെഗാ താരലേലം വരാനിരിക്കുകയാണ്. ഈ മാസം 24, 25 തീയ്യതികളിലായാണ് മെഗാ താരലേലം നടക്കുന്നത്. അതിനായുള്ള അവസാന ഘട്ട തയ്യാറെടുപ്പുകളിലാണ് ടീമുകള്‍. അവസാന സീസണിലെ പിഴവുകള്‍ മറികടന്ന് ശക്തമായ തിരിച്ചുവരവ് നടത്താന്‍ ആവശ്യമായ മാറ്റങ്ങള്‍ക്കൊരുങ്ങുകയാണ് ടീമുകള്‍. ഇത്തവണത്തെ ലേലത്തെ ആവേശകരമാക്കുന്നത് ചില സൂപ്പര്‍ താരങ്ങളുടെ വരവാണ്.
റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ജോസ് ബട്‌ലര്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരെല്ലാം മെഗാ ലേലത്തിലേക്കെത്തുന്നുണ്ട്. അതുകൊണ്ടുതന്നെ മെഗാ ലേലം വാശിയേറിയതാവും. റിഷഭ് പന്തിനായി വാശിയേറിയ പോരാട്ടം പ്രതീക്ഷിക്കാം. റിഷഭ് എങ്ങോട്ടാവും പോവുകയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. വരുന്ന സീസണില്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമായി റിഷഭ് മാറാന്‍ സാധ്യത കൂടുതലാണ്. റിഷഭ് പന്ത് ആര്‍സിബിയിലേക്ക് പോകുമെന്നും സിഎസ്‌കെയിലേക്ക് പോകുമെന്നുമാണ് റിപ്പോര്‍ട്ട്.
സിഎസ്‌കെ ധോണിക്ക് പകരക്കാരനായി റിഷഭ് പന്തിനെ നോക്കുമ്പോള്‍ ആര്‍സിബി നായകസ്ഥാനത്തേക്ക് റിഷഭിനെ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഇപ്പോഴിതാ ആര്‍സിബി റിഷഭിനെ വാങ്ങില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് എബി ഡിവില്ലിയേഴ്‌സ്. അതിന്റെ കാരണവും ഡിവില്ലിയേഴ്‌സ് പറയുന്നുണ്ട്.
റിഷഭിനായി ഒരുപാട് പണംമുടക്കില്ല
റിഷഭ് പന്ത് ഇത്തവണത്തെ ലേലത്തില്‍ ഏറ്റവും പ്രതിഫലം വാങ്ങാന്‍ സാധ്യതയുള്ള താരമാണ്. ഉയര്‍ന്ന പ്രതിഫലം തന്നെ റിഷഭിന് നല്‍കേണ്ടതായി വരും. ആര്‍സിബിക്ക് ഇത്തവണ മികച്ച ടീമിനെ വാര്‍ത്തെടുക്കാന്‍ ഇനിയും സൂപ്പര്‍ താരങ്ങളെ ആവശ്യമാണ്. ഈ സാഹചര്യത്തില്‍ റിഷഭിനായി ഒരുപാട് തുക മുടക്കാന്‍ ആര്‍സിബി തയ്യാറാവില്ലെന്നാണ് ഡിവില്ലിയേഴ്‌സിന്റെ വിലയിരുത്തല്‍. 'റിഷഭിനെ ആര്‍സിബി വാങ്ങാന്‍ താല്‍പര്യപ്പെടുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഞാനും കേട്ടു.
എന്നാല്‍ ആര്‍സിബി റിഷഭിനെ വാങ്ങാനായി ശ്രമം നടത്തിയേക്കില്ല. അതിന് കാരണം റിഷഭിന് നല്‍കേണ്ടി വരുന്ന ഉയര്‍ന്ന പ്രതിഫലമാണ്. എല്ലാ ഫ്രാഞ്ചൈസികളും റിഷഭിനെപ്പോലൊരു താരത്തെ സ്വന്തമാക്കാന്‍ ആഗ്രഹിച്ചേക്കും. എനിക്ക് തോന്നുന്നത് പഞ്ചാബ് ആകും റിഷഭിനെ വാങ്ങുകയെന്നാണ്. കൂടുതല്‍ തുട പേഴ്‌സിലുള്ളതിനാല്‍ പഞ്ചാബിനത് സാധിച്ചേക്കും. എന്നാല്‍ ഇതെന്റെ വ്യക്തിപരമായ തോന്നലാണ്. റിക്കി പോണ്ടിങ്ങും റിഷഭും തമ്മില്‍ വൈകാരികമായ അടുപ്പമുണ്ടെന്ന് എനിക്കറിയാം' ഡിവില്ലിയേഴ്‌സ് പറഞ്ഞു.

റിഷഭ് സിഎസ്‌കെയിലേക്ക് പോകുമോ?
റിഷഭ് പന്താണ് നിലവില്‍ ലേലത്തില്‍ എല്ലാവരും ഉറ്റുനോക്കുന്ന പ്രധാന താരം. എല്ലാ ടീമുകളും റിഷഭിനെ സ്വന്തമാക്കാന്‍ താല്‍പര്യം കാട്ടുമെന്നുറപ്പാണ്. അതുകൊണ്ടുതന്നെ 10 കോടിക്ക് മുകളിലേക്ക് റിഷഭിന്റെ പ്രതിഫലം പോകാനാണ് സാധ്യത കൂടുതല്‍. 30 കോടി റെക്കോഡ് പ്രതിഫലത്തിലേക്ക് റിഷഭ് വളരുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. റിഷഭും എംഎസ് ധോണിയും തമ്മില്‍ ഡല്‍ഹിയില്‍വെച്ച് കൂടിക്കാഴ്ച്ച നടത്തിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്.
ഇത് റിഷഭ് സിഎസ്‌കെയിലേക്ക് കൂടുമാറുമെന്ന റിപ്പോര്‍ട്ടുകളെ ശരിവെക്കുന്നതാണ്. റിഷഭ് പന്തിനെ കൊണ്ടുവരാന്‍ സിഎസ്‌കെയും ആഗ്രഹിച്ചേക്കും. ധോണി വരുന്ന സീസണോടെ വിരമിക്കുമെന്നുറപ്പാണ്. ഇതിന് ശേഷം ധോണിക്ക് പകരക്കാരന്‍ വരേണ്ടതായുണ്ട്. അതിനായി റിഷഭ് പന്തിനെ കൊണ്ടുവരാനാണ് ധോണിയും സിഎസ്‌കെയും ആഗ്രഹിക്കുന്നത്. എന്നാല്‍ ലേലത്തില്‍ കോടികള്‍ മുടക്കി റിഷഭിനെ സ്വന്തമാക്കാന്‍ സിഎസ്‌കെയ്ക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.
ആര്‍സിബിക്ക് നോട്ടം രാഹുലിനെ
ആര്‍സിബി അടുത്ത സീസണില്‍ വിരാട് കോലിയെ വീണ്ടും നായകസ്ഥാനത്തേക്ക് കൊണ്ടുവരുമെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ആര്‍സിബി ഈ നീക്കം നടത്താന്‍ സാധ്യത കുറവാണെന്ന് പറയാം. കെ എല്‍ രാഹുലിനെ ഒപ്പം കൂട്ടാനുള്ള നീക്കം ആര്‍സിബി നടത്തിയേക്കും. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് ഒഴിവാക്കിയ കെ എല്‍ രാഹുലിനെ ആര്‍സിബി നായകസ്ഥാനത്തേക്കെത്തിക്കാനാണ് ശ്രമിക്കുന്നത്.
നേരത്തെ ആര്‍സിബിക്കായി കളിച്ചിട്ടുള്ള താരമാണ് രാഹുല്‍. നായകനായി രാഹുല്‍ ആര്‍സിബിയിലേക്ക് തിരിച്ചുവരവ് നടത്തുമോയെന്നതാണ് കണ്ടറിയേണ്ടത്. പ്രഥമ സീസണ്‍ മുതല്‍ കളിച്ചിട്ടും കപ്പടിക്കാന്‍ സാധിക്കാത്ത ആര്‍സിബിക്ക് വരുന്ന സീസണ്‍ നിര്‍ണ്ണായകമാണെന്ന് പറയാം.