ഐപിഎല്ലിന്റെ 18ാം സീസണില്‍ ഷോര്‍ട്ട് ബോള്‍ കെണിയില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണ്‍ ഇത്തവണ കുഴപ്പത്തിലാവുമോയെന്നതിനെക്കുറിച്ച് അഭിപ്രായ പ്രകടനം നടത്തിയിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. സമീപകാലത്തു സഞ്ജുവിനെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ചിട്ടുള്ളത് ഷോര്‍ട്ട് ബോളുകളാണ്. ഇംഗ്ലണ്ടുമായുള്ള അവസാനത്തെ ടി20 പരമ്പരയിലാണ് അദ്ദേഹത്തിന്റെ പുതിയ വീക്ക്‌നെസ് മറനീക്കി പുറത്തുവന്നത്.
ശരീരത്തിനു നേരെ വരുന്ന 140 പ്ലസ് വേഗതയിലുള്ള ഷോര്‍ട്ട് ബോളുകള്‍ക്കെതിരേ പുള്‍ ഷോട്ടിനു ശ്രമിച്ച് സഞ്ജു ക്യാച്ചാവുന്നത് പതിവു കാഴ്ചയായി മാറി. പരമ്പരയിലെ അഞ്ചു മല്‍സരങ്ങളിലും ഒരേ രീതിയിലാണ് അദ്ദേഹം വിക്കറ്റ് നഷ്ടപ്പെടുത്തിയത്. ഇതോടെ ഐപിഎല്ലിലും റോയല്‍സ് ക്യാപ്റ്റനെതിരേ എതിര്‍ ടീം ബൗളര്‍മാര്‍ ഇതേ തന്ത്രം തന്നെ പ്ലാന്‍ ചെയ്യുമെന്നുറപ്പായിരിക്കുകയാണ്.

സഞ്ജു പതറുമോ?
ഐപിഎല്ലിന്റെ പുതിയ സീസണിനുള്ള രാജസ്ഥാന്‍ റോയല്‍സ് ടീമിനെക്കുറിച്ച് ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയുടെ ഷോയില്‍ വിശകലനം ചെയ്യവെയാണ് സഞ്ജു സാംസണിന്റെ പുതിയ ദൗര്‍ബല്യത്തെക്കുറിച്ച് ആകാശ് ചോപ്ര സംസാരിച്ചത്. ഷോര്‍ട്ട് ബോള്‍ / ബൗണ്‍സറുകള്‍ സഞ്ജുവിനു ബുദ്ധിമുട്ട് സൃഷ്ടിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ടി20 ഫോര്‍മാറ്റില്‍ സഞ്ജു സാംസണ്‍ വളരെ മികച്ച ഫോമിലാണ് ഇപ്പോഴുള്ളത്. ഇംഗ്ലണ്ടുമായുള്ള അവസാനത്തെ പരമ്പരയില്‍ മാത്രമാണ് അദ്ദേഹത്തിനു തിളങ്ങാന്‍ സാധിക്കാതെ പോയത്. സഞ്ജുവിനെതിരേ ഐപിഎല്ലില്‍ ആരും ബൗണ്‍സറുകളെറിയില്ലെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. ഇനി നിങ്ങള്‍ ബൗണ്‍സറുകളെറിഞ്ഞാലും അദ്ദേഹം അവയെ അടിച്ച് ഗ്യാലറിയിലെത്തിക്കുമെന്നും ചോപ്ര അഭിപ്രായപ്പെട്ടു.
റോയല്‍സ് ബാറ്റിങ്
രാജസ്ഥാന്‍ റോയല്‍സിന്റെ പുതിയ സീസണിസലെ ബൗളിങിന്റെ കാര്യത്തില്‍ സംശയങ്ങളുണ്ടെങ്കിലും ബാറ്റിങ് നിര വളരെയധികം ശക്തമാണെന്നാണ് ആകാശ് ചോപ്രയുടെ നിരീക്ഷണം. രാജസ്ഥാന്‍ റോയല്‍സിന്റെ ബാറ്റിങ് നോക്കിയാല്‍ അവര്‍ക്കു പ്രശ്‌നങ്ങളൊന്നുമുണ്ടാവില്ലെന്നാണ് ഞാന്‍ കരുതുന്നത്.
കഴിഞ്ഞ സീസണില്‍ നമ്മള്‍ കണ്ട അതേ യശസ്വി ജയ്‌സ്വാളല്ല ഇപ്പോഴത്തേത്. ഇത്തവണ അവന്‍ കൂടുതല്‍ മികച്ച ഫോമിലാണ്. അതുകൊണ്ടു തന്നെ യശസ്വിയില്‍ എനിക്കു ഒരുപാട് പ്രതീക്ഷകളാണുള്ളത്. കൂടുതല്‍ റണ്‍സുമായി ഓറഞ്ച് ക്യാപ്പ് അവന്‍ നേടുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ വര്‍ഷം യശ്വസ്വിയെ സംബന്ധിച്ച് അത്ര നല്ലതായിരുന്നില്ല. എന്നാല്‍ തുടരെ രണ്ടു സീസണുകള്‍ അവനു മോശമായിരിക്കുമെന്നു എനിക്കു തോന്നുന്നില്ല. സഞ്ജു സാംസണും നല്ല ഫോമിലാണ് ഇപ്പോഴുള്ളത്. അതിനു ശേഷം നിതീഷ് റാണ, ധ്രുവ് ജുറേല്‍ എന്നിവരെല്ലാം ബാറ്റിങിനായി ഇറങ്ങുകയും ചെയ്യുന്നു. ബാറ്റിങില്‍ റോയല്‍സ് ഓക്കെയായിരിക്കുമെന്നും ചോപ്ര നിരീക്ഷിച്ചു.

പരിക്കില്‍ നിന്നും മുക്തന്‍
കൈവിരലിനേറ്റ പരിക്കില്‍ നിന്നും മുക്തനായ സഞ്ജു സാംസണ്‍ ഉടന്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിനൊപ്പം ചേരുമെന്നുറപ്പായിരിക്കുകയാണ്. ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പരയിലെ അവസാന കളിക്കിടെയാണ് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ക്കെതിരേ ബാറ്റ് ചെയ്യവെ അദ്ദേഹത്തിന്റെ കൈവിരലിനു പൊട്ടലേറ്റത്.
തുടര്‍ന്നു മുംബൈയില്‍ വച്ച് ശസ്ത്രക്രിയക്കു വിധേയനായ സഞ്ജു വിശ്രമത്തിലുമായിരുന്നു. എന്നാല്‍ ടൂര്‍ണമെന്റ് ഈയാഴ്ച തുടങ്ങാനിരിക്കെ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദിയില്‍ നന്നും അദ്ദേഹത്തിനു ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു കഴിഞ്ഞു.
ഇതോടെ അടുത്ത ഞായറാഴ്ച വൈകീട്ട് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ നടക്കാനിരിക്കുന്ന സീസണിലെ ആദ്യ മല്‍സരത്തില്‍ സഞ്ജു കളിക്കുമെന്നുറപ്പായിരിക്കുകയാണ്. കഴിഞ്ഞ സീസണ്‍ വരെ മൂന്നാം നമ്പറിലാണ് അദ്ദേഹം കളിച്ചതെങ്കില്‍ ഇത്തവണ ഓപ്പണറുടെ റോണാണുള്ളത്. ജോസ് ബട്‌ലറുടെ അഭാവത്തില്‍ യശസ്വി ജയ്‌സ്വാളിന്റെ പുതിയ ഓപ്പണിങ് ജോടിയായി എത്തുക സഞ്ജുവായിരിക്കും.