മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആവേശകരമായി അവസാനിച്ചിരിക്കുകയാണ്. ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ചാമ്പ്യന്മാരായത്. രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവുമാണ് ഇത്തവണ പ്ലേ ഓഫിലെത്തിയ മറ്റ് രണ്ട് ടീമുകള്‍. അടുത്ത സീസണിന് മുന്നോടിയായി മെഗാ താരലേലം വരാന്‍ പോവുകയാണ്. പല ടീമുകള്‍ക്കും വലിയ പൊളിച്ചെഴുത്ത് അത്യാവശ്യമാണ്.
ഈ സാഹചര്യത്തില്‍ പല ടീമുകളും മെഗാ ലേലത്തെ വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇത്തവണ മെഗാ ലേലത്തിന് മുമ്പ് എത്ര താരങ്ങളെ നിലനിര്‍ത്താനാവും?. എന്തെങ്കിലും മാറ്റമുണ്ടാവുമോ?. ബിസിസിഐയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം 3 താരങ്ങളെ നിലനിര്‍ത്താം. ഒരു താരത്തെ ആര്‍ടിഎം നിയമത്തിലൂടെ ടീമിലേക്കെത്തിക്കാനാവും. അങ്ങനെ വരുമ്പോള്‍ പരമാവധി നാല് താരങ്ങളാവും ലേലത്തിന് മുമ്പ് ഒരു ടീമിലുണ്ടാവുക.

അതുകൊണ്ടുതന്നെ വലിയ അഴിച്ചുപണി ടീമുകള്‍ക്ക് സംഭവിക്കുമെന്നുറപ്പാണ്. മുംബൈ ഇന്ത്യന്‍സില്‍ വലിയ അഴിച്ചുപണി പ്രതീക്ഷിക്കപ്പെടുന്നു. നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് കീഴില്‍ മുംബൈ ടീമില്‍ വലിയ മാറ്റമുണ്ടാവും. മുംബൈ ഹാര്‍ദിക്കിനെ നിലനിര്‍ത്തുന്നതോടൊപ്പം സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ എന്നിവരേയും നിലനിര്‍ത്താനാണ് സാധ്യത. രോഹിത് ശര്‍മയേയും ഇഷാന്‍ കിഷനേയും മുംബൈ കൈവിട്ടേക്കും. ആര്‍ടിഎമ്മിലൂടെ മുംബൈ നിലനിര്‍ത്തുക തിലക് വര്‍മയെയാവും.
റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ലേല സാധ്യതകളിലേക്ക് വരുമ്പോള്‍ നായകന്‍ ഫഫ് ഡുപ്ലെസിസിനെ ഒഴിവാക്കാന്‍ സാധ്യതയുണ്ട്. ഡുപ്ലെസിസ് അവസാന സീസണില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും ഈ സീസണില്‍ അദ്ദേഹത്തെ നിലനിര്‍ത്തിയേക്കില്ല. വിരാട് കോലി, രജത് പാട്ടീധാര്‍, മുഹമ്മദ് സിറാജ് എന്നിവരെ നിലനിര്‍ത്തി മറ്റെല്ലാ താരങ്ങളേയും മാറ്റി വലിയ അഴിച്ചുപണിക്ക് ആര്‍സിബി തയ്യാറായേക്കും. ഇത്തവണ തുടര്‍ച്ചയായി ആറ് ജയത്തോടെ പ്ലേ ഓഫിലെത്താന്‍ ആര്‍സിബിക്കായിരുന്നു.
നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ലേലം കാര്യമായി ബാധിച്ചേക്കും. കെകെആര്‍ ഇത്തവണ സംതുലിതമായ നിരയായിരുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും കൃത്യമായ താരനിര കെകെആറിനുണ്ട്. അതുകൊണ്ടുതന്നെ ഈ ടീമില്‍ മാറ്റം വരുത്താന്‍ കെകെആര്‍ ആഗ്രഹിക്കില്ല. പക്ഷെ കെകെആറിനും അഴിച്ചുപണി നടത്താതെ മറ്റ് വഴികളില്ല. കെകെആര്‍ ശ്രേയസ് അയ്യര്‍, ആന്‍ഡ്രേ റസല്‍, സുനില്‍ നരെയ്ന്‍ എന്നിവരെ നിലനിര്‍ത്താനാണ് സാധ്യത.
ആര്‍ടിഎമ്മിലൂടെ മിച്ചല്‍ സ്റ്റാര്‍ക്കിനെ നിലനിര്‍ത്തിയേക്കില്ല. വൈഭവ് അറോറ, ഹര്‍ഷിത് റാണ എന്നിവരിലൊരാളെയാവും കെകെആര്‍ നിലനിര്‍ത്തുക. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആരെയൊക്കെ നിലനിര്‍ത്തുമെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. നായകന്‍ പാറ്റ് കമ്മിന്‍സിന് സീറ്റ് നല്‍കുമെന്നുറപ്പാണ്. കമ്മിന്‍സിന് കീഴില്‍ ഇത്തവണ ഫൈനലിലേക്കെത്താന്‍ ഹൈദരാബാദിനായിരുന്നു. ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ എന്നിവരേയും നിലനിര്‍ത്തി പേസ് നിരയില്‍ ടി നടരാജനെ ആര്‍ടിഎമ്മിലൂടെ ഹൈദരാബാദ് ഒപ്പം കൂട്ടാനാണ് സാധ്യത.
ഗുജറാത്ത് ടൈറ്റന്‍സിലേക്ക് വരുമ്പോള്‍ നായകന്‍ ശുബ്മാന്‍ ഗില്ലിനെ നിലനിര്‍ത്തിയേക്കും. ഹാര്‍ദിക് പാണ്ഡ്യ ടീം വിട്ടതോടെ ഗുജറാത്ത് തകര്‍ന്നടിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ അടുത്ത സീസണില്‍ വലിയ മാറ്റത്തിന് ഗുജറാത്ത് തയ്യാറാവും. ശുബ്മാന്‍ ഗില്ലിനൊപ്പം ഡേവിഡ് മില്ലര്‍, റാഷിദ് ഖാന്‍ എന്നിവരെയാവും ഗുജറാത്ത് നിലനിര്‍ത്തുക. ആര്‍ടിഎമ്മിലൂടെ രാഹുല്‍ തെവാത്തിയയെ നിലനിര്‍ത്തിയേക്കും. വലിയ അഴിച്ചുപണി ഗുജറാത്തിലുമുണ്ടാവുമെന്നുറപ്പാണ്.
ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ നായകസ്ഥാനത്ത് നിന്ന് കെഎല്‍ രാഹുല്‍ മാറുമോയെന്നതാണ് കണ്ടറിയേണ്ടത്. ലഖ്‌നൗ രാഹുല്‍, നിക്കോളാസ് പുരാന്‍, മാര്‍ക്കസ് സ്റ്റോയിണിസ് എന്നിവരെ നിലനിര്‍ത്താനാണ് സാധ്യത. ഡല്‍ഹി ക്യാപിറ്റല്‍സ് റിഷഭ് പന്തിനെ നായകനാക്കി തുടരുമ്പോള്‍ അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരേയും നിലനിര്‍ത്തിയേക്കും.
ചെന്നൈ സൂപ്പര്‍ കിങ്‌സ് എംഎസ് ധോണിയെ നിലനിര്‍ത്തിയേക്കില്ല. നായകന്‍ റുതുരാജ് ഗെയ്ക് വാദിനൊപ്പം ശിവം ദുബെ, രവീന്ദ്ര ജഡേജ എന്നിവരാവും നിലനിര്‍ത്തപ്പെടുക. ആര്‍ടിഎമ്മിലൂടെ സിഎസ്‌കെ ആരെയാവും നിലനിര്‍ത്തുകയെന്നതാണ് കണ്ടറിയേണ്ടത്.