ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം ഈ മാസം 24, 25 തീയ്യതികളിലായി നടക്കാന്‍ പോവുകയാണ്. 10 ടീമുകളും അവസാന സീസണിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകാനുള്ള പദ്ധതികള്‍ മെനയുകയാണ്. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന് വരുന്ന സീസണില്‍ വലിയ പ്രതീക്ഷയാണുള്ളത്. രാഹുല്‍ ദ്രാവിഡ് പരിശീലകസ്ഥാനത്തേക്കെത്തിയതോടെ രാജസ്ഥാന്റെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ന്നിരിക്കുകയാണ്.
കുമാര്‍ സംഗക്കാരയും ടീമിന്റെ പരിശീലക സംഘത്തോടൊപ്പം തുടരുന്നുണ്ട്. ഇത്തവണ ആറ് താരങ്ങളെ നിലനിര്‍ത്തിയാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. സഞ്ജു സാംസണ്‍, യശ്വസി ജയ്‌സ്വാള്‍, റിയാന്‍ പരാഗ്, ദ്രുവ് ജുറേല്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍, സന്ദീപ് ശര്‍മ എന്നിവരെയാണ് രാജസ്ഥാന്‍ നിലനിര്‍ത്തിയിരിക്കുന്നത്. ലേലത്തില്‍ ഏറ്റവും കുറവ് പണം പേഴ്‌സിലുള്ള ടീമായാണ് രാജസ്ഥാന്റെ വരവ്. എന്തായാലും അടിത്തറയെ നിലനിര്‍ത്തി ലേലത്തിലേക്കെത്തുന്ന രാജസ്ഥാന്റെ നീക്കങ്ങള്‍ എന്തൊക്കെയാവുമെന്നതാണ് കണ്ടറിയേണ്ടത്.
എന്തായാലും ചില പ്രശ്‌നങ്ങള്‍ രാജസ്ഥാന് മുന്നില്‍ ഇപ്പോഴും തലവേദനയായി നില്‍ക്കുകയാണ്. മെഗാ ലേലത്തിലൂടെയും രാജസ്ഥാന് ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുക കടുപ്പമായിരിക്കുമെന്ന് പറയാം. ഇത്തരത്തില്‍ രാജസ്ഥാന് പരിഹരിക്കാന്‍ പ്രയാസമുള്ള മൂന്ന് പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
മികച്ച പേസ് ഓള്‍റൗണ്ടറെ കണ്ടെത്താനാവില്ല
കഴിഞ്ഞ കുറച്ച് സീസണുകളിലായി രാജസ്ഥാനെ പിന്നോട്ടടിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് മികച്ച പേസ് ഓള്‍റൗണ്ടറുടെ അഭാവമാണ്. ജേസന്‍ ഹോള്‍ഡറെയാണ് അവസാനമായി രാജസ്ഥാന്‍ ഈ റോളില്‍ പരീക്ഷിച്ചത്. എന്നാല്‍ ഈ നീക്കം ദുരന്തമായി മാറി. വരുന്ന സീസണില്‍ മികച്ചൊരു പേസ് ഓള്‍റൗണ്ടറെ രാജസ്ഥാന് അത്യാവശ്യമാണ്. എന്നാല്‍ ഈ റോളിലേക്ക് ആരെ പരിഗണിക്കുമെന്നത് വലിയ ചോദ്യമാണ്. സാം കറെന്‍, മാര്‍ക്കോ യാന്‍സന്‍, മാര്‍ക്കസ് സ്‌റ്റോയിണിസ് എന്നിവരൊക്കെയാണ് ലേലത്തിലെത്തുന്ന പ്രധാന പേസ് ഓള്‍റൗണ്ടര്‍മാര്‍.
ഇവരെ ടീമിലേക്കെത്തിക്കുക രാജസ്ഥാന് എളുപ്പമാവില്ല. കോടികള്‍ പ്രതിഫലം നല്‍കേണ്ടതായി വരും. ഇത്തവണ പേഴ്‌സില്‍ ഏറ്റവും പണമുള്ള ടീമായി ലേലത്തിലേക്കെത്തുന്ന രാജസ്ഥാന് കാര്യങ്ങള്‍ കടുപ്പമാണെന്ന് തന്നെ പറയാം. സൂപ്പര്‍ ഓള്‍റൗണ്ടര്‍മാരെ ടീമിലേക്ക് കൊണ്ടുവരാന്‍ രാജസ്ഥാന് സാധിക്കാത്ത അവസ്ഥവരും. ഇതോടെ അടുത്ത സീസണിലും ഈ വിടവ് രാജസ്ഥാന് നികത്താന്‍ സാധിക്കാത്ത അവസ്ഥ വരും.

മികച്ച കൈക്കുഴ സ്പിന്നറെ ലഭിക്കുക പ്രയാസം
ആര്‍ അശ്വിന്‍ രാജസ്ഥാന്‍ വിടുമെന്ന റിപ്പോര്‍ട്ട് നേരത്തെ തന്നെ പുറത്തുവന്നതാണ്. എന്നാല്‍ യുസ് വേന്ദ്ര ചഹാലിനെ രാജസ്ഥാന്‍ വിട്ടുകളഞ്ഞത് വലിയ മണ്ടത്തരമായിപ്പോയി. മികച്ച കൈക്കുഴ സ്പിന്നര്‍മാരെ സ്വന്തമാക്കാന്‍ രാജസ്ഥാന് സാധിക്കാത്ത അവസ്ഥവരും. നിലവില്‍ കൈയില്‍ 41 കോടി മാത്രം ശേഷിക്കുന്ന രാജസ്ഥാന് നിരവധി മേഖലകളിലെ വിടവ് നികത്താനുണ്ട്. ഈ സാഹചര്യത്തില്‍ വലിയൊരു തുക കൈക്കുഴ സ്പിന്നര്‍ക്കായി മുടക്കാനാവില്ല.
ജോസ് ബട്‌ലറെ വിട്ടുകളഞ്ഞ രാജസ്ഥാന് ഈ റോളിലേക്ക് മികച്ചൊരു പകരക്കാരനേയും കണ്ടെത്തേണ്ടതായുണ്ട്. ഇതിന് വലിയൊരു തുക മുടക്കാന്‍ നിലവിലെ സാമ്പത്തിക സ്ഥിതി രാജസ്ഥാനെ അനുവദിക്കില്ല. പണം കുറവായതിനാല്‍ മികച്ച കൈക്കുഴ സ്പിന്നറെ ടീമിലേക്കെത്തിക്കുകയെന്നതും രാജസ്ഥാനെ സംബന്ധിച്ച് വളരെ പ്രയാസമാണെന്ന് പറയാം. എന്തായാലും കൈക്കുഴ സ്പിന്നറായി ആരെന്നത് രാജസ്ഥാന് വലിയ തലവേദന സൃഷ്ടിക്കുന്ന ചോദ്യമാണെന്ന് തന്നെ പറയാം.
പേസ് നിരയിലും വിടവ് നികത്താനുണ്ട്
രാജസ്ഥാന്റെ പേസ് നിരയിലും നിരവധി വിടവുകള്‍ നികത്താനുണ്ട്. ട്രന്റ് ബോള്‍ട്ടിനെ രാജസ്ഥാന്‍ വിട്ടുകളഞ്ഞു. ഇതോടെ സൂപ്പര്‍ പേസറായി ഒരു പ്രധാന ബൗളറെ രാജസ്ഥാന് ടീമിലേക്കെത്തിക്കേണ്ടതായുണ്ട്. സന്ദീപ് ശര്‍മ അണ്‍ക്യാപ്പ്ഡ് താരമാണ്. അതുകൊണ്ടുതന്നെ പേസ് നിരയിലേക്ക് പേരെടുത്ത പേസര്‍മാര്‍ വേണം. ഇവരെയെല്ലാം ടീമിലേക്കെത്തിക്കാന്‍ വലിയൊരു തുക മുടക്കേണ്ടതായുണ്ട്. നിലവിലെ രാജസ്ഥാന്റെ സാഹചര്യത്തില്‍ ഇതും പ്രയാസമായിരിക്കുമെന്ന് പറയാം.