ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ നിരാശപ്പെടുത്തുന്ന പ്രകടനത്തോടെ വിമര്‍ശനം നേടുന്ന ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. സഞ്ജു സാംസണ്‍ ക്യാപ്റ്റനും രാഹുല്‍ ദ്രാവിഡ് പരിശീലകനുമായുള്ള രാജസ്ഥാനില്‍ നിന്ന് ആരാധകര്‍ വലിയ പ്രകടനം പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശപ്പെടുത്തി. മെഗാ ലേലത്തില്‍ സൂപ്പര്‍ താരങ്ങളെ കൈവിട്ടതും ടീമിനുള്ളിലെ ഭിന്നതയുമെല്ലാം രാജസ്ഥാനെ പിന്നോട്ടടിച്ച കാര്യങ്ങളാണ്.
നായകന്‍ സഞ്ജു സാംസണും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും തമ്മില്‍ ഭിന്നത ശക്തമാണ്. ഇത് ടീമിനെ പ്രതികൂലമായി ബാധിക്കുന്നു. സഞ്ജു ആവശ്യപ്പെട്ട താരങ്ങളെ മെഗാ ലേലത്തിന് മുമ്പ് നിലനിര്‍ത്താന്‍ രാജസ്ഥാന്‍ പരിശീലകനായ ദ്രാവിഡ് തയ്യാറായില്ല. കൂടാതെ ഡല്‍ഹിക്കെതിരായ മത്സരത്തിലെ സൂപ്പര്‍ ഓവറില്‍ സഞ്ജുവിന്റെ വാക്കുകളെ അവഗണിച്ച് ദ്രാവിഡ് താരങ്ങളെ ഇറക്കിയതുമെല്ലാം ഭിന്നതക്ക് കാരണമായിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ സഞ്ജു രാജസ്ഥാന്‍ വിടാന്‍ സാധ്യത കൂടുതലാണെന്ന് പറയാം.
സഞ്ജു രാജസ്ഥാന്‍ വിട്ടാല്‍ നായകനെ മാത്രമല്ല വിക്കറ്റ് കീപ്പറേയും ഓപ്പണറേയും കൂടിയാണ് ടീമിന് നഷ്ടമാവുന്നത്. അതുകൊണ്ടുതന്നെ സഞ്ജു ടീം വിട്ടാല്‍ പകരക്കാരനെ കണ്ടെത്തുകയെന്നത് എളുപ്പമല്ല. മൂന്ന് റോളിലും ഒരുപോലെ തിളങ്ങുന്ന സഞ്ജുവിന് പകരക്കാരനെക്കുറിച്ച് രാജസ്ഥാന്‍ കാര്യമായിത്തന്നെ ചിന്തിക്കുന്നുണ്ടെന്ന് പറയാം. കാരണം പെട്ടെന്ന് സഞ്ജു പടിയിറങ്ങിയാല്‍ അത് രാജസ്ഥാനെ പ്രതികൂലമായി ബാധിക്കും. സഞ്ജു രാജസ്ഥാന്‍ വിട്ടാല്‍ പകരം ആരെയാവും ടീം നോട്ടമിടുക?. പരിശോധിക്കാം.
കെ എല്‍ രാഹുല്‍
രാജസ്ഥാന്‍ റോയല്‍സ് പ്രധാനമായും നോട്ടമിടുക കെ എല്‍ രാഹുലിനെയാവും. രാഹുല്‍ ദ്രാവിഡ് പരിശീലകസ്ഥാനം ഒഴിയില്ലെന്ന് ഉറപ്പാണ്. അതുകൊണ്ടുതന്നെ ദ്രാവിഡിന് ഇഷ്ടപ്പെട്ട താരങ്ങളിലൊരാളായ കെ എല്‍ രാഹുലിനെ ടീമിലെത്തിക്കാന്‍ രാജസ്ഥാന്‍ ശ്രമിച്ചേക്കും. നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിലാണ് രാഹുലുള്ളത്. രാഹുല്‍ വിക്കറ്റ് കീപ്പറും നായകനും ടോപ് ഓഡര്‍ ബാറ്റ്‌സ്മാനുമാണ്. സീനിയര്‍ താരമായ രാഹുല്‍ ദ്രാവിഡിന്റെ പദ്ധതിക്ക് അനുയോജ്യനായ താരമാണ്. രാഹുല്‍ ഡല്‍ഹി വിടാന്‍ സാധ്യത കുറവാണ്. എന്നാല്‍ സഞ്ജു പോയാല്‍ പകരം രാജസ്ഥാന്‍ മുഖ്യ പരിഗണന നല്‍കുന്നവരിലൊരാള്‍ രാഹുലാവും.
റുതുരാജ് ഗെയ്ക് വാദ്
സിഎസ്‌കെ നായകനാണ് റുതുരാജ് ഗെയ്ക് വാദ്. എംഎസ് ധോണി നായകസ്ഥാനത്ത് നിന്ന് പടിയിറങ്ങിയപ്പോള്‍ പകരം ആ റോളിലേക്ക് വന്ന താരമാണ് റുതുരാജ്. ക്ലാസിക് ശൈലിയില്‍ കളിക്കുന്ന റുതുരാജിന് കീഴില്‍ സിഎസ്‌കെയ്ക്ക് കാര്യമായ പ്രകടനം നടത്താന്‍ സാധിച്ചിട്ടില്ല. ഈ സീസണില്‍ സിഎസ്‌കെ അവസാന സ്ഥാനക്കാരാണ്. നിലവിലെ ടീമിലെ സാഹചര്യം വിലയിരുത്തുമ്പോള്‍ റുതുരാജ് സിഎസ്‌കെ വിടാനാണ് സാധ്യത കൂടുതലാണ്. അങ്ങനെ വന്നാല്‍ രാജസ്ഥാന്‍ റുതുരാജിനെ നോട്ടമിട്ടേക്കും. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് റുതുരാജ്. ദ്രാവിഡിന്റെ ശൈലിയോട് ചേര്‍ന്ന് നില്‍ക്കുന്ന താരമാണ് റുതുരാജെന്ന് പറയാം.

അഭിഷേക് പുറേല്‍
ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ അഭിഷേക് പുറേലിനെ രാജസ്ഥാന്‍ നോട്ടമിട്ടേക്കും. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ അഭിഷേകിന് ഡല്‍ഹി ടീമില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനം ലഭിക്കുന്നില്ല. രാജസ്ഥാന്‍ നായകസ്ഥാനം നല്‍കുക റിയാന്‍ പരാഗിനാവുമെന്നുറപ്പാണ്. അതുകൊണ്ടുതന്നെ സഞ്ജുവിന് പകരം മികച്ചൊരു ബാറ്റ്‌സ്മാനെയാവും രാജസ്ഥാന്‍ പരിഗണിക്കുക. ഈ സ്ഥാനത്തേക്ക് അഭിഷേക് പുറേലിനെ രാജസ്ഥാന്‍ പരിഗണിച്ചാലും അത്ഭുതപ്പെടാനാവില്ല.
ക്ലാസിക് ശൈലിയില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള അഭിഷേക് ദ്രാവിഡിന്റെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ്. അതുകൊണ്ടുതന്നെ പുറേലിനെ രാജസ്ഥാന്‍ പരിഗണിക്കാന്‍ സാധ്യതകളേറെയാണ്. ദ്രാവിഡ് വെടിക്കെട്ട് താരങ്ങളെ ടീമിലേക്കെത്തിക്കില്ലെന്നുറപ്പാണ്. മറ്റ് പരിശീലകരെപ്പോലെയല്ല. ക്ലാസിക് ശൈലിയില്‍ മിന്നിക്കുന്ന താരങ്ങളെ ടീമിലേക്കെത്തിക്കാനാവും ദ്രാവിഡ് കൂടുതല്‍ താല്‍പര്യം കാട്ടുകയെന്നുറപ്പാണ്.