ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ടീമുകളെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവെക്കുമ്പോള്‍ പോരാട്ടം തീപാറുകയാണെന്ന് പറയാം. എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തുന്നത് ചില പ്രധാന ടീമുകളുടെ മോശം പ്രകടനമാണ്. ഇതില്‍ എടുത്തു പറയേണ്ട ടീമുകളിലൊന്ന് രാജസ്ഥാന്‍ റോയല്‍സാണ്. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ കഴിഞ്ഞ സീസണുകളിലെല്ലാം ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്.
ഇത്തവണ രാഹുല്‍ ദ്രാവിഡ് പരിശീലകസ്ഥാനത്തേക്കെത്തിയതോടെ രാജസ്ഥാന്‍ കിരീടത്തിലേക്കെത്തുമെന്ന പ്രതീക്ഷ ആരാധകര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ടീമിന്റെ പ്രകടനം പിന്നോട്ടാണെന്നതാണ് വസ്തുത. പരിക്കും മോശം ഫോമും അഭിപ്രായ ഭിന്നതയുമെല്ലാം രാജസ്ഥാനെ തളര്‍ത്തുകയാണ്. എട്ട് മത്സരത്തില്‍ രണ്ട് മത്സരം മാത്രമാണ് രാജസ്ഥാന്‍ ജയിച്ചത്. ആറിലും തോറ്റ രാജസ്ഥാന്‍ എട്ടാം സ്ഥാനത്താണുള്ളത്. ഇനി പ്ലേ ഓഫിലേക്കെത്തുക രാജസ്ഥാന് പ്രയാസമാണ്.
ടീമിന്റെ തോല്‍വിയേക്കാളേറെ ദ്രാവിഡും സഞ്ജുവും തമ്മിലുള്ള ഭിന്നതയാണ് ആരാധകരെ നിരാശപ്പെടുത്തുന്നത്. സഞ്ജുവിനെ ഒതുക്കാനുള്ള നീക്കം രാജസ്ഥാനില്‍ ശക്തമായുണ്ടെന്ന് തന്നെ പറയാം. സഞ്ജുവിനെ നായകസ്ഥാനത്ത് മാറ്റി റിയാന്‍ പരാഗിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് രാജസ്ഥാന്റെ പദ്ധതിയെന്ന് തന്നെ പറയാം. സഞ്ജുവിന് രാജസ്ഥാന്റെ നായകസ്ഥാനം നിലനിര്‍ത്താന്‍ ഇനി ചില കാര്യങ്ങള്‍ ചെയ്യേണ്ടതായുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.
ടീമിനെ പ്ലേ ഓഫിലേക്കെങ്കിലും എത്തിക്കണം
രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ച് നിലവില്‍ പ്ലേ ഓഫ് പ്രതീക്ഷ അവസാനിച്ചിരിക്കുകയാണെന്ന് തന്നെ പറയാം. തുടര്‍ ജയങ്ങള്‍ നേടുകയും മറ്റ് ടീമുകളുടെ ഫലം അനുകൂലമാവുകയും ചെയ്യാത്ത പക്ഷം ഇത്തവണ രാജസ്ഥാന് പ്ലേ ഓഫ് സീറ്റ് നേടുക ബുദ്ധിമുട്ടാണ്. എന്നാല്‍ രാജസ്ഥാന്‍ പ്ലേ ഓഫിലെത്തേണ്ടത് സഞ്ജുവിന്റെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. ഈ സീസണില്‍ രാജസ്ഥാന്‍ പ്ലേ ഓഫിലെത്തിയെങ്കില്‍ വലിയ അഴിച്ചുപണിയിലേക്ക് രാജസ്ഥാന്‍ പോകും.
സഞ്ജുവിനെ രാജസ്ഥാന്റെ നായകസ്ഥാനത്ത് നിന്ന് മാറ്റാന്‍ ടീം തയ്യാറാകുമെന്നുറപ്പാണ്. അജിന്‍ക്യ രഹാനെ, സ്റ്റീവ് സ്മിത്ത് തുടങ്ങി പല സൂപ്പര്‍ താരങ്ങളേയും നായകസ്ഥാനത്ത് നിന്ന് മാറ്റിയിട്ടുള്ള ടീമാണ് രാജസ്ഥാന്‍. സഞ്ജുവിനെ ഇടക്കിടെ പരിക്കും വേട്ടയാടുകയാണ്. ഈ സാഹചര്യത്തില്‍ റിയാന്‍ പരാഗിനെ നായകസ്ഥാനത്തേക്ക് വളര്‍ത്തിക്കൊണ്ടുവരാന്‍ ടീം താല്‍പര്യം കാട്ടിയേക്കും. ഇതൊഴിവാക്കാന്‍ രാജസ്ഥാനെ പ്ലേ ഓഫിലേക്കെത്തിക്കാന്‍ സഞ്ജുവിന് സാധിക്കണം.
500 റണ്‍സെങ്കിലും സീസണില്‍ നേടണം
സഞ്ജു സാംസണ്‍ വെടിക്കെട്ട് ബാറ്റ്‌സ്മാനാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മികച്ച റെക്കോഡുകളും സഞ്ജുവിന് അവകാശപ്പെടാനാവും. എന്നാല്‍ ഒരു സീസണില്‍ 500 ലധികം റണ്‍സെന്ന കടമ്പ ഒരു തവണ മാത്രമാണ് സഞ്ജുവിന് നേടാനായത്. സഞ്ജുവിന്റെ സ്ഥിരത എല്ലാ സമയത്തും വലിയ ചോദ്യമുയര്‍ത്തുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ ഈ സീസണില്‍ 500ലധികം റണ്‍സിലേക്ക് സഞ്ജു എത്താത്ത പക്ഷം ടീമിന് തഴയുക എളുപ്പമാവും.

ഏഴ് മത്സരത്തില്‍ നിന്ന് 224 റണ്‍സാണ് സഞ്ജു നേടിയത്. നിലവില്‍ പരിക്കേറ്റ് പുറത്തുള്ള സഞ്ജു എന്ന് തിരിച്ചെത്തുമെന്നതില്‍ അവ്യക്തത തുടരുകയാണ്. തിരിച്ചെത്തിയാലും ഫോമിലേക്കെത്താന്‍ സാധിക്കുമോയെന്നതും കണ്ടറിയണം. നിലവിലെ സാഹചര്യത്തില്‍ സഞ്ജുവിന് 500ലധികം റണ്‍സ് നേടേണ്ടത് നിലനില്‍പ്പിന്റെ പ്രശ്‌നമായിരിക്കുകയാണ്. നായകനെന്ന നിലയില്‍ റണ്‍സ് നേടേണ്ടത് അത്യാവശ്യമാണ്. സഞ്ജുവിന്റെ മോശം ഫോം ചൂണ്ടിക്കാട്ടി താരത്തെ തഴയാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
ദ്രാവിഡുമായുള്ള ഭിന്നത പരിഹരിക്കണം
സഞ്ജു സാംസണും രാഹുല്‍ ദ്രാവിഡും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടെന്നുറപ്പാണ്. അങ്ങനെയൊന്നും ഇല്ലെന്ന് ദ്രാവിഡ് പറയുമ്പോഴും വസ്തുത അതല്ല. ഡല്‍ഹിക്കെതിരാ സൂപ്പര്‍ ഓവറിന് മുമ്പ് ടീം നടത്തിയ മീറ്റിങ്ങില്‍ സഞ്ജു മാറിനിന്നത് വീഡിയോയിലൂടെ എല്ലാവരും കണ്ടതാണ്. നിലവില്‍ ദ്രാവിഡിന്റെ ഏകാധിപത്യമാണ് രാജസ്ഥാനിലെന്ന് പറയാം. രാജസ്ഥാന്‍ മാനേജ്‌മെന്റ് സഞ്ജുവിനെക്കാളും പരിഗണന ദ്രാവിഡിന് നല്‍കുമെന്നുറപ്പാണ്.
നായകനായി തുടരാന്‍ ദ്രാവിഡുമായുള്ള ഭിന്നത സഞ്ജു അവസാനിപ്പിക്കേണ്ടതായുണ്ട്. രാജസ്ഥാന്‍ വിട്ടാല്‍ സഞ്ജുവിന് നായകസ്ഥാനത്തേക്ക് എത്തുക എളുപ്പമാവില്ല. അതുകൊണ്ടുതന്നെ നായകസ്ഥാനം ലഭിക്കാന്‍ രാജസ്ഥാനില്‍ സഞ്ജു തുടരേണ്ടത് അത്യാവശ്യമാണ്. ഇതിന് ദ്രാവിഡിന്റെ പിന്തുണ അത്യാവശ്യമാണെന്ന് തന്നെ പറയാം.