ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ രാജസ്ഥാന്റെ വൈഭവ് സൂര്യവന്‍ഷിയുടെ ബാറ്റിങ് വെടിക്കെട്ട്. 14കാരനായ യുവ ഓപ്പണര്‍ തകര്‍പ്പന്‍ സെഞ്ച്വറിയാണ് അടിച്ചെടുത്തത്. 38 പന്തില്‍ ഏഴ് ഫോറും 11 സിക്‌സും ഉള്‍പ്പെടെ 101 റണ്‍സാണ് യുവതാരം നേടിയത്. ഒന്നാം വിക്കറ്റില്‍ 166 റണ്‍സിന്റെ കൂട്ടുകെട്ടും യുവതാരം സൃഷ്ടിച്ചു. നിരവധി റെക്കോഡുകള്‍ കടപുഴക്കിയാണ് ഓപ്പണര്‍ കളം വിട്ടത്.
ഐപിഎല്ലിലെ വേഗ രണ്ടാം സെഞ്ച്വറി
ഐപിഎല്ലില്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡിലേക്കെത്താന്‍ വൈഭവിനായി. റാഷിദ് ഖാനെ സിക്‌സര്‍ പായിച്ച് സെഞ്ച്വറിയിലേക്കെത്തിയ താരം 35 പന്തിലാണ് മൂന്നക്കം കണ്ടത്. ഐപിഎല്ലിലെ വേഗ രണ്ടാം സെഞ്ച്വറിയാണിത്. 30 പന്തില്‍ സെഞ്ച്വറി നേടിയ ക്രിസ് ഗെയ്‌ലാണ് തലപ്പത്ത്. 37 പന്തില്‍ സെഞ്ച്വറി നേടിയ യൂസുഫ് പഠാന്റെ റെക്കോഡാണ് വൈഭവ് തകര്‍ത്തത്. 38 പന്തില്‍ 101 റണ്‍സെടുത്താണ് വൈഭവ് പുറത്തായത്. പ്രസിദ്ധ് കൃഷ്ണ വൈഭവിനെ ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു.
ഐപിഎല്ലില്‍ ഫിഫ്റ്റി നേടുന്ന പ്രായം കുറഞ്ഞ താരം
ഐപിഎല്ലില്‍ അര്‍ധ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡിലേക്കെത്താന്‍ വൈഭവ് സൂര്യവന്‍ഷിക്കായി. വെറും 17 പന്തിലാണ് വൈഭവ് അര്‍ധ സെഞ്ച്വറി നേടിയത്. ഈ സീസണിലെ വേഗ ഫിഫ്റ്റിയാണിത്. 14 വയസും 32 ദിവസവും പ്രായമുള്ളപ്പോഴാണ് വൈഭവിന്റെ ഈ നേട്ടം. 17 വയസും 175 ദിവസവും ഉള്ളപ്പോള്‍ രാജസ്ഥാന്റെ റിയാന്‍ പരാഗ് നേടിയ അര്‍ധ സെഞ്ച്വറി റെക്കോഡാണ് വൈഭവ് തകര്‍ത്തത്. സഞ്ജു സാംസണ്‍ 18 വയസും 169 ദിവസവുമുള്ളപ്പോള്‍ ഫിഫ്റ്റി നേടി ഈ റെക്കോഡില്‍ മൂന്നാം സ്ഥാനത്താണ്. പൃഥ്വി ഷായും റിഷഭ് പന്തുമാണ് ഈ റെക്കോഡില്‍ നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്.
രാജസ്ഥാന്‍ താരത്തിന്റെ രണ്ടാമത്തെ വേഗ ഫിഫ്റ്റി
രാജസ്ഥാന്‍ റോയല്‍സിനായി അര്‍ധ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി വൈഭവ് സൂര്യവന്‍ഷി മാറിയിരിക്കുകയാണ്. 13 പന്തില്‍ കെകെആറിനെതിരേ ഫിഫ്റ്റി നേടിയ യശ്വസി ജയ്‌സ്വാളാണ് ഈ റെക്കോഡില്‍ തലപ്പത്ത്. 17 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയതോടെ വൈഭവ് ജോസ് ബട്‌ലറെ മറികടന്ന് ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. വൈഭവിന്റേയും ജയ്‌സ്വാളിന്റേയും ബാറ്റിങ് മികവില്‍ പവര്‍പ്ലേയില്‍ വിക്കറ്റ് പോവാതെ 87 റണ്‍സാണ് രാജസ്ഥാന്‍ അടിച്ചെടുത്തത്. ഗുജറാത്ത് ബൗളര്‍മാര്‍ സ്വപ്‌നത്തില്‍ പ്രതീക്ഷിക്കാത്ത വെടിക്കെട്ടാണ് വൈഭവ് കാഴ്ചവെച്ചത്.

ഇഷാന്ത് ശര്‍മയെ ഞെട്ടിച്ച് വൈഭവ്
ഇന്ത്യക്കായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ മിന്നിക്കുന്ന ബൗളര്‍മാരേയാണ് വൈഭവ് പഞ്ഞിക്കിട്ടതെന്നതാണ് എടുത്തു പറയേണ്ടത്. മുഹമ്മദ് സിറാജിന്റെ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ വൈഭവ് സിക്‌സര്‍ പറത്തി. നാലാം ഓവര്‍ എറിയാനെത്തിയ ഇന്ത്യയുടെ സീനിയര്‍ പേസര്‍ ഇഷാന്ത് ശര്‍മയെ വൈഭവ് പഞ്ഞിക്കിട്ടുവെന്ന് പറയാം. ഓവറിലെ ആദ്യ രണ്ട് പന്തും വൈഭവ് സിക്‌സര്‍ പറത്തി. മൂന്നാം പന്തില്‍ ഫോര്‍ നേടിയപ്പോള്‍ നാലാം പന്ത് ഡോട്ടായി. അഞ്ചാം പന്തില്‍ സിക്‌സര്‍ നേടിയപ്പോള്‍ അവസാന പന്തില്‍ ബൗണ്ടറിയും നേടി. രണ്ട് വൈഡുള്‍പ്പെടെ ഈ ഓവറില്‍ 28 റണ്‍സാണ് പിറന്നത്.
ഇഷാന്തിനെ ഒന്നുമല്ലാതാക്കിക്കളയുന്ന വെടിക്കെട്ടാണ് 14കാരന്‍ കാഴ്ചവെച്ചത്. അഞ്ചാം ഓവര്‍ എറിഞ്ഞ സ്പിന്നര്‍ വാഷിങ്ടണ്‍ സുന്ദറിനേയും സൂര്യവന്‍ഷി അടിച്ചുപറത്തി. മൂന്നാം പന്തും അഞ്ചാം പന്തും സിക്‌സര്‍ പായിച്ച സൂര്യവന്‍ഷി അവസാന പന്തില്‍ തകര്‍പ്പന്‍ ഫോറും നേടി. 7.4 ഓവറില്‍ രാജസ്ഥാന്‍ സ്‌കോര്‍ 100ലേക്കെത്തിക്കാന്‍ ജയ്‌സ്വാളിനും സൂര്യവന്‍ഷിക്കുമായി.
കരിം ജെന്നത്തിനെ കരയിച്ചു
ഗുജറാത്തിനായി അരങ്ങേറ്റം കുറിച്ച കരിം ജെന്നത്തിന്റെ ആദ്യ ഓവറില്‍ 30 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. മൂന്ന് സിക്‌സും മൂന്ന് ഫോറുമാണ് താരം പറത്തിയത്. വൈഭവിന്റെ വെടിക്കെട്ടില്‍ 10 ഓവറില്‍ 145 റണ്‍സാണ് രാജസ്ഥാന്‍ അടിച്ചെടുത്തത്. റാഷിദ് ഖാനെ സിക്‌സര്‍ പായിച്ച് സെഞ്ച്വറി പൂര്‍ത്തിയാക്കാനും വൈഭവിനായി. 14കാരന്റെ അഴിഞ്ഞാട്ടമാണ് ജയ്പൂരില്‍ കാണാനായത്. 35 പന്തിലാണ് താരം സെഞ്ച്വറി നേടിയത്. 11 ഫോറും 7 സിക്‌സുമാണ് പറത്തിയത്.