ഐപിഎല്ലിന്റെ ചരിത്രത്തിലെ ആദ്യത്തെ കറുത്ത കുതിരകളെന്നു വിശേഷിപ്പിക്കാവുന്ന ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. 2008ലെ പ്രഥമ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ എല്ലാ പ്രവചനങ്ങളും തകര്‍ത്തായിരുന്നു ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ നയിച്ച റോയല്‍സിന്റെ കിരീടധാരണം. സൂപ്പര്‍ താരങ്ങളൊന്നുമില്ലാതെ അത്ര പ്രശസ്തരല്ലാത്ത യുവതാരങ്ങളെ വച്ചാണ് അന്നു വോണും സംഘവും കപ്പില്‍ മുത്തമിട്ടത്.
എംഎസ് ധോണി നയിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സിനെയാണ് ഫൈനലില്‍ വോണും പിള്ളേരും ഞെട്ടിച്ചത്. കലാശക്കളിയില്‍ റോയല്‍സിന്റെ ഹീറേയായത് ഇന്ത്യയുടെ വമ്പനടിക്കാരനായ മുന്‍ ഓള്‍റൗണ്ടര്‍ യൂസുഫ് പഠാനായിരുന്നു. റോയല്‍സ് മൂന്നു വിക്കറ്റിന്റെ വിജയം കൊയ്ത പോരാട്ടത്തില്‍ 56 റണ്‍സുമായി യൂസുഫ് കളിയിലെ താരമാവുകയായിരുന്നു. 39 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ നാലു സിക്‌സറും മൂന്നു ഫോറുമുള്‍പ്പെട്ടിരുന്നു.

അന്നു ഫൈനലിനു മുമ്പ് വോണ്‍ നല്‍കിയ ഒരു ഉപദേശമാണ് മാച്ച് വിന്നിങ് പ്രകടനം നടത്താന്‍ തന്നെ പ്രചോദിപ്പിച്ചതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് യൂസുഫ്. യുവതാരങ്ങള്‍ക്കു പ്രാധാന്യം നല്‍കിയുള്ള ടീമായിരുന്നു ഞങ്ങളുടേത്. അതുകൊണ്ടു തന്നെ റോയല്‍സിനു കാര്യമായി നേട്ടങ്ങളൊന്നും ടൂര്‍ണമെന്റിലുണ്ടാക്കാന്‍ സാധിക്കില്ലെന്നു പലരും ചൂണ്ടിക്കാണിക്കുകയും ചെയ്തു.
വലിയ കളിക്കാരൊന്നും ഞങ്ങളുടെ ടീമിലില്ലെന്നും കൂടുതല്‍ പേരും അനുഭവമ്പത്തില്ലാത്ത യുവതാരങ്ങളാണെന്നുമായിരുന്നു ഇതിനു കാരണമായി പറഞ്ഞിരുന്നത്. പക്ഷെ ഞങ്ങള്‍ക്കു അന്നു ഫൈനലിലെത്താന്‍ സാധിച്ചു.
ചെന്നൈ സൂപ്പര്‍ കിങ്‌സായിരുന്നു ഫൈനലിലെ എതിരാളികള്‍. അവര്‍ വളരെ മികച്ച ടീമായിരുന്നു. ഫൈനലിനു മുമ്പ് ക്യാപ്റ്റനായിരുന്ന ഷെയ്ന്‍ വോണ്‍ പറഞ്ഞത് നിങ്ങളെല്ലാം സ്വന്തം കഴിവില്‍ വിശ്വസിക്കണമെന്നായിരുന്നു. എങ്കില്‍ തീര്‍ച്ചയായും ഫൈനലില്‍ ജയിക്കാന്‍ സാധിക്കുമെന്നും വോണ്‍ ആത്മവിശ്വാസം നല്‍കിയതായി യൂസുഫ് പഠാന്‍ വ്യക്തമാക്കി.
ഐപിഎല്ലിന്റെ ചരിത്രത്തിലെ ആദ്യത്തെ ഫൈനലായിരുന്നു അത്. അതിനാല്‍ തന്നെ ഇങ്ങനെയൊരു ഫൈനലില്‍ നിങ്ങള്‍ നന്നായി പെര്‍ഫോം ചെയ്യുകയാണെങ്കില്‍ അതു എല്ലാ കാലത്തും ഓര്‍മിക്കപ്പെടുക തന്നെ ചെയ്യും. കലാശക്കളിക്കു മുമ്പ് ഡ്രസിങ് റൂമില്‍ വച്ച് ഷെയ്ന്‍ വോണ്‍ എന്റെയടുത്തേക്കു വരികയും സംസാരിക്കുകയും ചെയ്തിരുന്നു.
യൂസുഫ് നിങ്ങള്‍ ടീമിനായി ടൂര്‍ണമെന്റില്‍ നല്ല പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നിങ്ങള്‍ ഫൈനലിലും നമ്മുടെ ടീമിനെ വിജയിപ്പിക്കുമെന്ന് എനിക്കു വിശ്വാസമുണ്ട്. നിങ്ങള്‍ നേരത്തേയും ഇതു ചെയ്തിട്ടുണ്ട്. നിങ്ങള്‍ എന്റെ മാച്ച് വിന്നറാണ്. ഒരു മല്‍സരത്തില്‍ക്കൂടി നിങ്ങള്‍ ടീമിനെ ജയിപ്പിക്കണമെന്നും വോണ്‍ പറഞ്ഞിരുന്നതായി യൂസുഫ് ഓര്‍മിച്ചെടുത്തു.

ഷെയ്ന്‍ വോണ്‍ നല്‍കിയ ഈ ആത്മവിശ്വാസത്തിലാണ് ഞാന്‍ ഗ്രൗണ്ടില്‍ ഇറങ്ങിയത്. വോണിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ എനിക്കു നന്നായി പെര്‍ഫോം ചെയ്യാനാവുമെന്നും പ്ലെയര്‍ ഓഫ് ദി മാച്ചാവാന്‍ സാധിക്കുമെന്നും തോന്നിയിരുന്നു. ഞാനും വോണും പ്രതീക്ഷിച്ചതു പോലെ തന്നെ കാര്യങ്ങള്‍ നടക്കുകയും ചെയ്തു. ബാറ്റിങിനൊപ്പം ബൗളിങിലും എനിക്കു മികച്ച പ്രകടനം കാഴ്ചവയ്ക്കാനായിരുന്നു. പ്ലാന്‍ ചെയ്തതു പോലെ തന്നെ വിക്കറ്റുകളും തനിക്കു ലഭിച്ചിരുന്നതായി യൂസുഫ് പഠാന്‍ കൂട്ടിച്ചേര്‍ത്തു.
മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലായിരുന്നു റോയല്‍സ്- സിഎസ്‌കെ കിരീടപ്പോരാട്ടം. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ 20 ഓവറില്‍ അഞ്ചു വിക്കറ്റിനു 163 റണ്‍സെടുക്കുകയായിരുന്നു. 43 റണ്‍സെടുത്ത സുരേഷ് റെയ്‌നയാണ് ടോപ്‌സ്‌കോറര്‍.
പാര്‍ഥീവ് പട്ടേല്‍ 38ഉം ക്യാപ്റ്റന്‍ ധോണി പുറത്താവാതെ 29 റണ്‍സു നേടി. നാലോവറില്‍ 22 റണ്‍സിനു മൂന്നു വിക്കറ്റെടുത്ത യൂസുഫാണ് സിഎസ്‌കെയെ ഒതുക്കിയത്. റണ്‍ചേസില്‍ ഏഴു വിക്കറ്റിനു അവസാന ബോളില്‍ റോയല്‍സ് വിജയ റണ്‍സ് കുറിക്കുകയായിരുന്നു. യൂസുഫായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ച്.