ഐസിസിയുടെ ടി20 ലോകകപ്പ് പടിവാതില്‍ക്കെ എത്തിനില്‍ക്കെ യുവ ഓപ്പണിങ് സെന്‍സേഷന്‍ യശസ്വി ജയ്‌സ്വാളിന്റെ ദയനീയ ഫോം ഇന്ത്യക്കു തലവേദനയായിരിക്കുകയാണ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിനോടൊപ്പം നനഞ്ഞ പടക്കമായി മാറിയിരിക്കുകയാണ് അദ്ദേഹം. കഴിഞ്ഞ സീസണില്‍ 600ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്ത് എമേര്‍ജിങ് പ്ലെയര്‍ പുരസ്‌കാരം കൈക്കലാക്കിയ ജയ്‌സ്വാളിനു ഇതെന്തു പറ്റിയെന്നാണ് ആരാധകരുടെ ചോദ്യം. സീസണിലെ പകുതി മല്‍സരങ്ങള്‍ റോയല്‍സ് പൂര്‍ത്തിയാക്കിയപ്പോള്‍ ഒരു ഫിഫ്റ്റി പോലും താരത്തിനു എടുത്തു കാണിക്കാനില്ല.
ഏറ്റവും അവസാനമായി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ കഴിഞ്ഞ ദിവസം ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മല്‍സരത്തിലും ജയ്‌സ്വാള്‍ നിരാശപ്പെടുത്തി. മോശമല്ലാത്ത തുടക്കം താരത്തിനു ലഭിച്ചെങ്കിലും അതൊരു ഫിഫ്റ്റി പ്ലസ് സ്‌കോറോ, സെഞ്ച്വറിയോ ആക്കി മാറ്റാന്‍ താരത്തിനായില്ല. ഒമ്പതു ബോളില്‍ മൂന്നു ഫോറും ഒരു സിക്‌സറുടമക്കം 19 റണ്‍സെടുത്ത ജയ്‌സ്വാള്‍ രണ്ടാം ഓവറില്‍ തന്നെ പുറത്തായി.

മിച്ചെല്‍ സ്റ്റാര്‍ക്കെറിഞ്ഞ ആദ്യ ഓവറില്‍ രണ്ടു ഫോറുകള്‍ പായിച്ച് ജയ്‌സ്വാള്‍ തന്റെ നിലപാട് വ്യക്തമാക്കിയുരുന്നു. വൈഭവ് അറോറയെറിഞ്ഞ അടുത്ത ഓവറിലും താരം അഗ്രസീവ് സമീപം തന്നെ തുടര്‍ന്നു. ഓവറിലെ മൂന്നാമത്തെ ബേളില്‍ സിക്‌സര്‍ പറത്തിയ ജയ്‌സ്വാള്‍ അടുത്ത ബോളില്‍ ഫോറും പായിച്ചു. ലോങ് ഓഫിനു മുകളിലൂടെയായിരുന്നു 82 മീറ്റര്‍ ദൈര്‍ഘ്യമുള്ള അദ്ദേഹത്തിന്റെ ഇടിവെട്ട് സിക്‌സര്‍.
പക്ഷെ അഞ്ചാമത്തെ ബോളില്‍ ജയ്‌സ്വാള്‍ വീണു. റൗണ്ട് ദി വിക്കറ്റ് ബൗള്‍ ചെയ്ത വൈഭവിനെതിരേ ആഞ്ഞടിച്ച ജയ്‌സ്വാളിന്റെ ബാറ്റില്‍ എഡ്ജായ ബോള്‍ നേരെ സ്ലിപ്പില്‍ വെങ്കടേഷ് അയ്യരുടെ കൈകളിലെത്തി.
ഈ സീസണിലെ ഇതുവരെയുള്ള പ്രകചനമെടുത്താല്‍ റോയല്‍സിനായി ഏഴു മല്‍സരങ്ങളില്‍ നിന്നും ജയ്‌സ്വാള്‍ സ്‌കോര്‍ ചെയ്തിരിക്കുന്നത് വെറും 121 റണ്‍സ് മാത്രമാണ്. 17.28 എന്ന മോശം ശരാശരിയോടെയാണിത്. 119.04 എന്ന സ്‌ട്രൈക്ക് റേറ്റ് മാത്രമേ താരത്തിനുള്ളൂ. കളിച്ച ഏഴിന്നിങ്‌സുകളില്‍ ഒരു ഫിഫ്റ്റി പോലും ജയ്‌സ്വാള്‍ നേടിയിട്ടില്ല. രണ്ടിന്നിങ്‌സുകളില്‍ ഒറ്റയക്ക സ്‌കോറിനു പുറത്തായ താരം 30ന് മുകളില്‍ നേടിയിട്ടുള്ളത് ഒന്നില്‍ മാത്രമാണ്.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള സീസണിലെ ആദ്യ മല്‍സരത്തില്‍ മോശമല്ലാത്ത തുടക്കമാണ് ജയ്‌സ്വാളിനു ലഭിച്ചത്. 12 ബോളില്‍ 24 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്. പക്ഷെ ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള അടുത്ത കളിയില്‍ അദ്ദേഹം ഒറ്റയക്ക സ്‌കോറിനു മടങ്ങി. ഏഴു ബോളില്‍ അഞ്ചു റണ്‍സ് മാത്രമേ താരം നേടിയുള്ളൂ. ഗുജറാത്ത് ടൈറ്റന്‍സിനെതിരേ ജയ്‌സ്വാള്‍ ശക്തമായ തിരിച്ചുവരവ് നടത്തുമെന്നു പ്രതീക്ഷിച്ചെങ്കിലും അതു സംഭവിച്ചില്ല. 19 ബോളില്‍ നിന്നും 24 റണ്‍സ് മാത്രമേ താരം നേടിയുള്ളൂ.
മുംബൈ ഇന്ത്യന്‍സുമായി വാംഖഡെയില്‍ നടന്ന നാലാം റൗണ്ട് പോരാട്ടത്തിലും ജയ്‌സ്വാളില്‍ നിന്നും കാര്യമായ സംഭാവന റോയല്‍സിനു ലഭിച്ചില്ല. ആറു ബോളില്‍ താരം നേടിയത് 10 റണ്‍സ് മാത്രം. പഞ്ചാബ് കിങ്‌സിനെതിരേയാണ് ജയ്‌സ്വാളിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സ് കണ്ടത്. 28 ബോളില്‍ 39 റണ്‍സ് നേടി താരം പുറത്താവുകയായിരുന്നു. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെിരേ ഡെക്കാവാനായിരുന്നു ജയ്‌സ്വാളിന്റെ വിധി. ഇപ്പോള്‍ കെകെആറിനെതിരേയും താരം നിറംമങ്ങി.
ലോകകപ്പില്‍ നായകന്‍ രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി കളിക്കാനൊരുങ്ങുന്ന താരമാണ് ജയ്‌സ്വാള്‍. പക്ഷെ ഐപിഎല്ലിലെ ഫ്‌ളോപ്പ് ഷോ കാരണം അദ്ദേഹത്തെ ഈ റോളില്‍ നിന്നും മാറ്റേണ്ടി വരുമോയെന്ന സംശയത്തിലാണ് ടീം മാനേജ്‌മെന്റ്. ജയ്‌സ്വാളിനു പകരം മികച്ച ഫോമിലുള്ള മുന്‍ നായകന്‍ വിരാട് കോലി ഓപ്പണിങിലേക്കു വരാനുള്ള സാധ്യത തള്ളാന്‍ കഴിയില്ല.