ഈ സീസണിലെ ഐപിഎല്ലില്‍ ആരാധകര്‍ മുഴുവന്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന താരങ്ങളിലൊരാളാണ് ഇന്ത്യയുടെ പുതിയ ബാറ്റിങ് സെന്‍സേഷന്‍ യശസ്വി ജയ്‌സ്വാള്‍. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി യുവതാരം റണ്‍വേട്ട തന്നെ നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കാരണം ഇംഗ്ലണ്ടുമായുള്ള അവസാന ടെസ്റ്റ് പരമ്പരയില്‍ 700ന് മുകളില്‍ റണ്‍സ് ജയ്‌സ്വാള്‍ വാരിക്കൂട്ടിയിരുന്നു. ഐപിഎല്ലില്‍ ഇത്തവണ താരം എത്ര റണ്ണെടുക്കുമെന്നു പ്രവചിച്ചിരിക്കുകയാണ് സൗത്താഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സ്.
സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് ജയ്‌സ്വാളിന്റെ പ്രകടനത്തെക്കുറിച്ച് എബിഡിയുടെ വമ്പന്‍ പ്രവചനം. ഏറ്റവും കുറഞ്ഞത് 500ന് മുകളില്‍ റണ്‍സെങ്കിലും താരത്തിന്‍ നിന്നും പ്രതീക്ഷിക്കാമെന്നാണ് മിസ്റ്റര്‍ 360യുടെ പ്രവചനം. എനിക്കു ഇനിയും കാത്തിരിക്കാന്‍ സാധിക്കാത്ത ഒരാളുണ്ട്, അത് ജയ്‌സ്വാളാണ്. തന്നെക്കൊണ്ട് എന്തൊക്കെ സാധിക്കുമെന്നു ടെസ്റ്റ് പരമ്പരയില്‍ അവന്‍ കാണിച്ചുകഴിഞ്ഞു. ഇനി ടി20യിലും തന്റെ പ്രതിഭ പുറത്തെടുക്കാനുള്ള ജയ്‌സ്വാളിന്റെ സമയമാണിത്.

ടെസ്റ്റ് പരമ്പരയിലെ പ്രകടനത്തോടെ വലിയ ആത്മവിശ്വാസമായിരിക്കും അവനു ലഭിച്ചിട്ടുണ്ടാവുക. അതു ഐപിഎല്ലിലേക്കും കൊണ്ടുവരാനായിരിക്കും ഇനിയുള്ള ശ്രമം. ജയ്‌സ്വാളില്‍ നിന്നും വെടിക്കെട്ട് തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഏറ്റവും കുറഞ്ഞത് 500 പ്ലസ് റണ്‍സെങ്കിലും അവനില്‍ നിന്നു ഞാന്‍ പ്രതീക്ഷിക്കുകയാണ്. ചിലപ്പോള്‍ 600 പ്ലസ് റണ്‍സും ജയ്‌സ്വാള്‍ സ്‌കോര്‍ ചെയ്‌തേക്കുമെന്നും എബിഡി പ്രവചിക്കുന്നു.
ഇംഗ്ലണ്ടിനെതിരേ സമാപിച്ച അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലെ അവിശ്വസനീയ ബാറ്റിങ് പ്രകടനത്തിന്റെ പേരില്‍ ലോകമെമ്പാടും ജയ്‌സ്വാള്‍ ആരാധകരെ നേടിയെടുത്തു കഴിഞ്ഞു. ഒമ്പതു ഇന്നിങ്‌സുകളില്‍ നിന്നും രണ്ടു ഡബിള്‍ സെഞ്ച്വറികളടക്കം 712 റണ്‍സ് താരം വാരിക്കൂട്ടിയിരുന്നു. മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കറിനു ശേഷം ഒരു ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി 700നു മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്ത ആദ്യ താരമായും ജയ്‌സ്വാള്‍ മാറിയിരുന്നു.
കഴിഞ്ഞ ഐപിഎല്‍ സീസണിലും താരം മാരക ഫോമിലായിരുന്നു. കരിയര്‍ ബെസ്റ്റ് പ്രകടനമാണ് റോയല്‍സിനു വേണ്ടി കഴിഞ്ഞ വര്‍ഷം ജയ്‌സ്വാള്‍ കാഴ്ചവച്ചത്. 14 മല്‍സരങ്ങളില്‍ നിന്നും 163.61 സ്‌ട്രൈക്ക് റേറ്റില്‍ ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റികളുമടക്കം 625 റണ്‍സ് താരം വാരിക്കൂട്ടി. ഈ പ്രകടനമാണ് ടൂര്‍ണമെന്റിനു ശേഷം വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്കും ജയ്‌സ്വാളിനു വഴി തുറന്നത്. കരീബിയന്‍ മണ്ണില്‍ ടെസ്റ്റ്, ടി20 എന്നിവയില്‍ ജയ്‌സ്വാള്‍ അരങ്ങേറുകയും ചെയ്യുകയായിരുന്നു.
ഐപിഎല്ലില്‍ കഴിഞ്ഞ സീസണ്‍ മാറ്റിനിര്‍ത്തിയല്‍ മറ്റൊരു സീസണിലും ജയ്‌സ്വാളിനു 300ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാനായിട്ടില്ല. 2022ല്‍ 258 റണ്‍സും 2021ല്‍ 249ഉം റണ്‍സുമായിരുന്നു താരത്തിന്റെ സമ്പാദ്യം. അരങ്ങേറ്റ സീസണായ 2020ല്‍ വെറും മൂന്നു മല്‍സരങ്ങളില്‍ മാത്രമേ ജയ്‌സ്വാള്‍ കളിച്ചുള്ളൂ. ഇവയില്‍ നിന്നും നേടാനായത് 40 റണ്‍സുമാണ്.

ജയ്‌സ്വാളിന്റെ പുതിയ സീസണിലെ ബാറ്റിങ് പ്രകടനത്തെക്കുറിച്ച് പ്രവചിക്കുന്നതിനോടൊപ്പം സൗത്താഫ്രിക്കന്‍ യുവതാരം ട്രിസ്റ്റണ്‍ സ്റ്റബ്‌സിനെ എബിഡി പുകഴ്ത്തുകയും ചെയ്തു. ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടിയാണ് ഇത്തവണ താരം കളിക്കുക. മിനി താരലേത്തില്‍ 50 ലക്ഷം രൂപ മുടക്കിയാണ് സ്റ്റബ്‌സിനെ ഡിസി വാങ്ങിയത്. ഇത്തവണ ശ്രദ്ധിക്കേണ്ട താങ്ങളിലൊരാളാണ് സ്റ്റബ്‌സെന്നാണ് എബിഡി പറയുന്നത്.
എസ്എ20 (സൗത്താഫ്രിക്ക 20) ടൂര്‍ണമെന്റില്‍ സ്റ്റബ്‌സ് വളരെ മികച്ച പ്രകടനമാണ് അവസാന സീസണില്‍ പുറത്തെടുത്തത്. കഴിഞ്ഞ വര്‍ഷം അവന്‍ അത്ര നല്ല ഫോമിലായിരുന്നില്ല. എന്നാല്‍ ഈ വര്‍ഷം തന്നെക്കൊണ്ട് എന്തൊക്കെ സാധിക്കുമെന്നു സ്റ്റബ്‌സ് കാണിച്ചുതന്നു.
വളരെ പ്രതിഭാശാലിയായ യുതാരമാണ് അവന്‍. വളരെയധികം കരുത്തോടെയാണ് ബോളുകളെ പ്രഹരിക്കുന്നത്. ബൗളിങിലും ടീമിനു വേണ്ടി സംഭാവനകള്‍ ചെയ്യാന്‍ സ്റ്റബ്സിനു കഴിയും. കൂടാതെ മികച്ച ഫീല്‍ഡറും കൂടിയാണ്. അതുകൊണ്ടു തന്നെ ഈ ഐപിഎല്ലില്‍ അവനെയൊന്നു ശ്രദ്ധിക്കണമെന്നും എബിഡി പറഞ്ഞു.