ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഒരിക്കല്‍ മാത്രമേ കിരീടം ചൂടാനായിട്ടുള്ളൂവെങ്കിലും ഒട്ടേറെ ആരാധകരുള്ള ടീമുകളിലൊന്നാണ് രാജസ്ഥാന്‍ റോയല്‍സ്. ഇതിനു പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് അവരുടെ ക്യാപ്റ്റനും മലയാളി വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണാണ്. ദേശീയ ടീമിലെ സ്ഥിരാംഗമായിട്ടില്ലെങ്കിലും അതിശയിപ്പിക്കുന്ന ആരാധക പിന്തുണയാണ് സഞ്ജുവിനുള്ളത്.
2008ലെ പ്രഥമ ഐപിഎല്ലിലാണ് റോയല്‍സിനു കിരീടമുയര്‍ത്താന്‍ ഭാഗ്യമുണ്ടായത്. അതിനു ശേഷം വീണ്ടുമൊരു ഫൈനലില്‍ റോയല്‍സ് കളിച്ചത് 2022ലാണ്. സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയിലാണ് റോയല്‍സ് അന്നു കലാശപ്പോരിനു യോഗ്യത നേടിയത്. പക്ഷെ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടു തോല്‍ക്കാനായിരുന്നു വിധി. വരാനിരിക്കുന്ന സീസണിലും വലിയ പ്രതീക്ഷയോടെയാണ് റോയല്‍സിന്റെ പടയൊരുക്കം. കഴിഞ്ഞ തവണത്തേതു പോലെ ശക്തമായ താരനിരയാണ് റോയല്‍സിനുള്ളത്. പുതുതായി ചിലരെ ലേലത്തില്‍ കൊണ്ടുവരാനും സാധിച്ചിരുന്നു.

വമ്പനടിക്കാരായ ചില ബാറ്റര്‍മാരുടെ സാന്നിധ്യം റോയല്‍സിനെ അപകടകാരികളാക്കി മാറ്റുന്നു. പുതിയ സീസണില്‍ റോയല്‍സിനു വേണ്ടി ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടുന്ന ബാറ്റര്‍ ആരായിരിക്കും ? അവരുടെ റണ്‍മെഷീനായി മാറാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.
ആദ്യത്തെയാള്‍ വെടിക്കെട്ട് ഓപ്പണറും ഇംഗ്ലണ്ട് വൈറ്റ് ബോള്‍ ടീം ക്യാപ്റ്റനുമായ ജോസ് ബട്‌ലറാണ്. 2022ലെ ഐപിഎല്ലില്‍ സ്വപ്‌നതുല്യമായ പ്രകടനത്തോടെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പ് അദ്ദേഹം സ്വന്തമാക്കിയിരുന്നു. 17 മല്‍സരങ്ങളില്‍ നിന്നും നാലു വീതം സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കം ബട്‌ലര്‍ വാരിക്കൂട്ടിയത് 863 റണ്‍സാണ്.
പക്ഷെ കഴിഞ്ഞ തവണ ഈ മാജിക്ക് ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിനായില്ല. 392 റണ്‍സ് മാത്രമേ 14 കളിയില്‍ താരം നേടിയുള്ളൂ. ഇതിന്റെ ക്ഷീണം വരാനിരിക്കുന്ന സീസണില്‍ തീര്‍ക്കാന്‍ തന്നെയായിരിക്കും ബട്‌ലറുടെ ശ്രമം. അതുകൊണ്ടു തന്നെ റണ്‍വേട്ട അദ്ദേഹത്തില്‍ നിന്നും പ്രതീക്ഷിക്കുകയും ചെയ്യാം.
ഇന്ത്യയുടെ പുതിയ ബാറ്റിങ് സെന്‍സേഷനായി മാറിയ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ് പുതിയ സീസണില്‍ റോയല്‍സിനു വേണ്ടി ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സാധ്യതയുള്ള രണ്ടാമത്തെ താരം. കഴിഞ്ഞ തവണ റോയല്‍സിനു വേണ്ടി ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയത് ജയ്‌സ്വാളാണ്. താരത്തിന്റെ കരിയറിലെ ടേണിങ് പോയിന്റായി മാറിയതും ഇതാണ്. ഐപിഎല്ലിലെ ഈ മിന്നുന്ന പ്രകടനമാണ് ഇന്ത്യന്‍ ടീമിലേക്കും ജയ്‌സ്വാളിനു വഴിതുറന്നത്.
റോയല്‍സിനു വേണ്ടി 14 മല്‍സരങ്ങളില്‍ നിന്നും താരം അടിച്ചെടുത്തത് 625 റണ്‍സാണ്. ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റികളുമടക്കമാണിത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയെന്ന റെക്കോര്‍ഡും ജയ്‌സ്വാള്‍ സ്വന്തം പേരില്‍ കുറിച്ചിരുന്നു. നിലവില്‍ ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ റണ്‍മഴ പെയ്യിക്കുകയാണ് താരം. ഈ ഫോം പരിഗണിക്കുമ്പോള്‍ റോയല്‍സിന്റെ റണ്‍ മെഷീന്‍ ജയ്‌സ്വാള്‍ തന്നെയാവുമെന്നു ഏറെക്കുറെ ഉറപ്പാണ്.

ക്യാപ്റ്റന്‍ സഞ്ജു സാംസണാണ് റോയല്‍സിനായി പുതിയ സീസണില്‍ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സാധ്യതയുള്ള മൂന്നാമത്തെയാള്‍. കരിയറില്‍ ഇതുവരെ ടോപ്സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് അദ്ദേഹത്തെ തേടിയെത്തിയിട്ടില്ല. പക്ഷെ അതുകൊണ്ട് സഞ്ജുവിന് ഇനിയതു സാധിക്കില്ലെന്നു പറയുന്നതും ശരിയല്ല. അദ്ദേഹത്തിന്റെ കരിയറിലെ ബ്രേക്ക്ത്രൂ സീസണായി ഇതു മാറിയേക്കും.
ടി20 ലോകകപ്പ് ജൂണില്‍ നടക്കാനിരിക്കെ ഇന്ത്യന്‍ ടീമിലേക്കു മല്‍സരരംഗത്തുള്ള താരമാണ് സഞ്ജു. ദേശീയ ടീമിന്റെ ഭാഗമാവണമെങ്കില്‍ ഐപിഎല്ലില്‍ റോയല്‍സിനായി അദ്ദേഹത്തിനു ബാറ്റിങില്‍ കസറിയേ തീരൂ. ഈ കാരണത്താല്‍ തന്നെ ബാറ്റിങില്‍ തന്റെ മികവ് മുഴുവന്‍ ഈ സീസണില്‍ പുറത്തെടുക്കാന്‍ സഞ്ജു ശ്രമിക്കുമെന്നുറപ്പാണ്.
അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം കണ്ടത് 2021ലെ ഐപിഎല്ലിലാണ്. അന്നു 484 റണ്‍സ് സഞ്ജു സ്‌കോര്‍ ചെയ്തിരുന്നു. 2022ല്‍ 458 റണ്‍സും അദ്ദേഹം അടിച്ചെടുത്തു. പക്ഷെ കഴിഞ്ഞ തവണ സഞ്ജുവിന്റെ ഗ്രാഫ് താഴേക്കു പോയി. 14 കളിയില്‍ നിന്നും നേടാനായത് 362 റണ്‍സാണ്.