ഇന്ത്യന്‍ ബാറ്റിങ് സെന്‍സേഷനും ഐപിഎല്ലില്‍ സഹതാരവുമായ യശസ്വി ജയ്‌സ്വാളുമായി ബന്ധപ്പെട്ട രസകരമായ ഒരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് ടീം ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. കഴിഞ്ഞ ഐപിഎല്ലില്‍ റോയല്‍സിനു വേണ്ടി കളിക്കവെ നാലു പേരെ ജയ്‌സ്വാള്‍ ആശുപത്രിയിലെത്തിച്ച സംഭവമാണ് അദ്ദേഹം തുറന്നു പറഞ്ഞത്.
കളിക്കാര്‍ക്കല്ല, മറിച്ച് റോയല്‍സിലെ സപ്പോര്‍ട്ട് സ്റ്റാഫുമാര്‍ക്കാണ് അന്നു പരിക്കേറ്റതെന്നാണ് സഞ്ജു വെളിപ്പെടുത്തിയത്. സ്റ്റാര്‍ നഹി ഫാറെന്ന സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യഥാര്‍ഥ മല്‍സരത്തില്‍ മാത്രമല്ല നെറ്റ്‌സിലും വളരെ ആക്രമണോത്സുകതയോടെ ബാറ്റ് ചെയ്യുന്നയാളാണ് ജയ്‌സ്വാളെന്നും പലപ്പോഴും നെറ്റ്‌സില്‍ പരിശീലനം നിര്‍ത്താന്‍ പോലും കൂട്ടാക്കാറില്ലെന്നും സഞ്ജു വ്യക്തമാക്കി.

റോയല്‍സ് ടീമില്‍ ഏറ്റവുമധികം സമയം നെറ്റ്‌സില്‍ ചെലവഴിക്കുന്നയാള്‍ ആരാണെന്ന ചോദ്യത്തിനു ജയ്‌സ്വാളെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കഴിഞ്ഞ മൂന്ന്- നാലു വര്‍ഷത്തിനിടെ താരത്തെ പല തവണ നെറ്റ്‌സില്‍ നിന്നും പിടിച്ചുമാറ്റേണ്ടതായി വന്നിട്ടുണ്ടെന്നും സഞ്ജു പറയുന്നു.
ഞങ്ങളുടെ പരിശീലന ക്യാംപില്‍ നാലു സര്‍ദാര്‍ജിമാരുണ്ട്. ഇവര്‍ക്കു നല്‍കിയിരിക്കുന്നത് കട്ട്, പുള്‍, ഫ്‌ളിക്ക്, ഡ്രൈവ് എന്നിങ്ങനെയുള്ള പേരുകളാണ്. പരിശീലന സെഷനില്‍ ബാറ്റര്‍ക്കു കട്ട് ചെയ്യാന്‍ പാകത്തില്‍ ബൗള്‍ ചെയ്യുന്നയാളാണ് കട്ട്. പരിശീലനത്തില്‍ പുള്‍ ഷോട്ടുകള്‍ കളിക്കാനുള്ള ബോളുകള്‍ എറിയുകയാണ് പുള്‍ എന്ന് പേര് നല്‍കിയ വ്യക്തിയുടെ റോള്‍. മറ്റു രണ്ടു പേരുടെയും കാര്യം ഇതു പോലെ തന്നെ.
പക്ഷെ ഈ നാലു പേരുടെയും തോളിനു കഴിഞ്ഞ സീസണിന്‍ സ്ഥാനചലനം സംഭവിച്ചു. ഇതിനു കാരണക്കാരന്‍ ജയ്‌സ്വാളാണ്. നാലു സപ്പോര്‍ട്ട് സ്റ്റാഫുമാര്‍ക്കും ആശുപത്രിയില്‍ ചികില്‍സ തേടണ്ടി വരികയും ചെയ്തു. അതിനു ശേഷമാണ് ഇവര്‍ വീണ്ടും ടീമിനോടൊപ്പം ചേര്‍ന്നത്. കളിക്കാര്‍ക്കു പകരം അന്നു ജയ്‌സ്വാള്‍ കാരണം സ്റ്റാഫുമാര്‍ക്കാണ് പരിക്കേറ്റതെന്നും സഞ്ജു വിശദമാക്കി.
ഈ സീസണില്‍ റോയല്‍സ് ബാറ്റിങ് നിരയിലെ തുറുപ്പുചീട്ടാണ് 22 കാരനായ ജയ്‌സ്വാള്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറിയ ശേഷം അവിസ്മരണീയ ഫോമിലാണ് ഇടംകൈയന്‍ ബാറ്റര്‍ കളിച്ചുകൊണ്ടിരിക്കുന്നത്. ഏറ്റവും അവസാനമായി ഇംഗ്ലണ്ടുമായുള്ള അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലാണ് ജയ്‌സ്വാളിനെ കളിക്കളത്തില്‍ കണ്ടത്. 712 റണ്‍സ് താരം വാരിക്കൂട്ടുകയും ചെയ്തു. രണ്ടു ഡബിള്‍ സെഞ്ച്വറികളുള്‍പ്പെടെയാണിത്.

ടെസ്റ്റില്‍ മാത്രമല്ല അന്താരാഷ്ട്ര ടി20യിലും ജയ്‌സ്വാള്‍ കസറുകയാണ്.17 മല്‍സരങ്ങളില്‍ നിന്നും 500ന് മുകളില്‍ റണ്‍സ് താരം സ്‌കോര്‍ ചെയ്തു കഴിഞ്ഞു. ഒരു സെഞ്ച്വറിയും നാലു ഫിഫ്റ്റികളുമടക്കമാണിത്. കഴിഞ്ഞ സീസണിലെ ഐപിഎല്‍ ജയ്‌സ്വാളിനെ സംബന്ധിച്ച് ഗംഭീരമായിരുന്നു. കരിയര്‍ ബെസ്റ്റ് പ്രകടനമാണ് സീസണില്‍ അദ്ദേഹം കാഴ്ചവച്ചത്. 14 മല്‍സരങ്ങളില്‍ നിന്നും 625 റണ്‍സ് ജയ്‌സ്വാള്‍ സ്‌കോര്‍ ചെയ്തിരുന്നു.
സീസണിലെ റണ്‍വേട്ടക്കാരില്‍ ശുഭ്മന്‍ ഗില്‍, ഫഫ് ഡുപ്ലെസി, ഡെവന്‍ കോണ്‍വേ, വിരാട് കോലി എന്നിവര്‍ക്കു പിറകില്‍ അഞ്ചാംസ്ഥാനത്തും താരം ഫിനിഷ് ചെയ്തിരുന്നു. അതിനു ശേഷമാണ് ജൂണ്‍-ജൂലൈ വര്‍ഷങ്ങളിലായി നടന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലൂടെ ഇന്ത്യക്കു വേണ്ടി ജയ്‌സ്വാള്‍ അരങ്ങേറിയത്. ടെസ്റ്റ്, ടി20 എന്നിവയിലാണ് താരം കളിച്ചത്. രണ്ടിലും ശ്രദ്ധേയമായ പ്രകടനം നടത്തിയ ജയ്‌സ്വാള്‍ ടീമില്‍ സ്ഥാനവും ഉറപ്പിക്കുകയായിരുന്നു.