ഐപിഎല്ലിന്റെ 17ാം സീസണിനു മുന്നോടിയായുള്ള പരിശീലന മല്‍സരത്തില്‍ തങ്ങളുടെ ബാറ്റിങ് കരുത്ത് ലോകത്തിനു കാണിച്ചുകൊടുത്തിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് താരം ജോസ് ബട്‌ലറോ, നായകന്‍ സഞ്ജു സാംസണോ ഇല്ലാതെ തന്നെ റണ്‍സ് വാരിക്കൂട്ടാന്‍ ശേഷിയുള്ള ബാറ്റര്‍മാരുണ്ടെന്നാണ് പരിശീലന മല്‍സരത്തില്‍ റോയല്‍സ് തെളിയിച്ചത്. റോയല്‍സ് ടീം രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞ് ഏറ്റുമുട്ടിയപ്പോള്‍ നാലു പേരാണ് ഫിഫ്റ്റി പ്ലസ് സ്‌കോറുകളുമായി കസറിയത്.
ഇതു തീര്‍ച്ചയായും പുതിയ സീസണിനു മുമ്പ് റോയല്‍സിന്റെ ആത്മവിശ്വാസം വാനോളമുയര്‍ത്തുന്ന കാര്യമാണ്. ടീം ഇന്ത്യക്കൊപ്പം അവസാനമായി കളിച്ച ടെസ്റ്റ് പരമ്പരയില്‍ കസറിയ ധ്രുവ് ജുറേലും ഓപ്പണിങ് സെന്‍സേഷന്‍ യശസ്വി ജയ്‌സ്വാളുമെല്ലാം പരിശീലന മല്‍സരത്തില്‍ ഇടിവെട്ട് ഫിഫ്റ്റികളാണ് കുറിച്ചത്. റിയാന്‍ പരാഗ്, പുതുതായി ഈ സീസണില്‍ ടീമിന്റെ ഭാഗമായ ശുഭം ദുബെ എന്നിവരാണ് ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ നേടിയ മറ്റുള്ളവര്‍. സഞ്ജുവും ബട്‌ലറും ഈ മല്‍സരത്തില്‍ കളിച്ചിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല.

ഇന്‍ട്രാ സ്‌ക്വാഡ് പരിശീലന മല്‍സരത്തില്‍ ടോപ്‌സ്‌കോററായത് ജുറേലാണ്. വെറും 23 ബോളുകളില്‍ നിന്നും താരം വാരിക്കൂട്ടിയത് 62 റണ്‍സാണ്. ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ രണ്ടു ഡബിള്‍ സെഞ്ച്വറികളടക്കം 700ന് മുകളില്‍ റണ്‍സ് വാരിക്കൂട്ടിയ ജയ്‌സ്വാള്‍ റോയല്‍സിലും ഫോം ആവര്‍ത്തിച്ച. 31 ബോളില്‍ താരം അടിച്ചെടുത്തത് 58 റണ്‍സാണ്. റോയല്‍സ് കുപ്പായതില്‍ ഇനിയും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താനായിട്ടില്ലാത്ത പരാഗ് ഇതു തന്റെ കരിയറിലെ ടേണിങ് പോയിന്റ് സീസണവുമെന്ന ശുഭപ്രതീക്ഷയിലാണ്.
പരിശീലന മല്‍സരത്തില്‍ 28 ബോളില്‍ പരാഗ് സ്‌കോര്‍ ചെയ്തത് 55 റണ്‍സാണ്. റോയല്‍സ് ബാറ്റിങ് നിരയില്‍ ഈ സീസണില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കാന്‍ തനിക്കു സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് താരം. ആഭ്യന്തര ക്രിക്കറ്റില്‍ വിവിധ ഫോര്‍മാറ്റുകളില്‍ റണ്‍വേട്ട നടത്തിയ ശേഷമാണ് പരാഗ് റോയല്‍സ് ടീമിനോടൊപ്പം ചേര്‍ന്നിരിക്കുന്നത്. അദ്ദേഹത്തെ സംബന്ധിച്ച് ഈ സീസണ്‍ ഏറെ നിര്‍ണായകവുമാണ്. ഇത്തവണയും ബാറ്റിങില്‍ ഫ്‌ളോപ്പായാല്‍ പരാഗിനെ റോയല്‍സ് കൈവിടുമെന്നുറപ്പാണ്.
ജുറേല്‍, ജയ്‌സ്വാള്‍, പരാഗ് എന്നിവരെക്കൂടാതെ ശുഭം ദുബെയുടെ ഫോമും റോയല്‍സിനു വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. പരിശീലന മല്‍സരത്തില്‍ 22 ബോളില്‍ താരം അടിച്ചെടുത്തത് 53 റണ്‍സാണ്. ബൗളിങില്‍ ഫാസ്റ്റ് ബൗളര്‍ കുല്‍ദീപ് സെന്നിന്റെ പ്രകടനം എടുത്തു പറയേണ്ടതാണ്,. മൂന്നോവറില്‍ 19 റണ്‍സ് വിട്ടുകൊടുത്തത് ഒരു വിക്കറ്റ് വീഴ്ത്തി.

കഴിഞ്ഞ സീസണിലായിരുന്നു റോയല്‍സിനോടൊപ്പം ജുറേലിന്റെ അരങ്ങറ്റം. വിക്കറ്റ് കീപ്പറായ 23 കാരനായ താരത്തിനു ഫിനിഷറുടെ റോളാണ് റോയല്‍സ് നല്‍കിയത്. ഫിനിഷറായി ചില മികച്ച പ്രകടനങ്ങള്‍ ജുറേല്‍ കാഴ്ചവയ്ക്കുകയും ചെയ്തു. 13 മല്‍സരങ്ങളില്‍ നിന്നും 172.73 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റില്‍ 152 റണ്‍സ് താരം നേടി. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 34 റണ്‍സായിരുന്നു.
ഈ സീസണില്‍ ബാറ്റിങില്‍ തനിക്കു കുറേക്കൂടി മുകളില്‍ കളിക്കാന്‍ അവസരം ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ജുറേല്‍. ബാറ്റിങില്‍ കസറിയാല്‍ അടുത്ത ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കും താരം വിക്കറ്റ് കീപ്പറായി പരിഗണിക്കപ്പെട്ടേക്കും.
ജയ്‌സ്വാളിന്റെ കാര്യമെടുത്താല്‍ ഐപിഎല്ലിലെ കരിയര്‍ ബെസ്റ്റ് സീസണായിരുന്നു കഴിഞ്ഞ വര്‍ഷത്തേത്. ഇന്ത്യന്‍ ടീമിലേക്കു താരത്തിനു വഴിതുറന്നും ഐപിഎല്ലായിരുന്നു. 14 മല്‍സരങ്ങളില്‍ നിന്നും ജയ്‌സ്വാള്‍ അടിച്ചെടുത്തത് 625 റണ്‍സാണ്. ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റിയുമുള്‍പ്പെടെയാണിത്.