For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: യഷ് താക്കൂറിന് 5 വിക്കറ്റ്, നാണംകെട്ട് ഗുജറാത്ത്, ലഖ്‌നൗവിന് തകര്‍പ്പന്‍ ജയം

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 21ാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ച് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്. തട്ടകത്തില്‍ 33 റണ്‍സിന്റെ ജയമാണ് ലഖ്‌നൗ നേടിയത്. ആദ്യം ബാറ്റു ചെയ്ത ലഖ്‌നൗ 5 വിക്കറ്റിന് 163 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഗുജറാത്തിന് 18.5 ഓവറില്‍ 130 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. യഷ് താക്കൂറിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ലഖ്‌നൗവിന്റെ ജയം എളുപ്പമാക്കിയത്.

ടോസ് നേടി ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ തുടക്കം പ്രതീക്ഷിച്ചപോലെയായില്ല. സ്‌കോര്‍ബോര്‍ഡില്‍ 6 റണ്‍സുള്ളപ്പോള്‍ മിന്നും ഫോമിലുള്ള ക്വിന്റന്‍ ഡീകോക്കിനെ ലഖ്‌നൗവിന് നഷ്ടമായി.

4 പന്തില്‍ 1 സിക്‌സറടക്കം 6 റണ്‍സെടുത്ത ഡീകോക്കിനെ ഉമേഷ് യാദവിന്റെ പന്തില്‍ നൂര്‍ അഹമ്മദാണ് ക്യാച്ചിലൂടെ പുറത്താക്കിയത്. രാജസ്ഥാന്‍ വിട്ട് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിലേക്കെത്തിയ ദേവ്ദത്ത് പടിക്കല്‍ മോശം ഫോം തുടരുകയാണ്.

7 പന്ത് നേരിട്ട് 1 ബൗണ്ടറി ഉള്‍പ്പെടെ 7 റണ്‍സാണ് ദേവ്ദത്ത് നേടിയത്. 0, 9, 6, 7 എന്നിങ്ങനെയാണ് ഈ സീസണിലെ ദേവ്ദത്തിന്റെ പ്രകടനം. ഒരു തവണപോലും രണ്ടക്കം കാണാനാവാതെ ദേവ്ദത്ത് പ്രയാസപ്പെടുകയാണെന്ന് പറയാം.

18ന് 2 എന്ന നിലയില്‍ ലഖ്‌നൗ തകര്‍ച്ചയെ മുന്നില്‍ക്കണ്ടെങ്കിലും മൂന്നാം വിക്കറ്റില്‍ കെ എല്‍ രാഹുലും മാര്‍ക്കസ് സ്റ്റോയിണസും ചേര്‍ന്ന് ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോയി. രാഹുല്‍ മികച്ച ഷോട്ടുകള്‍ കളിച്ചെങ്കിലും അതിവേഗത്തില്‍ റണ്‍സുയര്‍ത്താനായില്ല.

31 പന്ത് നേരിട്ട് 3 ഫോറുള്‍പ്പെടെ 33 റണ്‍സാണ് രാഹുലിന് നേടാനായത്. 106.45 ആയിരുന്നു രാഹുലിന്റെ സ്‌ട്രൈക്ക് റേറ്റ്. സ്റ്റോയിണിസ് ഒരുവശത്ത് റണ്‍സുയര്‍ത്തി. 43 പന്തില്‍ 4 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 58 റണ്‍സാണ് സ്റ്റോയിണിസ് നേടിയത്. അതിവേഗം റണ്‍സുയര്‍ത്താനുള്ള ശ്രമത്തിനിടെ ദര്‍ശന്‍ നാല്‍ക്കണ്ഡെയ്ക്ക് വിക്കറ്റ് നല്‍കി സ്‌റ്റോയിണിസ് മടങ്ങി. ആയുഷ് ബദോനി 11 പന്തില്‍ 3 ബൗണ്ടറി ഉള്‍പ്പെടെ 20 റണ്‍സ് നേടി. റാഷിദ് ഖാനാണ് യുവതാരത്തെ മടക്കിയത്.

shubman gill yash thakur

നിക്കോളാസ് പുരാന് പ്രതീക്ഷിച്ച വെടിക്കെട്ട് നടത്താനായില്ല. 22 പന്തില്‍ 3 സിക്‌സര്‍ ഉള്‍പ്പെടെ 32* റണ്‍സാണ് പുരാന്‍ നേടിയത്. ക്രുണാല്‍ പാണ്ഡ്യയും (2) പുറത്താവാതെ നിന്നു. ഇതോടെ 20 ഓവറില്‍ 5 വിക്കറ്റിന് 163 എന്ന സ്‌കോറിലേക്കെത്താന്‍ ലഖ്‌നൗവിനായി. ഗുജറാത്തിനായി ഉമേഷ് യാദവും ദര്‍ശന്‍ നാല്‍ക്കണ്ഡെയും 2 വിക്കറ്റുകള്‍ പങ്കിട്ടപ്പോള്‍ റാഷിദ് ഖാന്‍ ഒരു വിക്കറ്റും നേടി.

മറുപടിക്കിറങ്ങിയ ഗുജറാത്തിന് മികച്ച തുടക്കം ലഭിച്ചു. ഒന്നാം വിക്കറ്റില്‍ 54 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ ശേഷം ശുബ്മാന്‍ ഗില്‍ മടങ്ങി. 21 പന്തില്‍ 2 ബൗണ്ടറി ഉള്‍പ്പെടെ 19 റണ്‍സെടുത്ത ഗില്ലിനെ യഷ് താക്കൂര്‍ ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. കെയ്ന്‍ വില്യംസണ്‍ (1) വന്നതുപോലെ മടങ്ങി.

5 പന്ത് നേരിട്ട വില്യംസണെ രവി ബിഷ്‌നോയ് തകര്‍പ്പന്‍ റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കി. അധികം വൈകാതെ സായ് സുദര്‍ശനും മടങ്ങി. 23 പന്തില്‍ 4 ബൗണ്ടറി ഉള്‍പ്പെടെ 31 റണ്‍സ് നേടിയ സായ് സുദര്‍ശനെ ക്രുണാല്‍ പാണ്ഡ്യയാണ് പുറത്താക്കിയത്.

ബി ആര്‍ ശരത്തിനേയും (2) ദര്‍ശന്‍ നാല്‍ക്കണ്ഡയേയും (12) ക്രുണാല്‍ പാണ്ഡ്യ മടക്കിയതോടെ 80ന് 5 എന്ന നിലയിലേക്ക് ഗുജറാത്ത് തകര്‍ന്നു. റാഷിദ് ഖാന്‍ ഡെക്കിന് പുറത്തായപ്പോള്‍ ഉമേഷ് യാദവ് 2 റണ്‍സിലും മടങ്ങി. 25 പന്തില്‍ 2 വീതം ഫോറും സിക്‌സും ഉള്‍പ്പെടെ 30 റണ്‍സ് നേടിയ രാഹുല്‍ തെവാത്തിയയെ യഷ് താക്കൂറും പുറത്താക്കിയതോടെ ഗുജറാത്തിന്റെ അവസാന പ്രതീക്ഷയും അവസാനിച്ചു.

പ്ലേയിങ് 11: ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്- ക്വിന്റന്‍ ഡീകോക്ക് (wc), കെ എല്‍ രാഹുല്‍ (c) ദേവ്ദത്ത് പടിക്കല്‍, മാര്‍ക്കസ് സ്റ്റോയിണിസ്, നിക്കോളാസ് പുരാന്‍, ആയുഷ് ബദോനി, ക്രുണാല്‍ പാണ്ഡ്യ, രവി ബിഷ്‌നോയ്, യഷ് താക്കൂര്‍, നവീന്‍ ഉല്‍ ഹഖ്, മായങ്ക് യാദവ്

ഗുജറാത്ത് ടൈറ്റന്‍സ്- ശുബ്മാന്‍ ഗില്‍ (c), ബിആര്‍ ശരത് (wc), സായ് സുദര്‍ശന്‍, വിജയ് ശങ്കര്‍, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്, ഉമേഷ് യാദവ്, സ്‌പെന്‍സര്‍ ജോണ്‍സന്‍, ദര്‍ശന്‍ നാല്‍ക്കണ്ഡെ, മോഹിത് ശര്‍മ

Story first published: Sunday, April 7, 2024, 15:30 [IST]
Other articles published on Apr 7, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+