റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനു ഇത്തവണയും ഐപിഎല്ലില്‍ ചാംപ്യന്‍മാരാവാന്‍ സാധിക്കില്ലെന്നു ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. സീസണില്‍ ഇനി എട്ടു കളികള്‍ മാത്രം അവശേഷിക്കെ പോയിന്റെ പട്ടികയില്‍ ഒമ്പതാംസ്ഥാനത്താണ് ആര്‍സിബി. അധികം വൈകാതെ അവസാന സ്ഥാനത്തേക്കും അവര്‍ വീണേക്കും. ആറു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ആര്‍സിബിക്കു വിജയിക്കാനായത്. ശേഷിച്ച അഞ്ചിലും തോല്‍വിയായിരുന്നു ഫലം. കഴിഞ്ഞ ദിവസം അഞ്ചു തവണ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സിനോടു നാണംകെട്ട തോല്‍വിയാണ് ആര്‍സിബിക്കു നേരിട്ടത്.
ആര്‍സിബിയുടെ ഈ ഫ്‌ളോപ്പ് ഷോ കാരണം യഥാര്‍ഥത്തില്‍ കുഴപ്പത്തിലായ ഒരു ഇതിഹാസ താരമുണ്ട്, മുന്‍ ക്യാപ്റ്റന്‍ കൂടിയായ വിരാട് കോലിയാണിത്. 2008ലെ പ്രഥമ സീസണ്‍ സീസണ്‍ മുതല്‍ ആര്‍സിബിക്കു വേണ്ടി കളിച്ചുകൊണ്ടിരുന്നിട്ടും ഒരിക്കല്‍പ്പോലും കപ്പുയര്‍ത്താനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായിട്ടില്ല. ടീമിനു വേണ്ടി ഭൂരിഭാഗം സീസണുകളിലും ബാറ്റിങില്‍ കോലി ഗംഭീര പ്രകടനം നടത്തിയിട്ടുണ്ടെങ്കിലും ആര്‍സിബിയെ ചാംപ്യന്‍ പട്ടത്തിലെത്തിക്കാന്‍ അതൊന്നും സഹായിച്ചിട്ടില്ല. ഈ സീസണിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. കോലി ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പുമായി വിലസുമ്പോള്‍ ആര്‍സിബി തകര്‍ന്നടിയുകയാണ്.

ആര്‍സിബിയില്‍ തന്നെ തുടര്‍ന്നാല്‍ ഒരു ഐപിഎല്‍ ട്രോഫി പോലുമില്ലാതെ കോലിക്കു കരിയര്‍ അവസാനിപ്പിക്കേണ്ടതായി വന്നേക്കും. ഇതേ തുടര്‍ന്നു ഈ സീസണിനു ശേഷം അദ്ദേഹത്തോടു ടീം വിടണമെന്നു ആവശ്യപ്പെട്ടിരിക്കുകയാണ് ആരാധകര്‍. മറ്റേതെങ്കിലും ടീമിലേക്കും മാറിയെങ്കില്‍ മാത്രമേ കരിയര്‍ രക്ഷപ്പെടുകയുള്ളൂവെന്നും ഇവര്‍ ഉപദേശിക്കുന്നു. അതിനിടെ അടുത്ത സീസണില്‍ കോലി മുംബൈയിലേക്കു ചേക്കേറിയേക്കുമെന്ന ഗോസിപ്പുകള്‍ ശക്തമായിരിക്കുകയാണ്. അദ്ദേഹം ആഗ്രഹിക്കുന്നതും ഇതു തന്നെയാണെന്നാണ് ആരാധകരുടെ അഭിപ്രായം.
മുംബൈയുമായി വാംഖഡെയില്‍ നടന്ന മല്‍സരശേഷമുള്ള ചില സംഭവങ്ങളും ഇതു ശരിവയ്ക്കുന്നതായി അവര്‍ ചൂണ്ടിക്കാണിക്കുന്നു. മുംബൈ ടീമുടമ നീത അംബാനിയുമായി മല്‍സരശേഷം ഗ്രൗണ്ടില്‍ വച്ച് കോലി ഏറെ നേരം സംസാരിക്കുന്നത് കാണാമായിരുന്നു. കൂടാതെ മുംബൈ ടീമിന്റെ ഡ്രസിങ് റൂമിലെത്തി രോഹിത് ശര്‍മയുമായി അദ്ദേഹം സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇവയെല്ലാം ചേര്‍ത്തു വായിക്കുമ്പോള്‍ അടുത്ത സീസണില്‍ കോലിയെ ടീമിനോടൊപ്പം കാണാന്‍ കഴിഞ്ഞേക്കുമെന്നാണ് ആരാധകരുടെ നിരീക്ഷണം.

മുംബൈയുടെ പുതിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുമായി വളരെ നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന താരം കൂടിയാണ് കോലി. മല്‍ശേഷമുള്ള ഇരുവരുടെയും സ്‌നേഹപ്രകടനം ഇതു അടിവരയിടുകയും ചെയ്യുന്നു. എന്നാല്‍ തന്നെ പുറത്താക്കി ഹാര്‍ദിക്കിനെ ക്യാപ്റ്റനാക്കിയതു മുതല്‍ മുംബൈ ടീം മാനേജ്‌മെന്റുമായി രോഹിത് അത്ര നല്ല രസത്തിലല്ല. സീസണിനു ശേഷം മെഗാലേലം നടക്കാനിരിക്കെ അദ്ദേഹം ടീം വിട്ടേക്കുമെന്ന അഭ്യൂഹവും ശക്തമാണ്. കോലി ടീം വിട്ടാല്‍ മുംബൈയ്ക്കു പകരമെത്തിക്കാവുന്ന ഏറ്റവും നല്ല സെലിബ്രിറ്റി ക്രിക്കറ്ററാണ് കോലി.
രോഹിത്തിനേക്കാള്‍ ആരാധക വൃന്ദമുള്ള ക്രിക്കറ്ററാണ് കോലി. അതുകൊണ്ടു തന്നെ ഹിറ്റ്മാന്‍ ടീം വിടുകയാണെങ്കില്‍ അതിന്റെ ക്ഷീണം തീര്‍ക്കാനും ആരാധകര്‍ മുംബൈയെ കൈവിടുന്നത് തടയാനും ഇതു സഹായിക്കും. കോലിയെ സംബന്ധിച്ചും ഒരു ക്രിക്കറ്ററെന്ന നിലയില്‍ ഏറ്റവും അനുയോജ്യമായ ഫ്രാഞ്ചൈസി തന്നെയാണ്. ഐപിഎല്‍ കിരീടത്തിനായുള്ള കാത്തിരിപ്പ് തീര്‍ച്ചയായും മുംബൈയ്‌ക്കൊപ്പം അവസാനിപ്പിക്കുവാനും അദ്ദേഹത്തിനു സാധിക്കും.
മുംബൈ ടീമിലേക്കു കോലിയുടെ കൂടുമാറ്റം സംഭവിക്കുമോയെന്നു തന്നെയാണ് ഇനി അറിയാനുള്ളത്. ആര്‍സിബി ടീം തീര്‍ച്ചയായും അടുത്ത സീസണിലും അദ്ദേഹത്തെ നിലനിര്‍ത്താന്‍ തന്നെയായിരിക്കും ശ്രമിക്കുക. പക്ഷെ അദ്ദേഹം അതിനു തയ്യാറായില്ലെങ്കില്‍ സ്വാഭാവികയുമായും ലേലത്തിന്റെ പൂളിലേക്കു വരുമെന്നുറപ്പാണ്. അങ്ങനെ വന്നാല്‍ മുംബൈ എന്തു വില കൊടുത്തും കോലിയെ റാഞ്ചാന്‍ ശ്രമിക്കുക തന്നെ ചെയ്‌തേക്കും.