മലയാളികളുടെ അഭിമാനതാരം സഞ്ജു സാംസണിനെ വീണ്ടുമൊരു ഐപിഎല്‍ സീസണില്‍ കൂടി രാജസ്ഥാന്‍ റോയല്‍സിന്റെ നായകസ്ഥാനത്തു കാണാന്‍ സാധിക്കുമോ? സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു രണ്ടാം ക്വാളിഫയറില്‍ തോറ്റതോടെ റോയല്‍സ് ടൂര്‍ണമെന്റില്‍ പുറത്തായിരുന്നു. ഇതോടെയാണ് സഞ്ജുവിന്റെ നായകസ്ഥാനത്തിനും ഭീഷണി നേരിട്ടിരിക്കുന്നത്. അടുത്ത സീസണില്‍ സഞ്ജുവിനു പകരം പുതിയൊരു ക്യാപ്റ്റന്‍ റോയല്‍സിനെ നയിക്കുമോയെന്നാണ് ഇനി അറിയാനുള്ളത്.
ക്യാപ്റ്റനെന്ന നിലയില്‍ റോയല്‍സിനൊപ്പം സഞ്ജുവിന്റെ തുടര്‍ച്ചയായി നാലാമത്തെ വര്‍ഷമായിരുന്നു ഇത്. 2020ലെ സീസണിനു ശേഷം ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ബാറ്റര്‍ സ്റ്റീവ് സ്മിത്ത് നായകസ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ടിരുന്നു. തുടര്‍ന്നാണ് സഞ്ജുവിനു ക്യാപ്റ്റനായി നറുക്കുവീണത്. നായകനായുള്ള ആദ്യ സീസണില്‍ അദ്ദേഹം തിളങ്ങിയില്ല. പ്ലേഓഫ് പോലും കാണാതെ റോയല്‍സ് പുറത്താവുകയായിരുന്നു. എന്നാല്‍ 2022ലെ ഐപിഎല്ലില്‍ റോയല്‍സിന്റെ ഗംഭീര തിരിച്ചുവരവ് കണ്ടു.

സഞ്ജുവിനു കീഴില്‍ ഫൈനല്‍ വരെ മുന്നേറാന്‍ റോയല്‍സിനു സാധിച്ചു. പക്ഷെ കലാശക്കളിയില്‍ ഗുജറാത്ത് ടൈറ്റന്‍സിനു മുന്നില്‍ അവര്‍ക്കു കിരീടം അടിയറവയ്‌ക്കേണ്ടി വന്നു. കഴിഞ്ഞ സീസണിലും റോയല്‍സ് കസറുമെന്നു കരുതിയെങ്കിലും സ്ഥിരതയില്ലാത്ത പ്രകടനങ്ങള്‍ അവര്‍ക്കു തിരിച്ചടിയായി മാറി. ഒടുവില്‍ നേരിയ വ്യത്യാസത്തില്‍ റോയല്‍സിനു പ്ലേഓഫ് ബെര്‍ത്തും നഷ്ടമായി. ഒരു ജയത്തിന്റെ വ്യത്യാസത്തില്‍ അവര്‍ക്കു അഞ്ചാംസ്ഥാനത്തു ഫിനിഷ് ചെയ്യേണ്ടി വരികയായിരുന്നു.
ഈ സീസണില്‍ റോയല്‍സിന്റെ തുടക്കം ഗംഭീരമായിരുന്നു. ആദ്യപകുതിയിലെ ഏഴു മല്‍സരങ്ങളില്‍ ആറിലും ജയിച്ചതോടെ അവര്‍ കിരീട ഫേവറിറ്റുകളായി മാറുകയും ചെയ്തു. എന്നാല്‍ സീസണിന്റെ രണ്ടാംപകുതിയില്‍ റോയല്‍സിനു ട്രാക്ക് തെറ്റി. അടുത്ത ഏഴു മല്‍സരങ്ങളില്‍ വെറും രണ്ടെണ്ണത്തില്‍ മാത്രമേ റോയല്‍സിനു ജയിക്കാനായുള്ളൂ. തുടര്‍ച്ചയായി നാലു മല്‍സരങ്ങളില്‍ അവര്‍ക്കു തോല്‍വിയും നേരിട്ടു. എന്നാല്‍ പ്ലേഓഫില്‍ റോയല്‍സ് വിജയവഴിയില്‍ തിരിച്ചെത്തി. എലിമിനേറ്ററില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ റോയല്‍സ് തകര്‍ത്തുവിട്ടു. പക്ഷെ രണ്ടാം ക്വാളിഫയറില്‍ അവര്‍ക്കു ഈ മികവ് ആവര്‍ത്തിക്കാനായില്ല.
2022 മുതല്‍ വളരെ സന്തുലിതമായ ടീമിനെയാണ് സഞ്ജുവിനു ലഭിച്ചത്. ട്രെന്റ് ബോള്‍ട്ട്, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവരടക്കമുള്ളവര്‍ ലേലത്തില്‍ ടീമിലെത്തിയതോടൊണ് റോയല്‍സ് കിടിലന്‍ ടീമായി മാറിയത്. എന്നിട്ടും ടീമിനെ ചാംപ്യന്‍മാരാക്കാന്‍ സാധിച്ചില്ലെന്നതു ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജുവിന്റെ പോരായ്മയായി വിലയിരുത്തപ്പെടും. ഈ സീസണിനു ശേഷം മെഗാ താരലേലം നടക്കാനിരിക്കുകയാണ്. വെറും അഞ്ചു താരങ്ങളെ മാത്രമേ അടുത്ത സീസണിലേക്കു നിലനിര്‍ത്താന്‍ ടീമുകള്‍ക്കു സാധിക്കുകയുള്ളൂ. അതുകൊണ്ടു തന്നെ ഇപ്പോള്‍ ടീമിലുള്ള ഭൂരിഭാഗം പേരെയും റോയല്‍സിനു കൈവിടേണ്ടതായി വരും.

അടുത്ത സീസണില്‍ ഇത്രയും ശക്തമായൊരു ടീമിനെ വാര്‍ത്തെടുക്കാന്‍ റോയല്‍സിനു സാധിക്കുമോയെന്നത് ലേലത്തെ ആശ്രയിച്ചിരിക്കും. സഞ്ജുവിനെ തീര്‍ച്ചയായും ടീമില്‍ നിലനിര്‍ത്തുമെന്ന കാര്യമുറപ്പാണ്. പക്ഷെ നായകസ്ഥാനത്തു അദ്ദേഹം തുടരുമോയെന്നതു സംശയമാണ്. ഐപിഎല്ലില്‍ റോയല്‍സ് കിരീട ദാരിദ്ര്യം തുടരവെ പരിചയ സമ്പന്നനായ മറ്റൊരാളെ നായകസ്ഥാനത്തേക്കു റോയല്‍സ് കൊണ്ടുവന്നേക്കും.
ഇതിനു ഏറ്റവും യോജിച്ചയാള്‍ ഇപ്പോള്‍ റോയല്‍സ് ടീമില്‍ തന്നെയുണ്ട്. ഇംഗ്ലണ്ടിന്റെ വൈറ്റ് ബോള്‍ ക്യാപ്റ്റന്‍ കൂടിയായ ജോസ് ബട്‌ലറാണിത്. ഇംഗ്ലണ്ടിനെ ടി20 ലോകകപ്പില്‍ ചാംപ്യന്മാരാക്കിയ നായകനാണ് അദ്ദേഹം. മാത്രമല്ല ദീര്‍ഘകാലമായി ടീമിനൊപ്പമുള്ളതിനാല്‍ റോയല്‍സിന്റെ പ്രവര്‍ത്തന ശൈലിയെക്കുറിച്ചെല്ലാം ബട്‌ലര്‍ക്കു നല്ല ധാരണയുമുണ്ട്.
അതുകൊണ്ടു തന്നെ ക്യാപ്റ്റന്‍ സ്ഥാനേറ്റെടുക്കുകയെന്നത് അദ്ദേഹത്തിനു എളുപ്പവുമായിരിക്കും. സഞ്ജുവിനു പകരം ബട്‌ലര്‍ നായകസ്ഥാനേക്കു വരികയാണെങ്കില്‍ അദ്ഭുതപ്പെടാനുമില്ല. ഇതു ബാറ്റിങില്‍ കൂടുതല്‍ ശ്രദ്ധിക്കാനും സഞ്ജുവിനെ സഹായിക്കും.