അഞ്ചു ഐപിഎല്‍ ട്രോഫികള്‍ സമ്മാനിച്ച നായകനായിട്ടും മുംബൈ ഇന്ത്യന്‍സില്‍ നിന്നേറ്റ അപമാനം കാരണം രോഹിത് ശര്‍മ ഈ സീസണിനു ശേഷം ടീം വിടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. പുതിയ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുമായി ഒരു തരത്തിലും ഒത്തുപോവാന്‍ സാധിക്കില്ലെന്നതിനാലാണ് അദ്ദേഹം ഇത്തരമൊരു കടുത്ത നീക്കത്തിനു തയ്യാറെടുക്കുന്നത്. മുംബൈയ്‌ക്കൊപ്പം ഇതു ഹിറ്റ്മാന്റെ അവസാന സീസണ്‍ ആയിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
മുംബൈയുമായി മാനസികമായി അകന്നു കഴിഞ്ഞതോടെ രോഹിത്തിനു ഇനി ടീമില്‍ തുടരുക അസാധ്യവുമായി മാറിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ താല്‍പ്പര്യം കൂടി മാനിച്ച് സീസണിനു ശേഷം ടീമില്‍ നിന്നും ഒഴിവാക്കാന്‍ തന്നെയാവും മുംബൈയുടെ പ്ലാനെന്നാണ് സൂചന. മെഗാ താരലേലം അടുത്ത വര്‍ഷം നടക്കാനിരിക്കുകയാണ്. അതിനു മുന്നോടിയായി നാലു കളിക്കാരെ മാത്രമേ ഓരോ ടീമിനും നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. മുംബൈ നിലനിര്‍ത്തുന്നവരുടെ നിരയില്‍ രോഹിത് ഉണ്ടാവില്ലെന്നു ഏറെക്കുറെ ഉറപ്പാണ്.

രോഹിത്തിനെ മുംബൈ കൈവിട്ടാല്‍ മെഗാ ലേലത്തിലെ പൂളില്‍ അദ്ദേഹത്തെയും വര്‍ഷങ്ങള്‍ക്കു ശേഷം നമുക്കു കാണാന്‍ സാധിക്കും. ഇതിനു മുമ്പ് 2011ലായിരുന്നു ലേലത്തിലെ കളിക്കാരുടെ ലിസ്റ്റില്‍ അദ്ദേഹമുള്‍പ്പെട്ടത്. അടുത്ത സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സുള്‍പ്പെടെ പല ടീമുകളുമായും ബന്ധപ്പെടുത്തി രോഹിത്തിന്റെ പേര് ഉയര്‍ന്നു വരുന്നുണ്ട്. അക്കൂട്ടത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുണ്ടാവുേേമാ? ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് എല്‍എസ്ജിയുടെ മുഖ്യ കോച്ച് ജസ്റ്റിന്‍ ലാങര്‍.
ഒരു അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു രോഹിത് തങ്ങളുടെ ടീമിലേക്കു വരുമോയെന്നതിനെക്കുറിച്ച് ലാങര്‍ പ്രതികരിച്ചത്. അടുത്ത മെഗാലേലത്തില്‍ ഒരുപാട് കളിക്കാര്‍ നിങ്ങള്‍ക്കു മുന്നില്‍ ഓപ്ഷനുകളായി ഉണ്ടാവുമെന്നും ഇവരില്‍ നിങ്ങള്‍ ടീമില്‍ വേണമെന്നാഗ്രഹിക്കുന്ന ഒരാള്‍ ആരായിരിക്കുമെന്നുമായിരുന്നു ലാങറോടുള്ള ചോദ്യം. ഈ ചോദ്യത്തിനു മറുപടി പറയാതെ ലാങര്‍ തിരികെ മറ്റൊരു ചോദ്യം ചോദിക്കുകയായിരുന്നു. ആരെ വേണമെന്നാണ് നിങ്ങള്‍ക്കു തോന്നുന്നതെന്നാണ് ലാങര്‍ ചോദിച്ചത്.

ലഖ്‌നൗ ടീം ഏറെക്കുറെ എല്ലാ ഏരിയയും ഇപ്പോള്‍ കവര്‍ ചെയ്തു കഴിഞ്ഞിരിക്കുകയാണ്. രോഹിത് ശര്‍മയെ ലേലത്തില്‍ കിട്ടുകയാണെങ്കില്‍ നന്നായിരിക്കുമെന്നും അഭിമുഖം നടത്തുന്നയാള്‍ പറഞ്ഞു. ഇതു കേട്ട ലാങര്‍ ആശ്ചര്യം പ്രകടിപ്പിക്കുകയും ചിരിക്കുകയുമാണ് ചെയ്തത്. രോഹിത് ശര്‍മയോ എന്നാണ് പൊട്ടിച്ചിരിയോടെ അദ്ദേഹം ചോദിച്ചത്. മുംബൈ ടീമില്‍ നിന്നും രോഹിത്തിനെ ലഭിക്കാന്‍ പോവുമെന്നാണോ നിങ്ങള്‍ക്കു തോന്നുന്നത്? ഇങ്ങനെയൊരു കാര്യം സംഭവിക്കുമെന്നു തനിക്കു തോന്നുന്നില്ലെന്നാണ് ലാങര്‍ വ്യക്തമാക്കിയത്.
അതേസമയം, രോഹിത്തിനെ മുംബൈ കൈവിടുകയാണെങ്കില്‍ മെഗാ ലേലത്തില്‍ വന്‍ ഡിമാന്റ് തന്നെ അദ്ദേഹത്തിനുണ്ടാവുമെന്ന കാര്യമുറപ്പാണ്. പല ടീമുകളും നായകസ്ഥാനത്തേക്കു ഹിറ്റ്മാനെ പരിഗണിക്കാനിടയുണ്ട്. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിങ്‌സ്, ഡല്‍ഹി തുടങ്ങിയവരെല്ലാം അടുത്ത സീസണില്‍ പുതിയ നായകനെ തിരയുന്നവരാണ്. ഇവര്‍ മാത്രമല്ല ഗുജറാത്ത് ടൈറ്റന്‍സ്, എല്‍എസ്ജി ടീമുകളും രോഹിത്തിനെ ലേലത്തില്‍ നോട്ടമിട്ടാല്‍ ആശ്ചര്യപ്പെടാനില്ല.
ഐപിഎല്‍ കരിയറില്‍ വെറും രണ്ടു ടീമുകള്‍ക്കു വേണ്ടി മാത്രമേ രോഹിത് ഇതുവരെ കളിച്ചിട്ടുള്ളൂ. ഡെക്കാന്‍ ചാര്‍ജേഴ്‌സ് ഹൈദരാബാദിലൂടെ കരിയര്‍ ആരംഭിച്ച അദ്ദേഹം 2011ലാണ് മുംബൈയുടെ കൂടാരത്തിലെത്തിയത്. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 2013ലെ സീസണിന്റെ പകുതിയോടെ നായകസ്ഥാനവും രോഹിത്തിനു ലഭിക്കുകയായിരുന്നു. അതുവരെ ഒരു ഐപിഎല്‍ കിരീടം പോലും നേടിയിട്ടില്ലാത്ത മുംബൈ പിന്നീട് രോഹിത്തിനു കീഴില്‍ അഞ്ചു ട്രോഫികളില്‍ മുത്തമിടുകയും ചെയ്തു.