IPL 2024: ആര്‍സിബി ചാംപ്യന്‍മാരാവുമോ? സൂപ്പര്‍ കംപ്യൂട്ടറും ഫാന്‍സും രണ്ട് തട്ടില്‍! പ്രവചനം ഇങ്ങനെ
16 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ഇത്തവണ ഐപിഎല്ലില്‍ കിരീട ദാരിദ്ര്യം അവസാനിപ്പിക്കുമോ? ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന കാര്യമാണിത്. ആര്‍സിബിക്കും ഇനി കന്നി ഐപിഎല്‍ ട്രോഫിക്കുമിടയില്‍ ഇനിയുള്ളത് വെറും മൂന്നു മല്‍സരങ്ങള്‍ മാത്രമാണ്. രാജസ്ഥാന്‍ റോയല്‍സിനെതിരായ എലിമിനേറ്ററാണ് അവരുടെ ആദ്യത്തെ കടമ്പ. അതു ജയിച്ചാല്‍ രണ്ടാം ക്വാളിഫയറിലേക്ക്. അവിടെയും വിജയിക്കാനായാല്‍ ഫൈനലിലേക്കു ആര്‍സിബിക്കു ടിക്കറ്റെടുക്കാം.
ആര്‍സിബിയുടെ കിരീട സാധ്യതയെക്കുറിച്ച് വമ്പന്‍ പ്രവചനം നടത്തിയിരിക്കുകയാണ് സൂപ്പര്‍ കംപ്യൂട്ടര്‍. കൂടാതെ ആരാധകരും വോട്ടിങിലൂടെ ആര്‍സിബി കപ്പടിക്കുമോയെന്നു പ്രവചിച്ചിട്ടുണ്ട്. ഈ രണ്ടു പ്രവചനങ്ങളുടെയും ഫലം തികച്ചും വ്യത്യസ്തമാണെന്നതാണ് രസകരമായ കാര്യം. ബെസ്റ്റ്‌സൈ (Betsie) സൂപ്പര്‍ കംപ്യൂട്ടറാണ് ആര്‍സിബിയുടെ ഭാവി പ്രവചിച്ചിരിക്കുന്നത്. ഇതുവരെ നടന്ന മല്‍സരങ്ങളിലെ കണക്കുകള്‍ വിശകലനം ചെയ്താണ് സൂപ്പര്‍ കംപ്യൂട്ടര്‍ പ്രവചനം നടത്തിയത്.

സൂപ്പര്‍ കംപ്യൂട്ടറിന്റെ പ്രവചനം അനുസരിച്ച് ഇത്തവണ കിരീട സാധ്യത ഏറ്റവും കുറവുള്ള ടീം ആര്‍സിബിയാണ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, സണ്‍റൈസഴ്‌സ് ഹൈദരാബാദ്, റോയല്‍സ് എന്നീ ടീമുകളെ അപേക്ഷിച്ച് ആര്‍സിബിയുടെ സാധ്യത വളരെ കുറവാണെന്നു സൂപ്പര്‍ കംപ്യൂട്ടര്‍ പ്രവചിക്കുന്നു. കെകെആര്‍ ഫൈനലിലെത്താനുള്ള സാധ്യത 76.40 ശതമാനവും ഹൈദരാബാദിന്റെ സാധ്യത 73.8 ശതമാനവുമാണ്. കിരീടസാധ്യത നോക്കിയാല്‍ ഇതു 38.10 ശതമാനം, 37 ശതമാനം എന്നിങ്ങനെയാണ്.
സൂപ്പര്‍ കംപ്യൂട്ടറുടെ പ്രവചനമനുസരിച്ച് റോയല്‍സ് ഫൈനലിലെത്താന്‍ 24.8 ശതമാനം സാധ്യതയാണുള്ളത്. കിരീടസാധ്യത 12.50 ശതമാനവുമാണ്. ഏറ്റവും പിറകിലാണ് ആര്‍സിബി നില്‍ക്കുന്നത്. അവര്‍ ഫൈനലില്‍ കളിക്കാന്‍ 24.80 ശതമാനം സാധ്യത മാത്രമേയുള്ളൂ. കിരീടസാധ്യത വെറും 12.4 ശതമാനം മാത്രം. പക്ഷെ ആരാധകരില്‍ നിന്നും നടത്തിയ വോട്ടെടുപ്പിന്റെ ഫലം ഇതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ്. ഇന്‍സൈഡ് സ്‌പോര്‍ട്ട് സംഘടിപ്പിച്ച പോളില്‍ ആരാധകരില്‍ ഭൂരിഭാഗം പേരുടെയും പ്രവചനം ആര്‍സിബി ചാംപ്യന്‍മാരാവുമെന്നാണ്.

എക്‌സില്‍ നടത്തിയ പോളില്‍ 57 ശതമാനം ആരാധകരും പറയുന്നത് ആര്‍സിബി ചാംപ്യന്മാരാവുമെന്നാണ്. ആര്‍സിബി കഴിഞ്ഞാല്‍ കൂടുതല്‍ വോട്ട് ലഭിച്ചിരിക്കുന്നത് മുന്‍ ചാംപ്യന്‍മാരായ ഹൈദരാബാദിനാണ്. പാറ്റ് കമ്മിന്‍സ് നയിക്കുന്ന ഓറഞ്ച് ആര്‍മി കപ്പടിക്കുമെന്നു 17 ശതമാനം പേരാണ് വോട്ട് ചെയ്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലെ പോളിലും ആര്‍സിബി തന്നെയാണ് മുന്നിലെത്തിയത്. 63 ശതമാനം വോട്ടും അവര്‍ക്കാണ്. മറ്റു മൂന്നു ടീമുകള്‍ക്കും 20 ശതമാനത്തില്‍ താഴെ വോട്ട് മാത്രമേ ലഭിച്ചുള്ളൂ.
ഇത്തവണ പ്ലേഓഫ് പോലും കാണാതെ ടൂര്‍ണമെന്റില്‍ നിന്നും ഏറ്റവുമാദ്യം പുറത്താവുന്ന ടീം ആര്‍സിബി ആവുമെന്നായിരുന്നു നേരത്തേ പരലരും പ്രവചിച്ചത്. കാരണം സീസണിന്റെ ആദ്യ പകുതിയില്‍ കളിച്ച ഏഴു മല്‍സരങ്ങളില്‍ ഒരേയൊരു കളിയാണ് ആര്‍സിബിക്കു ജയിക്കാനായത്. പഞ്ചാബ് കിങ്‌സിനെതിരേയായിരുന്നു ഇത്.
ശേഷിച്ച ആറിലും പരാജയമായിരുന്നു ഫലം. എന്നാല്‍ രണ്ടാം പകുതിയില്‍ ആര്‍സിബി ഉയിര്‍ത്തെഴുന്നേറ്റു. ഏഴു മല്‍സരങ്ങളില്‍ ആറിലും ജയിച്ച് അവര്‍ പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്തു ഫിനിഷ് ചെയ്ത് പ്ലേഓഫിലേക്കു കുതിക്കുകയായിരുന്നു. തുടര്‍ച്ചയായി ആറു മല്‍സരങ്ങളിലാണ് ആര്‍സിബി വിജയക്കൊടി പാറിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications