പുതിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ ഐപിഎല്ലിന്റെ 17ാം സീസണില്‍ മുംബൈ ഇന്ത്യന്‍സ് ടീം പതറുമോ? രോഹിത് ശര്‍മയെ നായകസ്ഥാനത്തു നിന്നും മാറ്റിയതു ഫ്രാഞ്ചൈസിക്കു ദോഷം ചെയ്യുമോ? ഇതേക്കുറിച്ചെല്ലാം പ്രവചനം നടത്തിയിരിക്കുകയാണ് മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാനോടൊപ്പം മുംബൈ ടീമിനെക്കുറിച്ചും അവരുടെ കരുത്തിനെയും പോരായ്മകളെക്കുറിച്ചും വിശകലനം നടത്തുകയായിരുന്നു അദ്ദേഹം.
മുന്‍ ഐപിഎല്‍ സീസണുകളിലെല്ലാം മുംബൈ പതിഞ്ഞ താളത്തിലാണ് തുടങ്ങിയിട്ടുള്ളത്. പക്ഷെ ഇത്തവണ അതു സംഭവിക്കില്ല. ആദ്യത്തെ രണ്ട്-മൂന്ന് മല്‍സരങ്ങളില്‍ തന്നെ ജയിച്ച് മുംബൈ മുന്നോട്ടു കുതിക്കും. ക്യാപ്റ്റന്‍ ഹാര്‍ദിക്കിനോടൊപ്പം അനുഭവസമ്പത്തുള്ള രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ് തുടങ്ങിവരെല്ലാമുണ്ട്. ഒരു പേജില്‍ തന്നെ പരിചയസമ്പത്തുള്ള കളിക്കാരുള്ളപ്പോള്‍ എത്രമാത്രം അനുഭവസമ്പത്താണ് അതിലൂടെ ലഭിക്കുന്നത്.

നിങ്ങള്‍ ഒരു ടീമിനു വേണ്ടി കളിക്കുമ്പോള്‍ സ്വന്തം നേട്ടത്തിനൊപ്പം ടീമും ജയിക്കണമന്നായിരിക്കും എല്ലായ്‌പ്പോഴും ആഗ്രഹിക്കുക. അതു തരുന്ന സന്തോഷം മറ്റൊന്നാണ്. വ്യക്തിഗത പ്രകടനങ്ങള്‍ക്കു വലിയ പ്രാധാന്യമുള്ള ഗെയിം തന്നെയാണ് ക്രിക്കറ്റ്. പക്ഷെ നിങ്ങള്‍ ഏഴു വിക്കറ്റെടുക്കുകയോ, ഡബിള്‍ സെഞ്ച്വറിയടിക്കുകയോ ചെയ്തിട്ടും ടീം തോറ്റാല്‍ അതു ഒരിക്കലും സന്തോഷം നല്‍കില്ല.
ടീമിലെ അനുഭവസമ്പത്തുള്ള ഈ കളിക്കാര്‍ ഒരുമിച്ച് കാര്യങ്ങള്‍ സംസാരിക്കുകയും പ്ലാനിങ്ങുകള്‍ നടത്തുകയും ചെയ്യുമ്പോള്‍ അതു തീര്‍ച്ചയായും മുംബൈയ്ക്കു ഗുണം ചെയ്യും. എങ്ങനെയാണ് എതിര്‍ ടീമിലെ ഒരാളെ പുറത്താക്കുക? സ്‌കോര്‍ പ്രതിരോധിക്കുക?
എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഹാര്‍ദിക്കിനൊപ്പം പരിചയസമ്പന്നരായ മറ്റുള്ളവരും ചേര്‍ന്ന് ആലോചിക്കുമ്പോള്‍ അതു തീര്‍ച്ചയായും ടീമിനു വലിയ ഗുണം ചെയ്യും. ഈ കാരണത്താല്‍ തന്നെയാണ് മുംബൈ സീസണിന്റെ തുടക്കത്തില്‍ തന്നെ വിജയക്കുതിപ്പ് നടത്തുമെന്നു താന്‍ ഉറപ്പിച്ച് പറയുന്നതെന്നും ഗവാസ്‌കര്‍ വിശദമാക്കി.
മുംബൈ ഇന്ത്യന്‍സിനു ഇത്തവണ ശക്തമായ ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പാണുള്ളതെന്നു ഇര്‍ഫാന്‍ പഠാന്‍ ചൂണ്ടിക്കാട്ടി. ടൂര്‍ണമെന്റില്‍ ആകെയുള്ള 10 ടീമുകളെയെടുത്താല്‍ ആരുടെ പക്കലും ഇത്രയുമധികം മികച്ച ഇന്ത്യന്‍ ബാറ്റര്‍മാരില്ലെന്നു നമുക്കു കാണാം. ഇന്ത്യന്‍ താരങ്ങളെയും വിദേശ കളിക്കാരെയും മിക്‌സ് ചെയ്യുമ്പോള്‍ നിങ്ങള്‍ക്കു ടീമിനെ ലഭിക്കുക തന്നെ ചെയ്യും.
പക്ഷെ ഇവിടെ മുംബൈയുടെ കാര്യമെടുത്താല്‍ ഇവിടെ മാച്ച് വിന്നര്‍മാരായ ഒരുപിടി ഇന്ത്യന്‍ ബാറ്റര്‍മാരെ നമുക്കു കാണാന്‍ സാധിക്കും. സൂര്യ, ഹാര്‍ദിക്, രോഹിത് എന്നിവരെല്ലാം മാച്ച് വിന്നര്‍മാരാണ്.
ഇഷാന്‍ കിഷനും കളി ജയിപ്പിക്കാന്‍ കഴിയുമെന്നു നിങ്ങള്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു. തിലക് വര്‍മയും കഴിഞ്ഞ രണ്ടു സീസണ്‍ കൊണ്ട് കഴിവ് തെളിയിച്ചുകഴിഞ്ഞു. ഇതു അതിശയിപ്പിക്കുന്ന ബാറ്റിങ് ലൈനപ്പ് തന്നെയാണെന്നും ഇര്‍ഫാന്‍ വിലയിരുത്തി.

ബൗങിളില്‍ ജസ്പ്രീത് ബുംറയുടെ മടങ്ങിവരവ് മുംബൈ ബൗളിങിനു മൂര്‍ച്ച കൂട്ടുമെന്നു ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. ബുംറ തിരിച്ചെത്തിയത് മുംബൈ ടീമിനെ സംബന്ധിച്ച് ഏറ്റവും വലിയ കാര്യം തന്നെയാണ്. കഴിഞ്ഞ സീസണില്‍ അദ്ദേഹത്തിനു കളിക്കാനായില്ല. ഈ സീണില്‍ തിരിച്ചെത്തുമ്പോള്‍ കഴിഞ്ഞ തവണ തന്നെ മുംബൈ ടീം ശരിക്കും മിസ് ചെയ്‌തെന്നു കാണിക്കാനായിരിക്കും ബുംറ ശ്രമിക്കുക.
ബുംറയെക്കൂടാതെ വലംകൈയന്‍ പേസറായി കോട്‌സിയുണ്ട്. ഇടംകൈ ഓപ്ഷനുകളായി ബെറന്‍ഡോര്‍ഫും മധുഷങ്കയുമുണ്ട്. ലസിത് മലിങ്കയുടെ ബൗളിങ് ആക്ഷനുള്ള നുവാന്‍ തുഷാരയെയും മുംബൈ ഉപയോഗിച്ചേക്കും. പതിരാനയെ സിഎസ്‌കെയില്‍ ധോണി ഉപയോഗിച്ചതു പോലെ തുഷാരയെ ഹാര്‍ദിക്കും ചിലപ്പോള്‍ പരീക്ഷിച്ചേക്കും.
കൂടാതെ ഹാര്‍ദിക്കും 2-3 ഓവറുകളോ, വേണമെങ്കില്‍ നാലോവറുകളോ ബൗള്‍ ചെയ്യാന്‍ സാധിക്കുന്നയാളാണ്. ബൗളിങില്‍ മുംബൈയുടെ പക്കല്‍ ഒരുപാട് ഓപ്ഷനുകളുണ്ടെന്നും ഗവാസ്‌കര്‍ വിലയിരുത്തി.
ഇത്തവണ മുംബൈയ്ക്കു ലഭിച്ചിരിക്കുന്ന ടീമിനെ വച്ചു നോക്കുമ്പോള്‍ ആറാമത് ഐപിഎല്‍ കിരീടം കൈയെത്തുംദൂരത്താണെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. വീണ്ടുമൊരു ഐപിഎല്‍ ട്രോഫി മുംബൈ ഇത്തവണ നേടുമെന്നാണ് ഞാന്‍ കരുതുന്നത്. കിരീടം വളരെ, വളരെ അടുത്താണെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.