പുതിയ നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിലെ കിരീടവരള്‍ച്ചയ്ക്കു അറുതിയിടുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും ഇപ്പോള്‍ കാര്യങ്ങളെല്ലാം കൈവിട്ട മട്ടാണ്. ഐപിഎല്ലിന്റെ 17ാം സീസണില്‍ തുടര്‍ച്ചയായി രണ്ടാമത്തെ പരാജയവും ഏറ്റുവാങ്ങിയിരിക്കുകയാണ് അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ. പോയിന്റ് പട്ടികയില്‍ അവര്‍ ഒമ്പതാം സ്ഥാനത്തേക്കു വീഴുകയും ചെയ്തു. ഹാര്‍ദിക്കിന്റെ മോശം ക്യാപ്റ്റന്‍സിയാണ് മുംബൈയുടെ ഈ പതനത്തിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
നായകനെന്ന നിലയില്‍ തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും അദ്ദേഹം ചില മണ്ടത്തരങ്ങള്‍ കാണിച്ചിരുന്നു. ബൗളര്‍മാരെ ബുദ്ധിപരമായി ഉപയോഗിക്കുന്നതില്‍ ഹാര്‍ദിക് വീണ്ടും പരാജയപ്പെടുകയായിരുന്നു. അതിനിടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള മല്‍സരശേഷം മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായി മുംബൈ ടീമുടമ ആകാശ് അംബാനി ചര്‍ച്ച നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.

വളരെ അസ്വസ്ഥതയിലും നിരാശയിലുമാണ് രോഹിത് ഈ വീഡിയോയില്‍ കാണപ്പെട്ടത്. ആകാശുമായും മുംബൈ സപ്പോര്‍ട്ട് സ്റ്റാഫ് അംഗവുമായും അദ്ദേഹം ഏറെ നേരം ഗ്രൗണ്ടില്‍ വച്ച് സംസാരിക്കുകയും ചെയ്തു. ഇതോടെ ഹാര്‍ദിക്കിന്റെ നായകസ്ഥാനം ഈ സീസണിനു മുമ്പ് തന്നെ തെറിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇതേ രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ടു പോവുന്നതെങ്കില്‍ അത്തരമൊരു കടുത്ത തീരുമാനം മുംബൈ ടീം മാനേജ്‌മെന്റ് എടുക്കാനുള്ള സാധ്യത കൂടുതലാണ്.
രോഹിത്തിനെ മാറ്റി ഹാര്‍ദിക്കിനെ ക്യാപ്റ്റനാക്കിയതു മുതല്‍ മുംബൈ ടീമില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചിരുന്നു. സീനിയര്‍ താരങ്ങളടക്കം ടീമിലെ ഭൂരിഭാഗം പേരും ഈ തീരുമാനത്തില്‍ അസംതൃപ്തരും നിരാശരുമാണ്. കൂടാതെ യുവതാരങ്ങളുടെയും പിന്തുണ രോഹിത്തിനാണ്. വളരെ ചുരുക്കം പേര്‍ മാത്രമേ ഹാര്‍ദിക്കിനോടൊപ്പമുള്ളൂ. ബാക്കിയുള്ളവരെല്ലാം രോഹിത്തിനെ അനുകൂലിക്കുന്നവരാണ്.
മുംബൈ ടീമിനകത്തെ ഈ ഭിന്നിപ്പ് തന്നെയാണ് ഈ സീസണിലെ മോശം പ്രകടനത്തിനു കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മാത്രമല്ല ഹാര്‍ദിക്കിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചതു മുതല്‍ ആരാധകും പൂര്‍ണമായി മുംബൈയ്ക്കു എതിരായിക്കഴിഞ്ഞു.
മുംബൈയുടെ രണ്ടു മല്‍സരങ്ങളിലും ഇതു പ്രകടമാവുകയും ചെയ്തിരുന്നു. വലിയ തോതിലുള്ള കൂവലും പരിഹാസവുമാണ് ഹാര്‍ദിക്കിനു നേരിടേണ്ടി വന്നത്. കൂടാതെ രോഹിത്തിന്റെ പേര് കളിയുടെ പല ഘട്ടത്തിലും കാണികള്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. ടീം നന്നായി പെര്‍ഫോം ചെയ്തിരുന്നെങ്കില്‍ ഹാര്‍ദിക്കിനു വിമര്‍ശകരുടെ വായടപ്പിക്കാമായിരുന്നു. പക്ഷെ മുംബൈ ടീം തോല്‍വികള്‍ തുടര്‍ക്കഥയാക്കിയതോടെ അദ്ദേഹം ശരിക്കും പെട്ടിരിക്കുകയാണ്.

തുടര്‍ന്നും മുംബൈയ്ക്കു തിരിച്ചടികള്‍ നേരിടുകയാണെങ്കില്‍ ഹാര്‍ദിക്കിനു ക്യാപ്റ്റന്‍ സ്ഥാനത്തു തുടരുക ദുഷ്‌കരമായി മാറും. ടീമിനെ രക്ഷിക്കുന്നതിനൊപ്പം നഷ്ടമായ ആരാധക പിന്തുണ വീണ്ടെടുക്കുകയും ചെയ്യാന്‍ അദ്ദേഹത്തിനെ മാറ്റുകയല്ലാതെ മുംബൈ ടീം മാനേജ്‌മെന്റിനു മുന്നില്‍ മറ്റു വഴികള്‍ കാണില്ല.
അതേസമയം, ഹൈദാരാബാദുമയുള്ള കഴിഞ്ഞ മല്‍സരത്തില്‍ 31 റണ്‍സിന്റെ പരാജയമാണ് മുംബൈയ്ക്കു നേരിടേണ്ടി വന്നത്. 278 റണ്‍സിന്റെ റെക്കോര്‍ഡ് വിജയലക്ഷ്യത്തിലേക്കു മുംബൈ ഉജ്ജ്വലമായി തന്നെ പൊരുതി നോക്കിയെങ്കിലും അഞ്ചു വിക്കറ്റിനു 246 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 12ാമത്തെ ഓവര്‍ വരെ മല്‍സരത്തില്‍ മുംബൈയ്ക്കു വിജയസാധ്യതയുണ്ടായിരുന്നു. പക്ഷെ അവസാനത്തെ എട്ടോവറുകളിലെ മോശം ബാറ്റിങ് അവര്‍ക്കു തിരിച്ചടിയാവുകയായിരുന്നു.
34 ബോളില്‍ നിന്നും ആറു സിക്‌സറും മൂന്നു ഫോറുമടക്കം 64 റണ്‍സ് അടിച്ചെടുത്ത തിലക് വര്‍മയാണ് മുംബൈയ്ക്കു വിജയപ്രതീക്ഷ നല്‍കിയത്. പക്ഷെ തിലക് പുറത്തായതോടെ മുംബൈ പരാജയത്തിലേക്കു വീഴുകയായിരുന്നു. മുംബൈ നിരയില്‍ ഏറ്റവും സ്ലോ ബാറ്റിങ് കാഴ്ചവച്ചത് ഹാര്‍ദിക്കാണ്. 20 ബോളില്‍ 120 സ്‌ട്രൈക്ക് റേറ്റില്‍ 24 റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായുള്ളൂ.