ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറും ഗുജറാത്ത് ടൈറ്റന്‍സ് നായകനുമായ ഹാര്‍ദിക് പാണ്ഡ്യ ഐപിഎല്ലിലെ തന്റെ പഴയ തട്ടകമായ മുംബൈ ഇന്ത്യന്‍സിലേക്കു തിരികെയെത്തുന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചൂടേറിയ ചര്‍ച്ച. ട്രാന്‍സ്ഫര്‍ ജാലകം അവസാനിക്കാനിനിരിക്കെ അദ്ദേഹം തന്റെ ഹോം ഫ്രാഞ്ചൈസിയായ ജിടിയോടു ഗുഡ്‌ബൈ പറഞ്ഞ് മുംബൈയുടെ നീല ജഴ്‌സിയില്‍ അടുത്ത സീസണില്‍ കളിക്കുമെന്നു ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.
ഇതു സംഭവിക്കുകയാണെങ്കില്‍ ഐപിഎല്‍ ചരിത്രത്തിലെ ഏക്കാലത്തെയും വലിയ ട്രാന്‍സ്ഫറുകളിലൊന്നായി ഇതു മാറുമെന്നുറപ്പാണ്. ഹാര്‍ദിക്കിന്റെ കൂടുമാറ്റത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കെ സമാനമായ മറ്റൊരു സംഭവത്തെക്കുറിച്ചും ആരാധകര്‍ക്കിടയില്‍ ചര്‍ച്ച നടക്കുകയാണ്.

മുമ്പ് സമാനമായ രീതിയില്‍ മറ്റൊരു ഫ്രാഞ്ചൈസിയിലേക്കു കൂടുമാറാന്‍ ശ്രമിച്ചതിനെ തുടര്‍ ന്നു ഇന്ത്യയുടെ മറ്റൊരു സ്റ്റാര്‍ ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജയ്ക്കു വിലക്ക് ലഭിച്ചതാണ് സംഭവം. സമാനമായ രീതിയില്‍ ഇത്തവണ ഹാര്‍ദിക്കിനെയും ഐപിഎല്ലില്‍ നിന്നും വിലക്കുമോയെന്നാണ് പലരുടെയും സംശയം.
2008ലെ പ്രഥമ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിലൂടെയാണ് ജഡേജയുടെ ഐപിഎല്‍ കരിയറിന്റെ തുടക്കം. ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ വിരാട് കോലിക്കു കീഴില്‍ ജേതാക്കളായ ഇന്ത്യന്‍ ടീമിനായി നടത്തിയ മിന്നുന്ന പ്രകടനമായിരുന്നു അദ്ദേഹത്തിനു റോയല്‍സിലേക്കു വഴിയൊരുക്കിയത്.
ഓസ്‌ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിനു കീഴില്‍ റോയല്‍സ് ഐപിഎല്ലിലെ ചാംപ്യന്‍മാരായപ്പോള്‍ ഇതില്‍ നിര്‍ണായക പങ്കുവഹിക്കാനും ജഡേജയ്ക്കായിരുന്നു. ഇതേ തുടര്‍ന്നു റോയല്‍സ് അദ്ദേഹത്തിനു രണ്ടു വര്‍ഷത്തേക്കു കൂടി കരാറും ഓഫറും ചെയ്തു.
പക്ഷെ പുതിയ കരാറില്‍ തന്റെ പ്രതിഫലം വര്‍ധിപ്പിക്കണമെന്നു ജഡേജ ഫ്രാഞ്ചൈസിയോടു ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ നിയമങ്ങളുടെ കാര്യത്തില്‍ തങ്ങള്‍ക്കു കര്‍ശന നിലപാടുകളാണുള്ളതെന്നു ഫ്രാഞ്ചൈസി അദ്ദേഹത്തെ അറിയിച്ചു. ഇതേ തുടര്‍ന്നു രണ്ടു വര്‍ഷത്തിനു പകരം ഒരു വര്‍ഷത്തെ കരാര്‍ തനിക്കു മതിയെന്നു ജഡേജ ആവശ്യപ്പെടുകയും ചെയ്തു. റോയല്‍സുമായി കരാര്‍ നിലനില്‍ക്കെ തന്നെ മറ്റു ഫ്രാഞ്ചൈസികളുമായി ഇതേ സമയത്തു അദ്ദേഹം ചര്‍ച്ചകളും നടത്തിയിരുന്നു.
ഇതു കളിക്കാരുടെ മാര്‍ഗ നിര്‍ദേശങ്ങളുടെ വ്യക്തമായ ലംഘനം തന്നെയായിരുന്നു. അധികൃതര്‍ ജഡേജയുടെ ഈ നീക്കത്തെ നിസാരമായി എടുക്കുകയും ചെയ്തില്ല. നിയമം ലംഘിച്ചതിനു ജഡേജയെ ഒരു വര്‍ഷത്തേക്കു വിലക്കുകയും ചെയ്തു. ഇതേ തുടര്‍ന്നു 2010ലെ സീസണ്‍ അദ്ദേഹത്തിനു നഷ്ടമാവുകയും ചെയ്യുകയായിരുന്നു.
അന്നു ഐപിഎല്ലിന്റെ ഔദ്യോഗിക പ്രസ്താവന ഇങ്ങനെയായിരുന്നു- രാജസ്ഥാന്‍ റോയല്‍സുമായുള്ള പുതുക്കിയ കരാറില്‍ ഒപ്പിടാതിരുന്നതും പകരം വലിയൊരു തുകയ്ക്കു മറ്റു ചില ഫ്രാഞ്ചൈസികളുമായി കരാറിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ശ്രമിച്ചതിനുമാണ് രവീന്ദ്ര ജഡേജയ്ക്കു വിലക്ക്. ഇതിലൂടെ ഐപിഎല്ലില്‍ കളിക്കാരുടെ മാര്‍നിര്‍ദേശങ്ങളുടെ ഗുരുതരമായ ലംഘനമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്.

ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ പുറത്തിറക്കിയ കളിക്കാരുടെ മാര്‍നിര്‍ദേശങ്ങള്‍ തീര്‍ച്ചയായും പാലിക്കപ്പെടേണ്ടതാണ്. മുഴുവന്‍ താരങ്ങളും ഇതു കര്‍ശനമായി തന്നെ പാലിച്ചേ തീരൂ. ഒരു ക്രിക്കറ്ററും ഈ തരത്തിലുള്ള പ്രവര്‍ത്തിയിലേര്‍പ്പെടുന്നതും ഐപിഎല്ലിലെ ഏതെങ്കിലും ടീമിനെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നതും അനുവദിച്ചു തരില്ലെന്നും അന്നത്തെ ഐപിഎല്‍ ചെയര്‍മാനായ ലളിത് മോദി ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചിരുന്നു.
ഈ സംഭവത്തിനു ശേഷം മറ്റൊരു താരവും ഒരു ഫ്രാഞ്ചൈസിയുമായി കരാര്‍ നിലനില്‍ക്കവെ മറ്റൊരു ഫ്രാഞ്ചൈസിയുമായി കരാറിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തിട്ടില്ല.
എന്നാല്‍ ഹാര്‍ദിക് ഇപ്പോള്‍ ചെയ്തിരിക്കുന്നതു ഇതു തന്നെയാണ്. ജിടിയുമായി കരാര്‍ നില്‍ക്കവെയാണ് അവരുടെ ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം തന്റെ മുന്‍ ഫ്രാഞ്ചൈസിയായ മുംബൈയുമായി കരാറിനെക്കുറിച്ച് ചര്‍ച്ചയിലേര്‍പ്പെട്ടത്. ജഡേജയെപ്പോലെ ഹാര്‍ദിക്കിനും ഇനി വിലക്ക് വരുമോയെന്നാണ് അറിയാനുള്ളത്.