ഹൈദരാബാദ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള മല്‍സരത്തിലെ സ്ലോ ഇന്നിങ്‌സിന്റെ പേരില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു സൂപ്പര്‍ താരവും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിക്കെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. കളിയില്‍ ആര്‍സിബി 35 റണ്‍സിനു ജയിച്ചെങ്കിലും കോലിയുടെ ബാറ്റിങിനെതിരേ വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. 43 ബോളില്‍ 51 റണ്‍സ് നേടിയാണ് അദ്ദേഹം പുറത്തായത്. നാലു ഫോറും ഒരു സിക്‌സറുമടക്കമാണിത്. അഗ്രസീവ് തുടക്കത്തിനു ശേഷം കോലി പിന്നീട് ഇന്നിങ്‌സിന്റെ വേഗത കുറയ്ക്കുകയായിരുന്നു.
കമന്‍ററിക്കിടെയാണ് കോലിയുടെ സ്ലോ ഇന്നിങ്‌സിനെ ഗവാസ്‌കര്‍ രൂക്ഷമായി വിമര്‍ശിച്ചത്. ആദ്യത്തെ 18 ബോളില്‍ 32 റണ്‍സ് കോലി സ്‌കോര്‍ ചെയ്തിരുന്നു. പവര്‍പ്ലേയ്ക്കുള്ളില്‍ ആര്‍സിബി ഒരു വിക്കറ്റിനു 61 റണ്‍സെന്ന മികച്ച സ്‌കോറും നേടി. എന്നാല്‍ അടുത്ത 25 ബോളില്‍ കോലിക്കു സ്‌കോര്‍ ചെയ്യാനായത് 19 റണ്‍സ് മാത്രമാണ്. സിംഗിളുകളെടുത്ത് സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനാണ് അദ്ദേഹം ശ്രമിച്ചത്. ഇതാണ് ഗവാസ്‌കറിനെ ചൊടിപ്പിച്ചത്.

കോലിയില്‍ നിന്നും സിംഗിളുകള്‍ക്കു പിന്നാലെ സിംഗിളുകള്‍ മാത്രമാണ് കണ്ടത്. ദിനേശ് കാര്‍ത്തിക്കും മഹിപാല്‍ ലൊംറോറുമെല്ലാം പിന്നീട് ബാറ്റ് ചെയ്യാന്‍ ഇറങ്ങാനുണ്ടായിരുന്നു. അതുകൊണ്ടു തന്നെ കുറച്ചു റിസ്‌ക്കുകളെടുക്കാനും വലിയ ഷോട്ടുകള്‍ കളിക്കാനും കോലി ശ്രമിക്കേണ്ടത് ആവശ്യമായിരുന്നു.
രജത് പാട്ടിധാറിനെ നോക്കൂ. അവന്‍ ആ ഓവറില്‍ മൂന്നു സിക്‌സറുകളാണ് നേടിയത്. വേണമെങ്കില്‍ പാട്ടിധാറിനും സിംഗിളുകളെടുക്കുകയോ, ബോള്‍ ഒഴിവാക്കുകയോ എല്ലാം ചെയ്യാമായിരുന്നു. പക്ഷെ അവന്‍ അതു ചെയ്തില്ല. പകരം വലിയ ഷോട്ടിനു വേണ്ടി ശ്രമിക്കുക തന്നെ ചെയ്തു. കാരണം അവിടെ അതിനുള്ള അവസരമുണ്ടായിരുന്നതായും ഗവാസ്‌കര്‍ വിശദമാക്കി.
രജത് പാട്ടിധാറിന്റെ ഭാഗത്തു നിന്നും കണ്ടതുപോലെയൊരു സമീപനമാണ് വിരാട് കോലിയില്‍ നിന്നും ആര്‍സിബിക്കു ആവശ്യമുള്ളത്. കോലി കളിക്കുകയും മിസ്സാവുകയും ചെയ്തുവെന്നത് ശരിയാണ്. അതു അത്ര എളുപ്പമല്ല. കാരണം നിങ്ങള്‍ സിംഗിളുകള്‍ മാത്രമെടുത്ത് ഡിഫന്‍സീവായ രീതിയില്‍ ബാറ്റ് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്നു വലിയ ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിക്കുകയെന്നത് എളുപ്പമല്ല. പക്ഷെ കോലി അതാണ് ചെയ്യേണ്ടിയിരുന്നതെന്നും ഗവാസ്‌കര്‍ നിരീക്ഷിച്ചു.
37 ബോളുകളില്‍ നിന്നായിരുന്നു കോലി തന്റെ ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്. മറുഭാഗത്തു ബാറ്റിങ് പങ്കാളിയായ പാട്ടിധാര്‍ വെറും 19 ബോളില്‍ ഫിഫ്റ്റി തികച്ചപ്പോഴായിരുന്നു കോലിയുടെ വിരസമായ ഇന്നിങ്‌സ്. ഹൈദരാബാദില്‍ തുടര്‍ച്ചയയി തന്റെ നാലാമത്തെ ഫിഫ്റ്റി കൂടിയാണ് അദ്ദേഹം കുറിച്ചത്. പക്ഷെ പവര്‍പ്ലേയ്ക്കു ശേഷം മധ്യ ഓവറുകളില്‍ ഇന്നിങ്‌സ് സ്ലോയാക്കുകയെന്ന പതിവ് കോലി ഈ കളിയിലും തെറ്റിച്ചില്ല.
തുടര്‍ച്ചയായി ഒമ്പത് ഓവറുകളാണ് ഫോറോ, സിക്‌സറോയില്ലാതെ വെറും സിംഗിളും ഡബിളും മാത്രമെടുത്ത് കോലി ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോയത്. ഒടുവില്‍ ഫിഫ്റ്റിക്കു ശേഷം ജയദേവ് ഉനാട്കട്ടിനെതിരേ വലിയൊരു ഷോട്ടിനു തുനിഞ്ഞ് അദ്ദേഹം പുറത്താവുകയും ചെയ്തു.

20 ബോളില്‍ 50 റണ്‍സെടുത്ത പാട്ടിധാറും 20 ബോളില്‍ പുറത്താവാതെ 37 റണ്‍സെടുത്ത കാമറൂണ്‍ ഗ്രീനുമാണ് ആര്‍സിബിയെ ഏഴു വിക്കറ്റിനു 206 റണ്‍സെന്ന മികച്ച ടോട്ടലിലെത്തിച്ചത്. അല്ലായിരുന്നെങ്കില്‍ കോലിയുടെ സ്ലോ ബാറ്റിങ് കാരണം ആര്‍സിബി 170 റണ്‍സ് നേടുമോയെന്ന കാര്യം സംശയമായിരുന്നു. കളിയിലെ താരമായി പാട്ടിധാര്‍ തിരഞ്ഞെടുക്കപ്പട്ടതും ഈ കാരണത്താല്‍ തന്നെയാണ്.
മധ്യ ഓവറുകളില്‍ കോലിക്കു ബാറ്റിങിലെ ടച്ച് നഷ്ടമായതു പോലെയാണ് കാണപ്പെട്ടത്. കൃത്യമായുള്ള നമ്പറുകള്‍ എനിക്കറിയില്ല. പക്ഷെ 31- 32 ബോളുകള്‍ മുതല്‍ ഔട്ടാവുന്നതു വരെ ഒരു ഫോര്‍ പോലും കോലി നേടിയിട്ടില്ലെന്നാണ് ഞാന്‍ കരുതുന്നത്. ഇന്നിങ്‌സിലെ ആദ്യ ബോള്‍ നേരിട്ടതിനു ശേഷം 14-15 ഓവറുകളില്‍ പുറത്താവുമ്പോള്‍ സ്‌ട്രൈക്ക് റേറ്റ് വെറും 118 മാത്രമാണ്. നിങ്ങളുടെ ടീം ഇതല്ല നിങ്ങളില്‍ നിന്നും പ്രതീക്ഷിക്കുകയെന്നും ഗവാസ്‌കര്‍ വിമര്‍ശിച്ചു.