ഇന്ത്യന്‍ ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും പ്രതിഭാശാലികളായ താരങ്ങളെയെടുത്താല്‍ അക്കൂട്ടത്തില്‍ തീര്‍ച്ചയായും മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ നമുക്കു കാണാന്‍ സാധിക്കും. ദേശീയ ടീമില്‍ ഇപ്പോഴും സ്ഥിരം സാന്നിധ്യമായിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ കഴിവിനെക്കുറിച്ച് ലോകം മുഴുവന്‍ തികഞ്ഞ മതിപ്പാണുളളത്. തനിക്കു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ പലരും ഇന്ത്യന്‍ ടീമിലെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞിട്ടും സഞ്ജു ഇപ്പോഴും അകത്തും പുറത്തുമായി തന്നെ തുടരുകയാണ്.
ബാറ്റിങിലെ സ്ഥിരതയില്ലായ്മയാണ് ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ സഞ്ജുവിനു സാധിക്കാത്തതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അമിത അഗ്രസീവായുള്ള ബാറ്റിങ് ശൈലി കാരണം പലപ്പോഴും അദ്ദേഹത്തിനു വലിയ സ്‌കോറുകള്‍ നേടാന്‍ സാധിക്കുന്നില്ല. വരാനിരിക്കുന്ന ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിക്കാനൊരുങ്ങുകയാണ് സഞ്ജു. ക്യാപ്റ്റനെന്ന നിലയില്‍ റോയല്‍സിനൊപ്പം അദ്ദേഹത്തിന്റെ നാലാം സീസണ്‍ കൂടിയാണിത്.

ഇത്തവണത്തെ ഐപിഎല്‍ സഞ്ജുവിനു ഇതുവരെയുള്ള സീസണുകള്‍ പോലെയെല്ല. അതിനേക്കാള്‍ നിര്‍ണായകമാണെന്നതാണ് സത്യം. എന്തൊക്കെയാണ് ഇതിന്റെ കാരണങ്ങളെന്നു നമുക്കു പരിശോധിക്കാം. ആദ്യത്തെ കാരണം വരാനിരിക്കുന്ന ഐപിഎല്‍ ജൂണില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള സെലക്ഷന്‍ ട്രയല്‍സാണെന്നതാണ്. ഐപിഎല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ലോകകപ്പ് സ്‌ക്വാഡില്‍ ആരൊക്കെ വേണമെന്നു സെലക്ഷന്‍ കമ്മിറ്റി തീരുമാനിക്കുന്നത്.
നിലവില്‍ വിക്കറ്റ് കീപ്പറുടെ റോളിലേക്കു വാശിയേറിയ മല്‍സരമാണ് നടക്കുന്നത്. സഞ്ജുവിനെക്കൂടാതെ ജിതേഷ് ശര്‍മ, ഇഷാന്‍ കിഷന്‍ എന്നിവരും മല്‍സരരംഗത്തുണ്ട്. കൂടാതെ ഫിറ്റ്‌നസ് വീണ്ടെടുത്ത് തിരിച്ചുവരവിനൊരുങ്ങുന്ന റിഷഭ് പന്തും സ്വപ്‌നം കാണുന്നത് ലോകകപ്പ് ടിക്കറ്റാണ്. ഇവര്‍ മാത്രമല്ല കെഎല്‍ രാഹുലിന്റെ പേരും വിക്കറ്റ് കീപ്പര്‍ സ്ഥനത്തേക്കു ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. കൂടാതെ പുതിയ സെന്‍സേഷനായി മാറിയിരിക്കുന്ന ധ്രുവ് ജുറേലിന്റെ സാധ്യതയും തള്ളാന്‍ കഴിയില്ല.
ഇത്രയേറെ പേര്‍ ലോകകപ്പ് സ്‌ക്വാഡിലേക്കു മല്‍സരിക്കുമ്പോള്‍ ഐപിഎല്ലില്‍ അസാധാരണമായി എന്തെങ്കിലും ചെയ്‌തെങ്കില്‍ മാത്രമേ സഞ്ജുവിനു പ്രതീക്ഷയ്ക്കു വകയുള്ളൂ. റോല്‍സിനു വേണ്ടി 500-600 റണ്‍സെങ്കിലും പുതിയ സീസണില്‍ നേടാനായാല്‍ അദ്ദേഹത്തിനു ലോകകപ്പ് ടീമില്‍ സ്ഥാനം ഏറെക്കുറെ ഉറപ്പിക്കാം. മറിച്ചാണെങ്കില്‍ മറ്റു ചിലര്‍ സഞ്ജുവിനെ ഓവര്‍ടേക്ക് ചെയ്ത് ലോകകപ്പില്‍ ഇന്ത്യക്കായി കളിക്കാനിറങ്ങുകയും ചെയ്യും.
ഐപിഎല്‍ കരിയറില്‍ ഒരിക്കല്‍പ്പോലും 500 റണ്‍സ് ഒരു സീസണില്‍ തികയ്ക്കാന്‍ സഞ്ജുവിനായിട്ടില്ല. 480ന് മുകളില്‍ വരെ അദ്ദേഹം നേരത്തേ സ്‌കോര്‍ ചെയ്തിട്ടുണ്ടെങ്കിലും 500 എന്ന മാന്ത്രികസംഖ്യ പിന്നിടാനായില്ല. അതുകണ്ടു തന്നെ ഇത്തവണ സഞ്ജുവിനു ഈ ചരിത്രം തിരുത്തിയേ തീരൂ. എങ്കില്‍ മാത്രമേ കരിയറിലാദ്യമായി ഒരു ഐസിസി ടൂര്‍ണമെന്റില്‍ ഇന്ത്യക്കായി കളിക്കുകയെന്ന അദ്ദേഹത്തിന്റെ മോഹം പൂവണിയുകയുള്ളൂ.

17ാമത് ഐപിഎല്‍ സഞ്ജുവിനു നിര്‍ണായകമാക്കി മാറ്റുന്ന രണ്ടാമത്തെ കാരണം പ്രായമാണ്. അദ്ദേഹത്തിനു ഇപ്പോള്‍ 29 വയസ്സായിക്കഴിഞ്ഞു. 30ലേക്കു കടക്കുന്ന സഞ്ജുവിനു കരിയറില്‍ ഇനി അധികം സമയമില്ല. ഒരു ക്രിക്കറ്ററെന്ന നിലയില്‍ കരിയറിലെ ഏറ്റവും നിര്‍ണായക ഘട്ടമാണിത്. ടി20 ക്രിക്കറ്റ് അതിവേഗത്തില്‍ മാറിക്കൊണ്ടിരിക്കെ പ്രായം തീര്‍ച്ചയായും വലിയൊരു ഘടകം തന്നെയാണ്.
ചുറുചുറുക്കുള്ള യുവതാരങ്ങളെയാണ് ടി20 ഫോര്‍മാറ്റില്‍ ഏതൊരു ടീമും ആഗ്രഹിക്കുന്നത്. അതുകൊണ്ടു തന്നെ സ്വാഭാവികമായും 30 പിന്നിട്ടാല്‍ സഞ്ജുവിന്റെ സാധ്യതകള്‍ കുറഞ്ഞു തുടങ്ങുകയും ചെയ്യും. 30 വയസ്സിനു ശേഷം വളറെ അപൂര്‍വ്വമായി മാത്രമേ ടി20യിലേക്കു താരങ്ങള്‍ പരിഗണിക്കപ്പെടാറുള്ളൂ. ഇതു തീര്‍ച്ചയായും സഞ്ജുവിനെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്ന കാര്യം തന്നെയാണ്.