സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു തോറ്റ് രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്ലില്‍ നിന്നും പുറത്തായതിനു പിന്നാലെ നായകന്‍ സഞ്ജു സാംസണിനെ വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനോടൊപ്പം ഒരു സ്ഥിരതയുള്ള കരിയര്‍ എന്തുകൊണ്ടാണ് സഞ്ജുവിനു ഇല്ലാതെ പോയത് എന്നതിന്റെ കാരണവും അദ്ദേഹം ചൂണ്ടിക്കാട്ടി. 11 ബോളില്‍ 10 റണ്‍സ് മാത്രമാണ് എസ്ആര്‍എച്ചിനെതിരേ സഞ്ജുവിനു നേടാനായത്. പാര്‍ട്ട് ടൈം ബൗളറായ അഭിഷേക് ശര്‍മയ്‌ക്കെതിരേ ബാക്ക്ഫൂട്ടില്‍ പുള്‍ ഷോട്ടിനു ശ്രമിച്ച അദ്ദേഹത്തെ എയ്ഡ്ന്‍ മാര്‍ക്രം മികച്ചൊരു ക്യാച്ചിലൂടെ മടക്കുകയായിരുന്നു.
മല്‍സരശേഷം സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കവെയാണ് സഞ്ജുവിനെതിരേ ഗവാസ്‌കര്‍ ആഞ്ഞടിച്ചത്. സഞ്ജുവിന്റെയും റിയാന്‍ പരാഗിന്റെയും പുറത്താവലുകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിങ്ങളുടെ ടീമിനു വിജയമോ, കിരീടമോ നേടിത്തരാന്‍ കഴിയുന്നില്ലെങ്കില്‍ 500 റണ്‍സ് സ്‌കോര്‍ ചെയ്തതു കൊണ്ട് എന്തു പ്രയോജനം? ഗ്ലാമറസ് ഷോട്ടുകള്‍ കളിച്ചാണ് എല്ലാവരും പുറത്തായത്. എന്തുകൊണ്ടാണ് സഞ്ജുവിനു ഒരു സ്ഥിരതയുള്ള ഇന്ത്യന്‍ കരിയര്‍ ഇല്ലാതെ പോയത്. ഷോട്ട് സെലക്ഷന്‍ തന്നെയാണ് സഞ്ജുവിനു തിരിച്ചടിയായി കൊണ്ടിരിക്കുന്നതെന്നും ഗവാസ്‌കര്‍ വിലയിരുത്തി.

എന്നാല്‍ അടുത്ത മാസം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ സഞ്ജു തനിക്കു ലഭിക്കുന്ന അവസരം ഏറ്റവും നന്നായി തന്നെ പ്രയോജനപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഷോട്ട് സെലക്ഷന്‍ മികച്ചതായിരുന്നെങ്കില്‍ സഞ്ജുവിന്റെ ഇന്ത്യന്‍ കരിയറും ദൈര്‍ഘ്യമേറിയതാവുമായിരുന്നു.
ടി20 ലോകകപ്പില്‍ ലഭിച്ചിരിക്കുന്ന അവസരം അദ്ദേഹം ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും ടീമിലെ സ്ഥാനം ഉറപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നതായി ഗവാസ്‌കര്‍ വ്യക്തമാക്കി. എസ്ആര്‍എച്ചിനെതിരേ മാത്രമല്ല നേരത്തേ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമായുള്ള എലിമിനേറ്ററിലും സഞ്ജു നിരാശപ്പെടുത്തിയിരുന്നു. 17 റണ്‍സ് മാത്രമെടുത്താണ് അദ്ദേഹം പുറത്തായത്.
എസ്ആര്‍എച്ചിനെതിരേ 10 ബോളില്‍ ആറു റണ്‍സ് മാത്രമേ പരാഗ് നേടിയുള്ളൂ ഷഹബാസ് അഹമ്മദിന്റെ ബൗളിങില്‍ ഡീപ്പില്‍ ക്യാച്ച് സമ്മാനിച്ചാണ് താരം ക്രീസ് വിട്ടത്. ഇതോടെ 11.1 ഓവറില്‍ റോയല്‍സ് നാലു വിക്കറ്റിനു 79 റണ്‍സിലേക്കു വീഴുകയും ചെയ്തു. ഈ തകര്‍ച്ചയില്‍ നിന്നും പിന്നീട് കരകയറാനും റോയല്‍സിനായില്ല.

യശസ്വി ജയ്‌സ്വാളിന്റെ പുറത്താവലിനെക്കുറിച്ചും ഗവാസ്‌കര്‍ സംസാരിച്ചു. ഷഹബാസിനെതിരേ റിവേഴ്‌സ് സ്വീപ്പിലൂടെ സിക്‌സര്‍ പായിച്ച് മൂന്നു ബോളുകള്‍ക്കു ശേഷമാണ് ജയ്‌സ്വാള്‍ പുറത്തായത്. വീണ്ടുമൊരു വലിയ ഷോട്ടിനു തുനിഞ്ഞ റോയല്‍സ് ഓപ്പണറെ ലോങ് ഓഫില്‍ ഫീല്‍ഡര്‍ പിടികൂടുകയായിരുന്നു. റോയല്‍സിന്റെ തകര്‍ച്ചയുടെ തുടക്കവും ഇവിടെ നിന്നു തന്നെയാണ്.
ജയ്‌സ്വാളിന്റെ മാനസികാവസ്ഥയുടെ കാര്യത്തില്‍ സംശയങ്ങളൊന്നുമില്ല, കാരണം ടെസ്റ്റ് മല്‍സരങ്ങളില്‍ അവന്‍ അതു കാണിച്ചിട്ടുള്ളതാണ്. പക്ഷെ ഷോട്ട് സെലക്ഷനില്‍ ജയ്‌സ്വാളിന് എന്താണ് പറ്റിയത്, അവന്‍ യഥാര്‍ഥത്തില്‍ ക്ഷീണിതനാണോ? രണ്ടു ദിവസങ്ങള്‍ക്കു മുമ്പുള്ള അവസാനത്തെ മല്‍സരത്തിലും ജയ്‌സ്വാളിനു പേശീവലിവുള്ളതായി കാണപ്പെട്ടിരുന്നുവെന്നും ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി. ജയ്‌സ്വാളിന്റെ പുറത്താവലാണ് മല്‍സരത്തിലെ ടേണിങ് പോയിന്റായി മാറിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചെന്നൈയില്‍ കടുത്ത ചൂടുള്ള കാലാവസ്ഥയായിരുന്നുവെന്നത് ഞാന്‍ സമ്മതിക്കുന്നു. എന്നിരുന്നാലും ചെറുതായി കാറ്റും വീശുന്നുണ്ടായിരുന്നു. നിങ്ങള്‍ക്കു വെള്ളം കുടിക്കാനും ഉന്‍മേഷം വീണ്ടെടുക്കാനുമെല്ലാം സ്ട്രാറ്റെജിക്ക് ടൈമൗട്ടും ലഭിച്ചു. അത്തരമൊരു ഷോട്ട് ജയ്‌സ്വാള്‍ കളിച്ചതിനു ശേഷമാണ് റോയല്‍സിനു ബാറ്റിങ് തകര്‍ച്ചയിലേക്കു വീഴേണ്ടി വന്നതെന്നു ഞാന്‍ കരുതുന്നു. അടുത്ത രണ്ട്- മൂന്ന് ഓവറുകള്‍ കൂടി ജയ്‌സ്വാള്‍ അവിടെ തുടര്‍ന്നിരുന്നെങ്കില്‍ റോയല്‍സിനു ഒരു പ്രശ്‌നവും ഉണ്ടാവുമായിരുന്നില്ലെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.