ജയ്പൂര്‍: ഗുജറാത്ത് ടൈറ്റന്‍സുമായുള്ള ഐപിഎല്‍ മല്‍സരത്തിലേറ്റ പരാജയത്തിനു ശേഷം വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ നേരിടുന്നത്. ഹോംഗ്രൗണ്ടില്‍ നടന്ന ത്രില്ലറില്‍ മൂന്നു വിക്കറ്റിന്റെ തോല്‍വിയാണ് റോയല്‍സിനു നേരിടേണ്ടി വന്നത്. ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജുവിന്റെ ചില മോശം തീരുമാനങ്ങളാണ് റോയല്‍സിനെ പരാജയത്തിലേക്കു തള്ളിയിട്ടതെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്.
ഡെത്ത് ഓവറുകളില്‍ ന്യൂസിലാന്‍ഡിന്റെ സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടിനു ഒരോവര്‍ പോലും നല്‍കാതിരുന്ന സഞ്ജുവിന്റെ തീരുമാനത്തിനെതിരേയാണ് പ്രധാന വിമര്‍ശനം. പവര്‍പ്ലേയിലെ രണ്ടോവറുകളില്‍ മാത്രമേ ബോള്‍ട്ട് ബൗള്‍ ചെയ്തിരുന്നുള്ളൂ. എട്ടു റണ്‍സ് മാത്രമേ അദ്ദേഹം വിട്ടുനല്‍കുകയും ചെയ്തുള്ളൂ. എന്നിട്ടും എന്തുകൊണ്ടാണ് അവസാന ഓവറുകളില്‍ ബോള്‍ട്ടിനെ തിരികെ വിളിക്കാതിരുന്നതെന്നാണ് ഉയരുന്ന ചോദ്യം.

17ാമത്തെ ഓവര്‍ വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനായിരുന്നു സഞ്ജു നല്‍കിയത്. ഈ ഓവറില്‍ ജിടി 17 റണ്‍സ് വാരിക്കൂട്ടുകയും ചെയ്തു. കളിയില്‍ വഴിത്തിരിവായി മാറിയതും ഈ ഓവര്‍ തന്നെയാണ്. അശ്വിനു പകരം ഓവര്‍ ബോള്‍ട്ടിനായിരുന്നു സഞ്ജു നല്‍കേണ്ടിയിരുന്നതെന്നാണ് വിമര്‍ശകരുടെ പക്ഷം. എന്നാല്‍ ബോട്ടിനെ അദ്ദേഹം മാറ്റിനിര്‍ത്താന്‍ ഒരു കാരണമുണ്ട്. ഐപിഎല്ലില്‍ ഡെത്ത് ഓവറുളില്‍ കിവി പേസറുടെ മോശം റെക്കോര്‍ഡ് തന്നെയാണ് ഇതിനു പിന്നില്‍.
ഐപിഎല്ലിന്റെ ഡെത്ത് ഓവറുകളില്‍ ഏറ്റവും കുറഞ്ഞത് 50 ഓവറുകളെങ്കിലും ബൗള്‍ ചെയ്ത ബൗളര്‍മാരെയെടുത്താല്‍ ഏറ്റവും മോശം ഇക്കോണമി റേറ്റുള്ളവരില്‍ ബോള്‍ട്ട് മൂന്നാംസ്ഥാനത്തുണ്ടെന്നു കാണാം. 10.92 ഇക്കോണമി റേറ്റാണ് അദ്ദേഹത്തിനു അവസാന ഓവറുകളിലുള്ളത്. ഈ ലിസ്റ്റില്‍ ആദ്യത്തെ രണ്ടു സ്ഥാനങ്ങളില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇന്ത്യന്‍ പേസര്‍ ജയദേവ് ഉനാട്കട്ട് (11.06), ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഇന്ത്യന്‍ വെറ്ററന്‍ പേസര്‍ ഇഷാന്ത് ശര്‍മ (10.92) എന്നിവരാണ്.
ഡെത്ത് ഓവറുകളില്‍ ബോള്‍ട്ട് ഇതുവരെ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി കളിച്ചപ്പോഴുള്ള റെക്കോര്‍ഡ് നോക്കിയാലും അതു മോശമാണെന്നു കാണാം. 17 മുതല്‍ 20 വരെയുള്ള ഓവറുകളില്‍ അദ്ദേഹം ഇതുവരെ 107 ഇന്നിങ്‌സുകളിലാണ് പന്തെറിഞ്ഞത്. ഇവയില്‍ നിന്നും 10.33 ഇക്കോണമി റേറ്റില്‍ വീഴ്ത്തിയത് 66 വിക്കറ്റുകളാണ്.

അതേസമയം, റോയല്‍സിനെതിരേ അവസാനത്തെ ബോളിലാണ് ജിടി ത്രസിപ്പിക്കുന്ന വിജയം പിടിച്ചെടുത്തത്. 197 റണ്‍സിന്റെ വന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ജിടി ഏഴു വിക്കറ്റ് നഷ്ടത്തില്‍ വിജയം കൈക്കലാക്കുകയായിരുന്നു. ക്യാപ്റ്റന്റെ ഇന്നിങ്‌സ് കളിച്ച ശുഭ്മന്‍ ഗില്ലാണ് (72) വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. 44 ബോളുകള്‍ നേരിട്ട അദ്ദേഹം ആറു ഫോറും രണ്ടു സിക്‌സറുമടിച്ചു.
വാലറ്റത്ത് റാഷിദ് ഖാന്‍, രാഹുല്‍ തെവാത്തിയ എന്നിവരുടെ മികച്ച ഫിനിഷിങ് ജിടിക്കു ആവേശോജ്വല ജയം നേടിക്കൊടുത്തു.റാഷിദ് 11 ബോളില്‍ നാലു ഫോറടക്കം പുറത്താവാതെ 24 റണ്‍സ് സ്‌കോര്‍ ചെയ്തപ്പോള്‍ തെവാത്തിയ 11 ബോളില്‍ മൂന്നു ഫോറുള്‍പ്പെടെ 22 റണ്‍സ് നേടി പുറത്താവുകയും ചെയ്തു.
അവസാനത്തെ മൂന്നോവറില്‍ 42 റണ്‍സാണ് ജിടിക്കു ജയിക്കാന്‍ ആവശ്യമായിന്നത്. അശ്വിന്റെ 17ാം ഓവറില്‍ 17ഉം ആവേശ് ഖാന്റെ 18ാം ഓവറില്‍ ഏഴു റണ്‍സും കുല്‍ദീപ് സെന്നിന്റെ 19ാം ഓവറില്‍ 20ഉം അവസാനത്തെ ഓവറില്‍ 17ഉം റണ്‍സ് നേടി ജിടി ജയിച്ചു കയറുകയായിരുന്നു.