ദുബായ്: ഐപിഎല്‍ താരലേലത്തിലെ സര്‍പ്രൈസ് താരങ്ങളിലൊരാളായി മാറിയിരിക്കുകയാണ് അണ്‍ക്യാപ്ഡ് ഇന്ത്യന്‍ താരമായ ശുഭം ദുബെ. വെറും 20 ലക്ഷം രൂപ മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന ദുബെയ്ക്കു വന്‍ ഡിമാന്റാണ് ലേലത്തില്‍ കണ്ടത്. ഒടുവില്‍ അടിസ്ഥാന വിലയേക്കാള്‍ 29 മടങ്ങ് അധികം മുടക്കി സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് അദ്ദേഹത്തെ തങ്ങളുടെ കൂടാരത്തില്‍ എത്തിക്കുകയായിരുന്നു. 5.8 കോടി രൂപയാണ് ദുബെയ്ക്കായി റോയല്‍സിനു മുടക്കേണ്ടി വന്നത്.
ഇത്ര മാത്രം തുക ദുബെയ്ക്കായി റോയല്‍സ് മുടക്കാന്‍ കാരണമെന്താണ്? താരത്തിന്റെ ആഭ്യന്തര ക്രിക്കറ്റിലെ ഉജ്ജ്വല റെക്കോര്‍ഡ് തന്നെയാണ് ഇതിനു പിന്നിലെന്നു വ്യക്തം. വിദര്‍ഭയ്ക്കു വേണ്ടിയാണ് ദുബെ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്നത്. താരത്തിന്റെ ടി20 കരിയറെടുത്താല്‍ 20 മല്‍സരങ്ങളില്‍ നിന്നും 37.30 ശരാശരിയില്‍ 145.20 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റില്‍ 485 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തിരിക്കുന്നത്.

സമാപിച്ച സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റിലും ഇടംകൈയന്‍ ബാറ്ററായ ദുബെ തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു. ടൂര്‍ണമെന്റില്‍ അവരുടെ ടോപ്‌സ്‌കോററും അദ്ദേഹം തന്നെയായിരുന്നു. ഏഴു ഇന്നിങ്‌സുകളില്‍ നിന്നും 73.66 എന്ന ഉജ്ജ്വല ശരാശരിയില്‍ 187.62 സ്‌ട്രൈക്ക് റേറ്റില്‍ 221 റണ്‍സ് താരം സ്‌കോര്‍ ചെയ്തിരുന്നു.
ബംഗാളുമായുള്ള മല്‍സരത്തില്‍ 213 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ ചേസ് ചെയ്തു ജയിക്കാന്‍ വിദര്‍ഭയെ സഹായിച്ചത് ദുബെയായിരുന്നു. ഈ കളിയില്‍ 20 ബോളില്‍ താരം വാരിക്കൂട്ടിയത് 58 റണ്‍സായിരുന്നു. റോയല്‍സിനെ സംബന്ധിച്ച് ലോവര്‍ ഓര്‍ഡറില്‍ വമ്പനടിക്കാരനായ ഒരു താരത്തിന്റെ കുറവുണ്ട്. ഇതു നികത്താന്‍ കഴിയുന്ന താരമാണ് 29കാരനായ ദുബെ.
ലേലത്തില്‍ ആദ്യമായി വിളിക്കപ്പെട്ട വെസ്റ്റ് ഇന്‍ഡീസിന്റെ വമ്പനടിക്കാരനായ താരം റോവ്‌മെന്‍ പവലിനെ 7.4 കോടി രൂപയ്ക്കു സ്വന്തമാക്കിയാണ് റോയല്‍സ് അക്കൗണ്ട് തുറന്നത്. പിന്നീട് ലേലത്തിന്റെ ഭൂരിഭാഗം സമയത്തും നിശബ്ധരായിരുന്ന റോയല്‍സ് ദുബെയ്ക്കായി ഇഞ്ചോടിഞ്ച് പോരാടി ഒടുവില്‍ മോഹവിലയ്ക്കു സ്വന്തമാക്കുകയായിരുന്നു.
രാജസ്ഥാന്‍ റോയല്‍സ് സ്‌ക്വാഡ്
സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), ജോസ് ബട്ലര്‍, ഷിംറോണ്‍ ഹെറ്റ്മെയര്‍, യശസ്വി ജയ്സ്വാള്‍, ധ്രുവ് ജുറേല്‍, റിയാന്‍ പരാഗ്, ഡൊണോവന്‍ ഫെരേര, കുനാല്‍ റാത്തോഡ്, രവിചന്ദ്രന്‍ അശ്വിന്‍, കുല്‍ദീപ് സെന്‍, നവ്ദീപ് സൈനി, പ്രസിദ്ധ് കൃഷ്ണ, സന്ദീപ് ശര്‍മ, ട്രെന്റ് ബോള്‍ട്ട്, യുസ്വേന്ദ്ര ചഹല്‍, ആദം സാംപ, ആവേശ് ഖാന്‍ (എല്‍എസ്ജിയില്‍ നിന്നു ട്രേഡില്‍ വാങ്ങി), റോവ്‌മെന്‍ പവല്‍ (7.4 കോടി രൂപ), ശുഭം ദുബെ (5.80 കോടി രൂപ).