ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും നീക്കിയതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ വീണ്ടും ചൂടുപിടിക്കുകയാണ്. രോഹിത്തിനെ പുതിയ സീസണിനു മുന്നോടിയായി നായകസ്ഥാനത്തു നിന്നും മാറ്റാനുള്ള കാരണത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ മുഖ്യ കോച്ചായ മാര്‍ക്ക് ബൗച്ചര്‍ തുറന്നു പറയുന്ന വീഡിയോ പുറത്തു വന്നതിനു പിന്നാലെയായിരുന്നു ഇത്.
ഈ വീഡിയോക്കു താഴെ രോഹിത്തിന്റെ ഭാര്യ റിതിക സജ്‌ദേ പ്രതികരിക്കുകയും ചെയ്തിരുന്നു. പലതും തെറ്റാണെന്നായിരുന്നു റിതിക കുറിച്ചത്. ഇതോടെയാണ് രോഹിത്തിനെ പുറത്താക്കിയതില്‍ എത്ര മാത്രം രോഷവും നിരാശയുമാണ് രോഹിത്തിനും കുടുംബത്തിനുമുണ്ടെന്നു ലോകമറിഞ്ഞത്. സംഭവം വിവാദമായതോടെ അഭിമുഖത്തിന്റെ വീഡിയോ നീക്കം ചെയ്യപ്പെടുകയും ചെയ്തിരുന്നു.

പക്ഷെ രോഹിത്തും മുംബൈയും തമ്മിലുള്ള ബന്ധം ഇനിയൊരിക്കലും നേരെയാക്കാനാവാത്ത വിധത്തില്‍ വഷളായിരിക്കുകയാണെന്നും ട്രേഡ് വിന്‍ഡോയിലോ, അടുത്ത സീസണിനു ശേഷമോ അദ്ദേഹം ടീം വിട്ടേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമായത്.
ഡിസംബറില്‍ നടന്ന ഐപിഎല്‍ താരലേലത്തിനു ദിവസങ്ങള്‍ മാത്രം മുമ്പായിരുന്നു രോഹിത്തിനു പകരം ഹാര്‍ദിക് പാണ്ഡ്യയെ പുതിയ ക്യാപ്റ്റനായി മുംബൈ പ്രഖ്യാപിച്ചത്. ട്രേഡ് വിന്‍ഡോയില്‍ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും ഹാര്‍ദിക്കിനെ തിരികെ വാങ്ങിയ ശേഷമായിരുന്നു മുംബൈയുടെ ഞെട്ടിക്കുന്ന പ്രഖ്യാപനം. രോഹിത്തെന്ന ബാറ്ററുടെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനു വേണ്ടിയും ഹാര്‍ദിക്കിന്റെ നേതൃശേഷി തിരിച്ചറിഞ്ഞതും കൊണ്ടാണ് അദ്ദേഹത്തെ ക്യാപ്റ്റനാക്കിയതെന്നുമായിരുന്നു ബൗച്ചറുടെ വിശദീകരണം.
പക്ഷെ ഇതു തന്നെയാണോ രോഹിത്തിനെ ക്യാപ്റ്റന്‍സിയില്‍ നിന്നും നീക്കാനുള്ള യഥാര്‍ഥ കാരണം. എന്തായിരിക്കാം രോഹിത്തിന്റെ നായകസ്ഥാനം തെറിപ്പിച്ചതെന്നു നമുക്കു പരിശോധിക്കാം. പ്രധാനമായും രണ്ടു കാരണങ്ങളായിരിക്കും ഇതിനു പിന്നിലുള്ളത്.
ആദ്യത്തേത് മുംബൈ ടീമിന്റെ പുതിയ കോച്ചായി കഴിഞ്ഞ സീസണില്‍ ചുമതലയേറ്റെടുത്ത മാര്‍ക്ക് ബൗച്ചറുടെ ഇടപെടല്‍ തന്നെയായിരിക്കും. ശ്രീലങ്കയുടെ മുന്‍ ഇതിഹാസം മഹേല ജയവര്‍ധനെയായിരുന്നു 2022 വരെ ടീമിനെ പരിശീലിപ്പിച്ചത്. പക്ഷെ പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഫ്രാഞ്ചൈസി ലീഗുകളില്‍ കളിക്കുന്ന മുംബൈ ടീമിന്റെ ഡയറക്ടര്‍ സ്ഥാനത്തേക്കു ജയവര്‍ധനെ മാറുകയായിരുന്നു. ഇതോടെയാണ് കോച്ച് സ്ഥാനത്തേക്കു സൗത്താഫ്രിക്കയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ കൂടിയായ ബൗച്ചറെ കൊണ്ടുവന്നത്.
ഇതോടെ ടീമിന്റെ നിയന്ത്രണം പൂര്‍ണമായും തന്നിലേക്കു കൊണ്ടുവരാനുള്ള ശ്രമം അദ്ദേഹം ആരംഭിക്കുകയും ചെയ്തു. മുംബൈ ടീമിന്റെ നട്ടെല്ലെന്നു പറയാവുന്നത് ക്യാപ്റ്റന്‍ കൂടിയായ രോഹിത്തായിരുന്നു. അദ്ദേഹത്തിന്റെ വാക്കായിരുന്നു ടീമില്‍ ഏറ്റവും പ്രധാനം. കോച്ചിനേക്കാള്‍ സ്വാധീനം രോഹിത്തിനു ടീമിലുണ്ടെന്നു തിരിച്ചറിഞ്ഞതിലുള്ള ബൗച്ചറുടെ അസൂയ തന്നെയായിരിക്കും പുറത്താക്കലിലേക്കു നയിച്ചതെന്നു സംശയിക്കേണ്ടി വരും.

രോഹിത്തിന്റെ നായകസ്ഥാനം പോയാല്‍ ടീം പൂര്‍ണമായും തനിക്കു കീഴിലേക്കു വരുമെന്ന വിശ്വാസവും ബൗച്ചറിനുണ്ടായിരുന്നു. ഇപ്പോള്‍ രോഹിത്തിന്റെ ആധിപത്യം തകര്‍ത്തതോടെ അദ്ദേഹം ഇതില്‍ വിജയിക്കുകയും ചെയ്തിരിക്കുകയാണ്. പക്ഷെ ടീമെന്ന നിലയില്‍ ഇതു മുംബൈയ്ക്കു വലിയ ദോഷമായിരിക്കും ചെയ്യുക. രോഹിത്തിനെ അനുകൂലിക്കുന്നവരും അല്ലാത്തവരുമെന്ന രണ്ടു ഗ്രൂപ്പുകള്‍ ടീമില്‍ ഉടലെടുക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. വരാനിരിക്കുന്ന സീസണില്‍ ഇതു മുംബൈ ടീമിന്റെ പ്രകടനത്തെ ബാധിച്ചാലും അദ്ഭുതപ്പെടേണ്ടതില്ല.
രോഹിത്തിന്റെ നായകസ്ഥാനം തെറിപ്പിക്കാനുള്ള രണ്ടാമത്തെ കാരണം ടീമുടമകളായ അംബാനി കുടുംബത്തിന് ഹാര്‍ദിക് പാണ്ഡ്യയോടുള്ള പ്രത്യേക താല്‍പ്പര്യമായിരിക്കാം. മുംബൈ ടീമിന്റെ കാര്യങ്ങളില്‍ നിര്‍ണായക ഇടപെടലുകള്‍ നടത്താറുള്ളത് ആകാശ് അംബാനിയാണ്. മുംബൈ ടീമിനോടൊപ്പം കളിച്ചുവളര്‍ന്ന താരമായതിനാല്‍ തന്നെ ഹാര്‍ദിക്കിനോടു പ്രത്യേക താല്‍പ്പര്യം ആകാശിനുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്.
കാരണം ട്രേഡ് വിന്‍ഡോയില്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ വിറ്റാണ് ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ കൂടിയായ ഹാര്‍ദിക്കിനെ മുംബൈ വാങ്ങിയത്. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം നടത്തിയ ഗ്രീനിനെ വില്‍ക്കാന്‍ രോഹിത്തിന് താല്‍പ്പര്യമില്ലായിരുന്നു. ടീം മാനേജ്‌മെന്റിനോടു അദ്ദേഹം ഇക്കാര്യം പറയുകയും ചെയ്തിരുന്നു.
പക്ഷെ ഇതു പരിഗണിക്കാതെ ഗ്രീനിനെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു മുംബൈ വില്‍ക്കണമെങ്കില്‍ അത് ആകാശ് അംബാനിയുടെ തീരുമാനം തന്നെയായിരിക്കുമെന്നുറപ്പാണ്. എന്തു വില കൊടുത്തും ഹാര്‍ദിക്കിനെ തിരികെ വാങ്ങണമെന്ന് അംബാനി കുടുംബം ഉറപ്പിച്ചിരുന്നുവെന്നു വ്യക്തം. ഈ കാരണത്താല്‍ തന്നെയാണ് ഹാര്‍ദിക് വന്നതോടെ രോഹിത് ഇനി ക്യാപ്റ്റനായി വേണ്ടെന്ന തീരുമാനമെടുക്കാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ടാവുക.