അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സുമായുള്ള ഐപിഎല്‍ പോരാട്ടത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായി ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്തിനെ തിരഞ്ഞെടുത്തതില്‍ രൂക്ഷവിമര്‍ശനം. വിക്കറ്റിനു പിന്നിലെ മിന്നുന്ന പ്രകടനവും ഫിനിഷിങും കണക്കിലെടുത്താണ് റിഷഭിനെ കളിയിലെ ഹീറോയി തിരഞ്ഞെടുത്തത്. പക്ഷെ മല്‍സരത്തില്‍ ഉജ്ജ്വലമായി പന്തെറിഞ്ഞ് ജിടിയുടെ കഥ കഴിച്ച ബൗളര്‍മാര്‍ക്കു ഒരു വിലയുമില്ലേയെന്നാണ് ആരാധകരുടെ ചോദ്യം.
ഡിസി ആറു വിക്കറ്റിന്റെ ഏകപക്ഷീയ വിജയം കൊയ്ത മല്‍സരത്തില്‍ വിക്കറ്റിനു പിന്നില്‍ ഉജ്ജ്വല ഫോമിലായിരുന്നു റിഷഭ്. കണ്ണഞ്ചിപ്പിക്കുന്ന രണ്ടു സ്റ്റംപിങുകള്‍ നടത്തിയ അദ്ദേഹം ഒരു തകര്‍പ്പന്‍ പറക്കും ക്യാച്ചുമെടുത്തിരുന്നു. അതിനു ശേഷം റണ്‍ചേസില്‍ 11 ബോളില്‍ ഓരോ ഫോറും സിക്‌സറുമടക്കം 16 റണ്‍സും റിഷഭ് സ്‌കോര്‍ ചെയ്തു. ഈ പ്രകടനമാണ് പ്ലെയര്‍ ഓഫ് ദി മാച്ചായി അദ്ദേഹത്തിനു നറുക്കുവീഴാനുള്ള പ്രധാന കാരണം.

ഈ മല്‍സരത്തില്‍ ഡിസി ബൗളര്‍മാരുടെ ഗംഭീര പ്രകടനത്തിനു മുന്നില്‍ മൂന്നക്കം പോലു തികയ്ക്കാനാവാതെ വെറും 89 റണ്‍സിനു ജിടി ഓള്‍ഔട്ടായിരുന്നു. ഡിസി ബൗളിങില്‍ ഏറ്റവും മികച്ചുനിന്നത് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുകേഷ് കുമാറായിരുന്നു. 2.3 ഓവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അദ്ദേഹം മൂന്നു വിക്കറ്റുകള്‍ പോക്കറ്റിലാക്കിയിരുന്നു. വൃധിമാന്‍ സാഹ (2), റാഷിദ് ഖാന്‍ (31) നൂര്‍ അഹമ്മദ് (1) എന്നിവരെയാണ് മുകേഷ് മടക്കിയത്.
മുകേഷിക്കെൂടാതെ വെറ്ററന്‍ ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മ രണ്ടോവറില്‍ എട്ടു റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റുകളും പിഴുതിരുന്നു. ട്രിസ്റ്റണ്‍ സ്റ്റബ്‌സ് ഒരോവറില്‍ രണ്ടും വിക്കറ്റുകള്‍ നേടി. പക്ഷെ ബൗളര്‍മാരുടെ കഠിനാധ്വാനത്തിനു യാതൊരു വിലയും നല്‍കാതെ റിഷഭിനെ എന്തിനാണ് കളിയിലെ കേമനായി തിരഞ്ഞെടുത്തിരിക്കുന്നതെന്നാണ് ആരാധകരുടെ ചോദ്യം.

ഐപിഎല്ലിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ ആദ്യമായി സഹതാപത്തിന്റെ മാത്രം പേരില്‍ ഒരു താരത്തിനു പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ലഭിച്ചിരിക്കുകയാണ്. റിഷഭ് പന്തിന് എന്തിനാണ് ഈ പുരസ്‌കാരം നല്‍കിയതെന്നു മനസ്സിലാവുന്നില്ല. ഡല്‍ഹി ക്യാപ്പിറ്റല്‍സ് ബൗളര്‍മാരുടെ മുഴുവന്‍ കഠിനാധ്വാനവുമാണ് ഇതോടെ പാഴായിപ്പോയതെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.
റിഷഭ് പന്ത് അന്നും ഇന്നും ബിസിസിഐയുടെ ഫേവറിറ്റാണ്. അതിനു ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഗുജറാത്ത് ടൈറ്റന്‍സിനെതിരേ ലഭിച്ചിട്ടുള്ള പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം. റിഷഭ് എന്തു ചെയ്താലും അവര്‍ക്കു അതു വലിയ കാര്യമാണ്. ഈ കാരണത്താലാണ് മുകേഷ് കുമാറുപ്പെടെയുള്ള ബൗളര്‍മാരെ അവഗണിച്ച് വിക്കറ്റ് കീപ്പിങിന്റെ പേരില്‍ മാത്രം റിഷഭിനു പുരസ്‌കാരം നല്‍കിയതെന്നും ആരാധകര്‍ തുറന്നടിച്ചു.