ഐപിഎല്ലില്‍ ഇത്തവണ ഫൈനലിലെത്തുമെന്നു എല്ലാവരും ഉറപ്പിച്ചു പറഞ്ഞിട്ടും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു എന്തുകൊണ്ടാണ് എലിമിനേറ്ററില്‍ തോറ്റു പുറത്തായതെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ്‌റൈേേഡഴ്‌സ് ടീമിന്റെ മുഖ്യ ഉപദേശകന്‍ ഗൗതം ഗംഭീര്‍. അഹമ്മദാബാദില്‍ നടന്ന എലിമിനേറ്ററില്‍ നാലു വിക്കറ്റിനാണ് ആര്‍സിബിയെ രാജസ്ഥാന്‍ റോയല്‍സ് കെട്ടുകെട്ടിച്ചത്. ഇതോടെ രണ്ടാം ക്വാളിഫയറിലേക്കു റോയല്‍സ് ടിക്കറ്റെടുക്കുകയും ചെയ്യുകയായിരുന്നു.
എലിമിനേറ്ററിനു മുമ്പ് തുടര്‍ച്ചയായി ആറു മല്‍സരങ്ങളില്‍ ആര്‍സിബി വിജയക്കുതിപ്പ് നടത്തിയിരുന്നു. മറുഭാഗത്തു സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സാവട്ടെ തുടരെ നാലു പരാജയങ്ങളുടെ ക്ഷീണത്തിലുമായിരുന്നു. അതുകൊണ്ടു തന്നെ മുന്‍ താരങ്ങളും ക്രിക്കറ്റ് പണ്ഡിതരുമെല്ലാം ആര്‍സിബിയെയാണ് ഫേവറിറ്റായി ചൂണ്ടിക്കാണിച്ചത്. പക്ഷെ എല്ലാ പ്രവചനങ്ങളും തെറ്റിച്ചുകൊണ്ട് റോയല്‍സ് സര്‍പ്രൈസ് വിജയം കൊയ്യുകയായിരുന്നു.

എലിമിനേറ്ററില്‍ എല്ലാ മേഖലയിലും ആര്‍സിബിയെ റോയല്‍സ് പിന്തള്ളിയതായും ഏറ്റവും നിര്‍ണായകമായ സമയമെത്തിയപ്പോള്‍ ആര്‍സിബിക്കു പിഴച്ചുവെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു. ഒരു ടീം തുടരെ ജയിച്ചുകൊണ്ടിരുന്നാല്‍ താളം അവര്‍ക്കൊപ്പമാണെന്നതു ഒരുപാട് ഉപയോഗിച്ചു കൊണ്ടിരുന്ന വാക്കാണെന്നും പക്ഷെ അതില്‍ വലിയ കാര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
താളമെന്ന വാക്ക് നമ്മള്‍ ഒരുപാട് തവണ ഉപയോഗിച്ചു കൊണ്ടിരിക്കുന്നതായി നേരത്തേ ഐപിഎല്ലില്‍ ഞാന്‍ ക്യാപ്റ്റനായിരുന്നപ്പോഴും പറഞ്ഞിട്ടുള്ള കാര്യമാണ്. ഒരു ദിവസം നിങ്ങള്‍ ഏതു തരത്തിലുള്ള തീവ്രതയോടെ ഫീല്‍ഡിലെത്തുന്നുവെന്നതാണ് പ്രധാനപ്പെട്ട കാര്യം. നിര്‍ഭയമായി, ധൈര്യത്തോടെ കളിക്കുന്ന ടീമിനായിരിക്കും മുന്‍തൂക്കം ലഭിക്കുക. കാരണം ഒരു ടീം താളത്തിലാണോ, അല്ലയോ എന്നതൊന്നും ബോളിനോ, ബാറ്റിനോ അറിയില്ലെന്നും ഗംഭീര്‍ വിശദീകരിച്ചു.
ഒരു നോക്കൗട്ട് മല്‍സരത്തില്‍ കളിക്കാനിറങ്ങുമ്പോള്‍ താരങ്ങളുടെ മാനസികാവസ്ഥയെന്നതു വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും എല്ലാ മല്‍സരത്തെയും ഒരുപോലെ പ്രധാനപ്പെട്ടതായി പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. ഐപിഎല്ലില്‍ പങ്കെടുക്കുന്ന 10 ടീമുകളും ഒരുപോലെ ശക്തരാണെന്നും ടി20 ലോകകപ്പ് പോലെ കടുപ്പമേറിയതാണ് ഐപിഎല്ലെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടി.
ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തും പത്താംസ്ഥാനത്തും ഫിനിഷ് ചെയ്തിട്ടുള്ള ടീമുകള്‍ തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. ഈ രണ്ടു ടീമുകള്‍ തമ്മില്‍ അഞ്ചു മല്‍സരങ്ങളുടെ ഒരു പരമ്പരയില്‍ ഏറ്റുമുട്ടുകയാണെങ്കില്‍ പത്താംസ്ഥാനത്തുള്ള ടീം ഒന്നാമതുള്ള ടീമിനെ തോല്‍പ്പിച്ചാല്‍ ഞാന്‍ ആശ്ചര്യപ്പെടില്ല.

അതുകൊണ്ടു തന്നെയാണ് ലോകത്തിലെ ഏറ്റവും കടുപ്പമേറിയ ലീഗായി ഐപിഎല്‍ മാറുന്നത്. ഏതു ടി20 ലോകകപ്പിന്റെയും ലെവലില്‍ തന്നെ ഐപിഎല്ലിനെയും നമുക്കു പരിഗണിക്കാം. എല്ലാ ടീമുകള്‍ക്കും പഴ്‌സില്‍ തുല്യമായ പണമാണ് അനുവദിക്കപ്പെട്ടത്, കൂടാതെ രൂപീകരിക്കപ്പെട്ട ടീമുകളെല്ലാം മികച്ചതാണെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടന്ന എലിമിനേറ്ററില്‍ ആര്‍സിബിക്കെതിരേ ഒരോവര്‍ ബാക്കിനില്‍ക്കെയാണ് റോയല്‍സ് നാലു വിക്കറ്റിന്റെ വിജയം ആഘോഷിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ആര്‍സിബി എട്ടു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. 34 റണ്‍സെടുത്ത രജത് പാട്ടിധാറായിരുന്നു ടോപ്‌സ്‌കോറര്‍. വിരാട് കോലി 33ഉം മഹിപാല്‍ ലൊംറോര്‍ 32ഉം റണ്‍സുമെടുത്തിരുന്നു.
റണ്‍ചേസില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ റോയല്‍സ് ഈ സകോര്‍ മറികടന്നു. റോയല്‍സ് ബാറ്റിങ് ലൈനപ്പിലും ആരും ഫിഫ്റ്റി നേടിയില്ല. 45 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളാണ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. റിയാന്‍ പരാഗ് 36ഉം ഷിംറോണ്‍ ഹെറ്റ്‌മെയര്‍ 26ഉം റണ്‍സും സ്‌കോര്‍ ചെയ്തു.