ധരംശാല: വീണ്ടുമൊരിക്കല്‍ക്കൂടി ഐപിഎല്ലിന്റെ പ്ലേഓഫ് കാണാതെ പുറത്തായിരിക്കുകയാണ് പഞ്ചാബ് കിങ്‌സ്. എലിമിനേറ്ററിനു തുല്യമായ പോരാട്ടത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനോടു 60 റണ്‍സിന്റെ കനത്ത പരാജയമാണ് സാം കറെന്റെ ടീമിനു നേരിട്ടത്. ഇതു 15ാം സീസണിലാണ് പഞ്ചാബിനു പോയിന്റ് പട്ടികയില്‍ ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ്യാന്‍ സാധിക്കാതെ പോയത്.
242 റണ്‍സിന്റെ വന്‍ വിജയലക്ഷ്യം ചേസ് ചെയ്യേണ്ടിവന്നപ്പോള്‍ തന്നെ പഞ്ചാബ് ബാക്ക് ഫൂട്ടിലായിരുന്നു. എങ്കിലും ഈ സീസണില്‍ 260 പ്ലസ് റണ്‍സ് പോലും ചേസ് ചെയ്ത് ലോക റെക്കോര്‍ഡ് കുറിച്ചതിനാല്‍ അവര്‍ക്കു പ്രതീക്ഷയുമുണ്ടായിരുന്നു. പക്ഷെ മൂന്നോവര്‍ ബാക്കിനില്‍ക്കെ 181 റണ്‍സിനു പഞ്ചാബ് കൂടാരംകയറുകയായിരുന്നു. യഥാര്‍ഥത്തില്‍ പഞ്ചാബിനു എവിടെയാണ് ഈ കളിയില്‍ പിഴച്ചത്? അവരുടെ തോല്‍വിക്കു പിറകിലെ കാരണങ്ങള്‍ നോക്കാം.

ഈയൊരു പരാജയത്തിനു സ്വയം പഴിക്കുകയല്ലാതെ പഞ്ചാബിനു മറ്റൊന്നും ചെയ്യാനില്ല. കാരണം കളിക്കളത്തില്‍ അവരുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ പിഴവുകളാണ് ഈ പരാജയത്തിനു മുഖ്യ കാരണം. ആര്‍സിബിയെ 241 റണ്‍സെന്ന വന്‍ സ്‌കോറിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് രണ്ടു പേരാണ്. മുന്‍ നായകന്‍ വിരാട് കോലിയും രജത് പാട്ടിധാറുമാണിത്. കോലി 47 ബോളില്‍ 92 റണ്‍സ് വാരിക്കൂട്ടിയപ്പോള്‍ പാട്ടിധാര്‍ 23 ബോളില്‍ 55 റണ്‍സും അടിച്ചെടുത്തു.
എന്നാല്‍ കോലിയും പാട്ടിധാറും ഡെക്കായി പുറത്തായിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നെന്നു ഒന്നു ആലോചിച്ചു നോക്കൂ. ആര്‍സിബി 100 റണ്‍സ് പോലും എത്തില്ലായിരുന്നുവെന്നതാണ് രസകരം. തങ്ങള്‍ക്കു ലഭിച്ച അവസരം പഞ്ചാബ് മുതലാക്കിയിരുന്നെങ്കില്‍ അതു സംഭവിക്കേണ്ടതായിരുന്നു. പക്ഷെ ഫീല്‍ഡിങിലെ ദയനീയ പ്രകടനം കാരണം പഞ്ചാബ് സ്വയം കുഴി തോണ്ടുകയായിരുന്നു. കോലിക്കു രണ്ടു തവണയും പാട്ടിധാറിനു ഒരു തവണയുമാണ് അവര്‍ ആയുസ്സ് നീട്ടില്‍കിയത്.
അരങ്ങേറ്റക്കാരനായ ഫാസ്റ്റ് ബൗളര്‍ വിദ്വത് കവരപ്പയെറിഞ്ഞ ഇന്നിങ്‌സിലെ ആദ്യ ഓവറില്‍ തന്നെ കോലി ഡെക്കായി മടങ്ങേണ്ടതായിരുന്നു. പക്ഷെ അശുതോഷ് ശര്‍മ കോലിയെ രക്ഷപ്പെടുത്തി. ആര്‍സിബി ഇന്നിങ്‌സിലെ മൂന്നാമതതെ ബോളില്‍ തന്നെയിരുന്നു സംഭവം. ആസിബിയും അപ്പോള്‍ അക്കൗണ്ട് തുറന്നിരുന്നില്ല. ടോപ് എഡ്ജായ ബോള്‍ ആകാശത്തേക്കുയര്‍ന്നപ്പോള്‍ പോയിന്റില്‍ നിന്നും പിറകിലേക്കു ഓടിയ അശുതോഷിനു അതു കൈപ്പിടിയിലൊതുക്കാനായില്ല. കവരെപ്പയുടെ അടുത്ത ഓവറിലും കോലി രക്ഷപ്പെട്ടു.

ഇത്തവണ കുറേക്കൂടി സിംപിള്‍ ക്യാച്ചായിരുന്നു അത്. മൂന്നാമത്തെ ഓവറിലെ അവസാന ബോളില്‍ കവരെപ്പയ്‌ക്കെതിരേ കോലി ഡ്രൈവ് ചെയ്‌തെങ്കിലും നേരെ ഷോര്‍ട്ട് കവറില്‍ റൈലി റൂസ്സോയുടെ കൈകളിലേക്കാണ് വന്നത്. പക്ഷെ അദ്ദേഹത്തിന്റെ കൈകളിലൊതുങ്ങാതെ ബോള്‍ തെറിച്ചുപോവുകയായിരുന്നു. കോലി അപ്പോള്‍ 10 ബോളില്‍ 10 റണ്‍സ് മാത്രമേ നേടിയിരുന്നുള്ളൂ. റൂസ്സോ ക്യാച്ചെടുത്തിരുന്നെങ്കില്‍ ആര്‍സിബി രണ്ടിനു 20 റണ്‍സിലേക്കു വീഴുമായിരുന്നു.
കവരെപ്പയുടെ മൂന്നാം ഓവറിലും ക്യാച്ച് നഷ്ടം കണ്ടു. ഇത്തവണ പുതുതായി ക്രീസിലെത്തിയ പാട്ടിധാറിനാണ് ഭാഗ്യം ലഭിച്ചത്. അഞ്ചാം ഓവറിലെ അവസാന ബോളിലായിരുന്നു ഇത്. ബാക്ക് ഓഫ് ലെങ്ത്ത് ബോളിനെതിരേ പുള്‍ ഷോട്ടിനാണ് പാട്ടിധാര്‍ ശ്രമിച്ചത്. ഇതു ഡീപ്പ് ബാക്ക്‌വേര്‍ഡ് സ്‌ക്വയറില്‍ ഹര്‍ഷല്‍ പട്ടേലിന്റെ കൈകളിലേക്കായിരുന്നു.
പക്ഷെ ഹര്‍ഷല്‍ അതു താഴെയിട്ടു. പൂജ്യത്തില്‍ മടങ്ങേണ്ടിയിരുന്ന പാട്ടിധാര്‍ പിന്നീട് 55 റണ്‍സുമായി കസറുകയും ചെയ്തു. മല്‍സരത്തിലെ ടേണിങ് പോയിന്റ് ഈ മൂന്നു ക്യാച്ചുകള്‍ തന്നെയാണ്. ഇതില്‍ ഒന്നെങ്കിലും പഞ്ചാബ് മുതലാക്കിയിരുന്നെങ്കില്‍ ഫലം മറ്റൊന്നാവുമായിരുന്നു.