കൊല്‍ക്കത്ത: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ദിവസങ്ങള്‍ക്കകം പ്രഖ്യാപിക്കാനിരിക്കെ സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ഒരവസരം കൂടി കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് സൂപ്പര്‍ ഫിനിഷര്‍ റിങ്കു സിങ് നഷ്ടപ്പെടുത്തി. പഞ്ചാബ് കിങ്‌സിനെതിരേ റണ്‍മഴ കണ്ട പോരാട്ടത്തില്‍ കെകെആര്‍ ബാറ്റിങ് ലൈനപ്പില്‍ ഏറ്റവമധികം നിരാശപ്പെടുത്തിയ താരമാണ് അദ്ദേഹം. വെറും നാലു ബോളുകള്‍ മാത്രമേ റിങ്കുവിനു നേരിടാന്‍ അവസരം കിട്ടിയുള്ളൂ. ഒരു ഫോറടക്കം അഞ്ചു റണ്‍സ് മാത്രമെടുത്ത അദ്ദേഹം പുറത്താവുകയും ചെയ്തു.
ഈ സീസണിലെ മുന്‍ മല്‍സരങ്ങളെടുത്താല്‍ റിങ്കുവിനെ ബാറ്റിങില്‍ ഇറക്കാന്‍ കെകെആര്‍ വൈകിപ്പിക്കുന്നത് നമ്മള്‍ കണ്ടിട്ടുള്ളതാണ്. പഞ്ചാബുമായുള്ള കളിയിലും അവര്‍ ഇതു തന്നെ ആവര്‍ത്തിക്കുകയായിരുന്നു. വമ്പനടിക്കാരനായ ആന്ദെ റസ്സലിനെ വലിയ സ്‌കോറുകള്‍ പിറക്കുന്ന മല്‍സരങ്ങളില്‍ ബാറ്റിങില്‍ നേരത്തേ പ്രൊമോട്ട് ചെയ്യുന്നത് സീസണില്‍ ഇതിനകം കണ്ടു കഴിഞ്ഞു. പഞ്ചാബിനെതിരേയും കെകെആര്‍ ഇതേ രീതി പിന്തുടര്‍ന്നു. നാലാം നമ്പറിലാണ് റസ്സല്‍ ഈ കളിയില്‍ ബാറ്റ് ചെയ്തത്. 12 ബോളില്‍ രണ്ടു വീതം ഫോറും സിക്‌സറുമടക്കം 24 റണ്‍സ് അദ്ദേഹം നേടുകയും ചെയ്തു.

16ാമത്തെ ഓവറിലെ മൂന്നാമത്തെ ബോളില്‍ റസ്സല്‍ പുറത്തായപ്പോള്‍ റിങ്കു ബാറ്റിങിനെത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. കാരണം അദ്ദേഹത്തിനു ഏറ്റവും അനുയോജ്യമായ സാഹചര്യമായിരുന്നു ഇത്. 27 ബോളുകള്‍ അപ്പോള്‍ ബാക്കിയുണ്ടായിരുന്നു. പക്ഷെ റിങ്കുവിനെ മാറ്റി നിര്‍ത്തിയ കെകെആര്‍ നായകനായ ശ്രേയസ് അയ്യരെയാണ് ക്രീസിലേക്കു അയച്ചത്.
10 ബോളില്‍ മൂന്നു സിക്‌സറും ഒരു ഫോറുമടകം 28 റണ്‍സോടെ ഭേദപ്പെട്ട ഇന്നിങ്‌സ് അദ്ദേഹം കാഴ്ചവയ്ക്കുകയും ചെയ്തു. പക്ഷെ ശ്രേയസിനു പകരം റിങ്കുവാണ് ക്രീസിലേക്കു വന്നതെങ്കില്‍ ഇതിനേക്കാള്‍ സ്‌ഫോടനാത്മകമായ ഇന്നിങ്‌സ് കളിക്കാന്‍ സാധിക്കുമായിരുന്നു. ലോകകപ്പ് ടീമില്‍ സ്ഥാനം ഏറെക്കുറെ ഉറപ്പുള്ള താരമാണ് റിങ്കുവെങ്കിലും ഈ ഐപിഎല്ലില്‍ മികച്ചൊരു ഇന്നിങ്‌സ് പോലും എടുത്തു കാണിക്കാനില്ല. ഇതിന്റെ പ്രധാന കാരണം കൂടുതല്‍ ബോളുകള്‍ നേരിടാന്‍ അവസരം ലഭിക്കുന്നില്ലെന്നതാണ്.
ഒരു 30 പ്ലസ് റണ്‍സ് പോലും സീസണില്‍ റിങ്കുവിനു എടുത്തു കാണിക്കാന്‍ ഇല്ലെന്നതാണ് നിരാശാജനകമായ കാര്യം. എട്ടു മല്‍സരങ്ങളില്‍ ഏഴിന്നിങ്‌സുകളിലാണ് അദ്ദേഹത്തിനു ബാറ്റ് ചെയ്യാനുള്ള അവസരം ലഭിച്ചത്. ഇവയില്‍ റിങ്കു നേരിട്ടത് വെറും 71 ബോളുകള്‍ മാത്രം. 22.40 എന്ന മോശം ശരാശരിയില്‍ 112 റണ്‍സാണ് അദ്ദേഹം നേടിയിരിക്കുന്നത്. 157.74 സ്‌ട്രൈക്ക് റേറ്റോടെയാണിത്. ഇത്തരമെരു പ്രകടനമല്ല റിങ്കുവില്‍ നിന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ സീസണില്‍ ടീമിനായി 500നടുത്ത് സ്‌കോര്‍ ചെയ്തിട്ടുള്ള താരമാണ് അദ്ദേഹം. പക്ഷെ ഈ സീസണില്‍ ടീമിന്റെ മുഖ്യ ഉപദേശകനായി ഗൗതം ഗംഭീര്‍ വന്നതോടെ റിങ്കുവിന്റെ അവസരങ്ങളും കുറഞ്ഞിരിക്കുകയാണ്. ഗംഭീറിനു റിങ്കുവിനോടു എന്താണ് ഇത്ര വിരോധമെന്നാണ് ആരാധകരുടെ ചോദ്യം.
ഈ സീസണില്‍ അദ്ദേഹത്തിന്റെ ഇതുവരെയുള്ള പ്രകടനങ്ങളെടുത്താല്‍ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ നേടിയ 26 റണ്‍സാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 23 റണ്‍സും രാജസ്ഥാന്‍ റോയല്‍സിനെതിരേ പുറത്താവാതെ 20 റണ്‍സും റിങ്കു നേടി. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ ഒമ്പത്, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരേ രണ്ടാം പാദത്തില്‍ 5* എന്നിങ്ങനെയാണ് താരത്തിന്റെ സ്‌കോറുകള്‍. ഇവയ്ക്കു പിന്നാലെയാണ് പഞ്ചാബിനെതിരേ വീണ്ടുമൊരു ഒറ്റയക്ക സ്‌കോറിനു അദ്ദേഹം മടങ്ങിയത്.