മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായുള്ള താരലേലം ഡിസംബറില്‍ നടക്കാന്‍ പോവുകയാണ്. ഇതിന് മുന്നോടിയായി ഇതിനോടകം തന്നെ പല കൂടുമാറ്റങ്ങളും നടന്നുകഴിഞ്ഞു. രാജസ്ഥാന്‍ റോയല്‍സ് ദേവ്ദത്ത് പടിക്കലിനെ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന് കൈമാറി പകരം ആവേശ് ഖാനെ ടീമിലേക്കെത്തിച്ചിട്ടുണ്ട്. ഇത്തരത്തില്‍ പല കൂടു മാറ്റങ്ങള്‍ക്കും വരുന്ന ദിവസങ്ങളില്‍ ക്രിക്കറ്റ് ലോകം സാക്ഷികളായേക്കും.
പല കൂടുമാറ്റ റിപ്പോര്‍ട്ടുകളും സജീവമാണെങ്കിലും ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതായി ഉയര്‍ന്നു കേള്‍ക്കുന്നത് ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചെത്തുമെന്നതാണ്. മുംബൈ ഇന്ത്യന്‍സിലൂടെ വളര്‍ന്ന ഹാര്‍ദിക് 2022ല്‍ ഗുജറാത്ത് ടൈറ്റന്‍സ് ടീം വന്നപ്പോള്‍ കൂടുമാറി. അരങ്ങേറ്റ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്കെത്തിക്കാന്‍ ഹാര്‍ദിക്കിനായി. അവസാന സീസണിലെ റണ്ണറപ്പുകളാണ് ഗുജറാത്ത് ടൈറ്റന്‍സ്. ഇത്തവണ ഗുജറാത്ത് വിട്ട് മുംബൈയിലേക്ക് ഹാര്‍ദിക് മടങ്ങിവരാനൊരുങ്ങുകയാണ്.

15 കോടിക്ക് ഗുജറാത്തുമായി മുംബൈ ധാരണയിലെത്തിയെന്നാണ് വിവരം. ഹാര്‍ദിക്കിന്റെ തിരിച്ചുവരവ് മുംബൈയെ വീണ്ടും കിരീടത്തിലേക്കെത്തിക്കുമെന്നാണ് ടീമിന്റെ പ്രതീക്ഷ. രോഹിത് ശര്‍മയുടെ ടി20 കരിയര്‍ ഏറെക്കുറെ അവസാനിച്ചതിനാല്‍ രോഹിത്തിനെ മുംബൈ ഒഴിവാക്കി പകരം ഹാര്‍ദിക്കിനെ മുംബൈ ക്യാപ്റ്റനാക്കുമെന്നാണ് വിവരം. എന്നാല്‍ മുംബൈയുടെ ഈ നീക്കം ടീമിന് വലിയ ഗുണം ചെയ്‌തേക്കില്ല. കാരണങ്ങള്‍ പരിശോധിക്കാം.
രോഹിത് ശര്‍മയെ ഒഴിവാക്കിയാല്‍ മുംബൈയുടെ ആരാധക പിന്തുണയെ അത് ബാധിച്ചേക്കും. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, റിക്കി പോണ്ടിങ് തുടങ്ങിയവരെല്ലാം നയിച്ചിട്ടും കപ്പിലേക്കെത്താന്‍ മുംബൈക്ക് സാധിച്ചിരുന്നില്ല. മുംബൈയെ അഞ്ച് കിരീടത്തിലേക്കെത്തിച്ച് ടീമിന്റെ യശസ് ഉയര്‍ത്തിയത് രോഹിത്താണ്. അതുകൊണ്ടുതന്നെ രോഹിത്തിനെ ഒഴിവാക്കിയാല്‍ ആരാധകര്‍ക്ക് ഇത് അംഗീകരിക്കാന്‍ പ്രയാസമാവും. അവസാന സീസണില്‍ മുംബൈയെ പരസ്യമായി ഹാര്‍ദിക് വിമര്‍ശിച്ചിരുന്നു.
സൂപ്പര്‍ താരങ്ങളെ മാത്രം ഉപയോഗിച്ച് കപ്പടിക്കുന്ന ടീമാണ് മുംബൈ ഇന്ത്യന്‍സ് എന്നാണ് ഹാര്‍ദിക് പറഞ്ഞത്. ഇതിന്റെ പേരില്‍ രോഹിത് ശര്‍മയടക്കം ഹാര്‍ദിക്കിന് മറുപടി നല്‍കി രംഗത്തെത്തിയിരുന്നു. ഇനി ഹാര്‍ദിക്കിനെ മുംബൈയുടെ നായകസ്ഥാനത്തേക്ക് തിരികെ എത്തിക്കുന്നത് ടീമിന് തന്നെയാണ് വലിയ നാണക്കേട്. ഹാര്‍ദിക്കിന്റെ തിരിച്ചുവരവ് മുംബൈയുടെ ആരാധകര്‍ ആഗ്രഹിക്കുന്നില്ലെന്നതാണ് സാമൂഹ്യ മാധ്യമങ്ങളിലെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്.
രണ്ടാമത്തെ കാര്യം നിലവിലെ മുംബൈ ഇന്ത്യന്‍സ് ടീമിനെ പഴയ ടീമുമായി താരതമ്യപ്പെടുത്താന്‍ സാധിക്കില്ല. സൂപ്പര്‍ താരങ്ങളെല്ലാം പടിയിറങ്ങിയതോടെ മുംബൈയുടെ കരുത്ത് ചോര്‍ന്നിരിക്കുകയാണ്. ഇനി ടീമിനെ ഒന്നില്‍ നിന്ന് കെട്ടിപ്പടുക്കേണ്ടതായുണ്ട്. ഹാര്‍ദിക് പാണ്ഡ്യയെ തിരികെ എത്തിച്ച് നായകസ്ഥാനം നല്‍കിയാല്‍ മുംബൈക്ക് പഴയ കരുത്തിലേക്കെത്താനാവില്ല. രോഹിത് ശര്‍മയെപ്പോലെ അനുഭവസമ്പന്നനായ നായകനെയാണ് നിലവില്‍ മുംബൈക്ക് ആവശ്യം.
ഇത്തവണ മിനി താരലേലമാണ് നടക്കാനുള്ളത്. പേഴ്‌സില്‍ വലിയ തുക ബാക്കിയില്ലാത്ത മുംബൈക്ക് സൂപ്പര്‍ താരങ്ങളെ ഒപ്പം കൂട്ടുക പ്രയാസമാണ്. നിലവിലെ മുംബൈ ടീമിലേക്ക് ഹാര്‍ദിക് എത്തിയാലും വലിയ ഇംപാക്ട് സൃഷ്ടിച്ചേക്കില്ല. ടീമെന്ന നിലയില്‍ കെട്ടുറപ്പിലേക്ക് മുംബൈക്ക് എത്തേണ്ടതായുണ്ട്. ഇതിന് ഹാര്‍ദിക്കിനെക്കാള്‍ നല്ലത് രോഹിത് നായകനായി തുടരുന്നതാണ്.
മറ്റൊരു കാര്യം ഹാര്‍ദിക്കിന്റെ പ്രകടനമാണ്. മുംബൈ ഹാര്‍ദിക്കിനെ തിരികെ എത്തിക്കുമ്പോള്‍ താരത്തിന്റെ നായക മികവിനെക്കാള്‍ കൂടുതല്‍ ഓള്‍റൗണ്ടറെന്ന മികവിലാണ് പ്രതീക്ഷവെക്കുന്നത്. എന്നാല്‍ ഹാര്‍ദിക്കിന്റെ സമീപകാല കണക്കുകള്‍ നോക്കുമ്പോള്‍ സ്ഥിരതയാണ് പ്രശ്‌നം. ബാറ്റിങ്ങിലും ബൗളിങ്ങിലും സ്ഥിരതയോടെ മികവ് കാട്ടാന്‍ ഹാര്‍ദിക്കിനാവുന്നില്ല. അതുകൊണ്ടുതന്നെ ഹാര്‍ദിക്കിനെ കൊണ്ടുവരുന്നത് മുംബൈയില്‍ വലിയ മാറ്റം കൊണ്ടുവരാനുള്ള സാധ്യത കുറവാണെന്ന് തന്നെ പറയാം.