മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായി നിലനിര്‍ത്തിയ താരങ്ങളുടേയും ഒഴിവാക്കിയ താരങ്ങളുടേയും പട്ടിക ഇന്നലെയാണ് ടീമുകള്‍ പുറത്തുവിട്ടത്. ഇതിന് മുമ്പ് പല വമ്പന്‍ കൂടുമാറ്റങ്ങളുടെ റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നെങ്കിലും ഇതില്‍ പലതും വെറും അഭ്യൂഹം മാത്രമായിരുന്നു. ഹാര്‍ദിക് പാണ്ഡ്യയുടെ കാര്യത്തില്‍ മാത്രം വമ്പന്‍ ട്വിസ്റ്റാണ് നടന്നത്. ഹാര്‍ദിക് തന്റെ പഴയ തട്ടകമായ മുംബൈയിലേക്ക് തിരിച്ച് പോകുമെന്നായിരുന്നു റിപ്പോര്‍ട്ട്.
എന്നാല്‍ ഗുജറാത്ത് ടൈറ്റന്‍സ് നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക പുറത്തുവിട്ടപ്പോള്‍ അതില്‍ നായകനായി ഹാര്‍ദിക്കുണ്ടായിരുന്നു. ഇതോടെ അഭ്യൂഹങ്ങള്‍ വിരാമമായെങ്കിലും രാത്രിയില്‍ വീണ്ടും ട്വിസ്റ്റ് സംഭവിച്ചു. കാമറൂണ്‍ ഗ്രീനിനെ മുംബൈ ആര്‍സിബിക്ക് കൈമാറി ഹാര്‍ദിക് പാണ്ഡ്യയെ ഗുജറാത്തില്‍ നിന്ന് തിരിച്ചെത്തിച്ചിരിക്കുകയാണ്. ഇതോടെ വീണ്ടും ചര്‍ച്ചകള്‍ സജീവമായി. അരങ്ങേറ്റ സീസണില്‍ ഗുജറാത്തിനെ കിരീടത്തിലേക്കെത്തിച്ച നായകനാണ് ഹാര്‍ദിക്.
അവസാന സീസണില്‍ റണ്ണറപ്പുകളാക്കുകയും ചെയ്തു. 74 ആണ് നായകനായുള്ള അദ്ദേഹത്തിന്റെ വിജയ ശരാശരി. എന്നിട്ടും എന്തുകൊണ്ടാണ് 15 കോടിക്ക് ഹാര്‍ദിക്കിനെ കൈവിടാന്‍ ഗുജറാത്ത് തയ്യാറായതെന്ന ചോദ്യം പ്രസക്തമാണ്. പല ആരാധകരും ഗുജറാത്തിന്റെ ഇത്തരമൊരു തീരുമാനം മണ്ടത്തരമാണെന്ന് അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ എന്തുകൊണ്ടായിരിക്കും ഗുജറാത്ത് ഹാര്‍ദിക്കിനെ ഒഴിവാക്കാന്‍ തീരുമാനിച്ചത്? കാരണം പരിശോധിക്കാം.
ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം ഹാര്‍ദിക്കിന്റെ ഫിറ്റ്‌നസാണ് ഗുജറാത്തിനെ ആശങ്കപ്പെടുത്തുന്നത്. അരങ്ങേറ്റ സീസണില്‍ ഗുജറാത്ത് ഹാര്‍ദിക്കിനെ ടീമിലേക്കെത്തിക്കുമ്പോള്‍ പരിക്ക് ഭേദമായി താരം തിരിച്ചെത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ ഏകദിന ലോകകപ്പിനിടെ പരിക്കേറ്റ ഹാര്‍ദിക് വിശ്രമത്തിലാണ്. ഇടക്കിടെ പരിക്കേല്‍ക്കുന്ന ഹാര്‍ദിക്കിന്റെ ഫിറ്റ്‌നസ് നിലവാരം വളരെയധികം ചോദ്യം ചെയ്യപ്പെടുകയാണ്. ഹാര്‍ദിക്കിന്റെ ഫിറ്റ്‌നസ് വിലയിരുത്തുമ്പോള്‍ വിശ്വസ്തനായി കാണാനാവില്ല.

അതുകൊണ്ടാണ് ഹാര്‍ദിക്കിനെ ഒഴിവാക്കാന്‍ ഗുജറാത്ത് പദ്ധതിയിടുന്നത്. ഹാര്‍ദിക്കിന്റെ ബുദ്ധിയേക്കാള്‍ ഉപരിയായി ടീമിന്റെ പദ്ധതികളിലാണ് ഗുജറാത്തിന് വിശ്വാസം. ആശിഷ് നെഹ്‌റയെന്ന പരിശീലകന്‍ ഒപ്പമുണ്ടെങ്കില്‍ ഇതേ മികവ് ടീമിന് ആവര്‍ത്തിക്കാനാവുമെന്ന് ഗുജറാത്ത് വിശ്വസിക്കുന്നു. ഹാര്‍ദിക് പോയാലും നായകനാക്കാന്‍ സാധിക്കുന്ന നിരവധി താരങ്ങള്‍ ഗുജറാത്തിനൊപ്പമുണ്ട്. കെയ്ന്‍ വില്യംസണ്‍, ശുബ്മാന്‍ ഗില്‍, റാഷിദ് ഖാന്‍ എന്നിവരെല്ലാം മിടുക്കന്മാരാണ്.
വില്യംസണും റാഷിദും നായകന്മാരെന്ന നിലയില്‍ വലിയ അനുഭവസമ്പത്തുള്ളവരാണ്. ശുബ്മാന്‍ ഭാവിയിലെ സൂപ്പര്‍ താരമാണ്. അതുകൊണ്ടുതന്നെ ശുബ്മാന് നായകസ്ഥാനം നല്‍കി വളര്‍ത്തിക്കൊണ്ടുവരാനാണ് ഗുജറാത്തിന്റെ പദ്ധതി. തങ്ങളുടെ തന്ത്രത്തില്‍ വിശ്വസിക്കുന്ന ഗുജറാത്ത് ഹാര്‍ദിക്കിന്റെ അഭാവം വലിയ തിരിച്ചടിയായി കാണുന്നില്ല. അവസാന സീസണില്‍ മുംബൈ ഇന്ത്യന്‍സിനെ പരിഹസിച്ച താരമാണ് ഹാര്‍ദിക് പാണ്ഡ്യ.
ഇതിന്റെ പേരില്‍ മുംബൈ ആരാധകര്‍ ഹാര്‍ദിക്കിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. മുംബൈ നായകന്‍ രോഹിത് ശര്‍മയടക്കം ഹാര്‍ദിക്കിനെതിരേ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ അതേ ഹാര്‍ദിക്കിന് കീഴില്‍ മുംബൈ കളിക്കാനൊരുങ്ങുകയാണെന്നാണ് കൗതുകം. ഹാര്‍ദിക് മുംബൈയിലേക്ക് തിരിച്ചെത്തുമ്പോള്‍ രോഹിത് ശര്‍മക്ക് നായകസ്ഥാനം വിട്ടുനല്‍കേണ്ടി വരുമെന്നുറപ്പാണ്. എന്തായാലും വലിയ ട്വിസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കാം.
ഹാര്‍ദിക്കിനെയടക്കം ഒമ്പത് താരങ്ങളെയാണ് അവസാന സീസണിലെ റണ്ണറപ്പുകളായ ഗുജറാത്ത് കൈവിട്ടത്. യാഷ് ദയാല്‍, കെ എസ് ഭരത്, ശിവം മാവി, ഉര്‍വില്‍ പട്ടേല്‍, പ്രദീപ് സാങ് വാന്‍, ഒഡെയ്ന്‍ സ്മിത്ത്, അല്‍സാരി ജോസഫ്, ദസുന്‍ ഷനക എന്നിവരെയെല്ലാം ഗുജറാത്ത് ഒഴിവാക്കി.
മുംബൈ ഇന്ത്യന്‍സും നിരവധി താരങ്ങളെ കൈവിട്ടു. അര്‍ഷാദ് ഖാന്‍, രമന്‍ദീപ് സിങ്, ഹൃത്വിക് ഷൊക്കീന്‍, രാഘവ് ഗോയല്‍, ജോഫ്രാ ആര്‍ച്ചര്‍, ട്രിസ്റ്റന്‍ സ്റ്റബ്സ്, ഡുവാന്‍ യാന്‍സന്‍, ജൈ റിച്ചാര്‍ഡ്സന്‍, റില്ലി മെറീഡിത്ത്, ക്രിസ് ജോര്‍ദാന്‍, സന്ദീപ് വാര്യര്‍ എന്നിവരെ മുംബൈ ഒഴിവാക്കി. നിലനിര്‍ത്തിയ ശേഷമാണ് കാമറൂണ്‍ ഗ്രീനിനെ ആര്‍സിബിക്ക് നല്‍കിയത്.