ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന് മുന്നോടിയായുള്ള താരലേലം ആവേശകരമായി പുരോഗമിക്കുകയാണ്. ഇതിനോടകം പല വമ്പന്‍ ലേലങ്ങളും കണ്ടു. പാറ്റ് കമ്മിന്‍സ് ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം നേടുന്ന താരമായി മാറിക്കഴിഞ്ഞു. 20.5 കോടിക്കാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പാറ്റ് കമ്മിന്‍സിനെ സ്വന്തമാക്കിയത്. ആദ്യ സെറ്റില്‍ റോവ്മാന്‍ പവലിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയിരുന്നു. 7.4 കോടിക്കാണ് രാജസ്ഥാന്‍ പവലിനെ സ്വന്തമാക്കിയത്.
ജേസന്‍ ഹോള്‍ഡറുടെ വിടവുള്ള രാജസ്ഥാനില്‍ ഈ വിടവ് നികത്താനായാണ് റോവ്മാന്‍ പവലിനെ എത്തിച്ചിരിക്കുന്നത്. വമ്പനടിക്കാരനായ പവല്‍ ഒറ്റക്ക് മത്സരം ജയിപ്പിക്കാന്‍ കെല്‍പ്പുള്ളവനാണ്. അതുകൊണ്ടുതന്നെ രാജസ്ഥാന് പവല്‍ മുതല്‍ക്കൂട്ടാവുമെന്നാണ് വിലയിരുത്തപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ രാജസ്ഥാന്റെ നീക്കത്തിനെതിരേ വലിയ വിമര്‍ശനമാണ് ഉയരുന്നത്. രാജസ്ഥാന്റെ ഏറ്റവും മണ്ടന്‍ തീരുമാനമാണിതെന്നാണ് ആരാധകര്‍ പറയുന്നത്.
റോവ്മാന്‍ പവല്‍ വെടിക്കെട്ട് നടത്താന്‍ ശേഷിയുള്ളവനാണ്. എന്നാല്‍ ഇന്ത്യന്‍ പിച്ചില്‍ കളിച്ച് മികവ് കാട്ടാനുള്ള അനുഭവസമ്പത്തില്ല. സ്ഥിരതയില്ലാത്ത താരമാണ് പവല്‍. ഡല്‍ഹിക്കായി ഒരു മികച്ച പ്രകടനം നടത്തിയത് മാറ്റിനിര്‍ത്തിയാല്‍ കാര്യമായൊന്നും ചെയ്യാന്‍ താരത്തിനായിട്ടില്ല. 6.8 കോടിക്കാണ് ട്രാവിസ് ഹെഡിനെ സണ്‍റൈസേഴ്‌സ് സ്വന്തമാക്കിയത്. രചിന്‍ രവീന്ദ്രയെ വെറും 1.8 കോടിക്കാണ് സിഎസ്‌കെ ഒപ്പം കൂട്ടിയത്.
ഈ രണ്ട് താരങ്ങളേയും സ്വന്തമാക്കാന്‍ രാജസ്ഥാന്‍ ശ്രമിക്കാതിരുന്നത് മണ്ടത്തരമായിപ്പോയെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്. ജോസ് ബട്‌ലറുടെ ബാക്കപ്പിനെ രാജസ്ഥാന് ആവശ്യമായിരുന്നു. ബാറ്റുകൊണ്ട് മാത്രമല്ല സ്പിന്നുകൊണ്ടും ടീമിന് ഉപകാരിയായ താരങ്ങളാണ് ഹെഡും രചിനും. ഇവരെ എന്തുകൊണ്ടാണ് രാജസ്ഥാന്‍ സ്വന്തമാക്കാന്‍ ശ്രമിക്കാതിരുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. രാജസ്ഥാന്റെ പേഴ്‌സില്‍ പണം കുറവായിരുന്നു.

അതുകൊണ്ടുതന്നെ ഫലപ്രദമായി അത് ഉപയോഗിക്കാന്‍ ടീമിന് സാധിച്ചിട്ടില്ലെന്നാണ് ആരാധകര്‍ പറയുന്നത്. രാജസ്ഥാനെ സംബന്ധിച്ച് വരുന്ന സീസണ്‍ വളരെ നിര്‍ണ്ണായകമാണ്. പ്രഥമ സീസണിലെ ചാമ്പ്യന്മാരായ രാജസ്ഥാന് പിന്നീടൊരു കപ്പ് നേടാനായിട്ടില്ല. അവസാന സീസണില്‍ രാജസ്ഥാന് പ്ലേ ഓഫിലെത്താനായിരുന്നില്ല. രാജസ്ഥാന്‍ തങ്ങളുടെ ശരിയായ പ്രശ്‌നത്തിന് പരിഹാരം കണ്ടിട്ടില്ലെന്നാണ് ആരാധകര്‍ പറയുന്നത്.
ട്രന്റ് ബോള്‍ട്ടിന്റെ ബൗളിങ്ങിനെ മാത്രമാണ് രാജസ്ഥാന്‍ പേസ് നിരയില്‍ ആശ്രയിക്കുന്നത്. ഒബെഡ് മെക്കോയിയെ രാജസ്ഥാന്‍ ഒഴിവാക്കിയതോടെ പ്രസിദ്ധ് കൃഷ്ണ, ട്രന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ കൂട്ടുകെട്ട് തുടരും. ഇതില്‍ ബോള്‍ട്ടിനെ മാറ്റിനിര്‍ത്തിയാല്‍ രാജസ്ഥാന്റെ പേസ് നിരക്ക് കരുത്ത് പോരാ. അതുകൊണ്ടുതന്നെ മികച്ച പേസറെ രാജസ്ഥാന് അത്യാവശ്യമായിരുന്നു. എന്നാല്‍ രാജസ്ഥാന്‍ ഇതിനായി ശ്രമിച്ചില്ലെന്ന ആക്ഷേപമാണുയരുന്നത്.
ലേലത്തില്‍ പാറ്റ് കമ്മിന്‍സിനെ 20.5 കോടി പ്രതിഫലത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി ഉയര്‍ന്ന തുകയെന്ന റെക്കോഡിട്ടിരുന്നു. എന്നാല്‍ മിച്ചല്‍ സ്റ്റാര്‍ക്കിലൂടെ ഈ റെക്കോഡ് തിരുത്തപ്പെട്ടു. ഐപിഎല്‍ ചരിത്രത്തില്‍ ഇതുവരെ ആരും വാങ്ങാത്ത സൂപ്പര്‍ പ്രതിഫലമാണ് സ്റ്റാര്‍ക്കിന് ലഭിച്ചിരിക്കുന്നത്. 24.75 കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് സ്റ്റാര്‍ക്കിനെ സ്വന്തമാക്കിയത്. ഗുജറാത്ത് ടൈറ്റന്‍സ് ഏറെ നേരം പിന്നാലെയുണ്ടായിരുന്നെങ്കിലും അവസാനം കെകെആര്‍ സ്റ്റാര്‍ക്കിനെ വാങ്ങുകയായിരുന്നു.