For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: എവിടെ ഇന്ത്യക്കാര്‍? വിദേശ 'പ്രേമം' നിര്‍ത്തണം! ഡിസിക്കെതിരേ ആഞ്ഞടിച്ച് ഉത്തപ്പ

പുതിയ സീസണിലെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് തോല്‍വിയോടെ തുടങ്ങിയതിനു പിന്നാലെ അവര്‍ക്കെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് താരം റോബിന്‍ ഉത്തപ്പ. ഇന്ത്യന്‍ താരങ്ങള്‍ ടീമിലുണ്ടായിട്ടും അവര്‍ക്കു മതിയായ അവസരം നല്‍കാതെ വിദേശ താരങ്ങള്‍ക്കു ഡിസി അമിത പിന്തുണ നല്‍കുന്നതിനെയാണ് അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചത്. കഴിഞ്ഞ ദിവസം മുല്ലന്‍പൂരില്‍ പുതുതായി ഉദ്ഘാടനം ചെയ്ത സ്റ്റേഡിയത്തില്‍ പഞ്ചാബ് കിങ്‌സിനോടു നാലു വിക്കറ്റിനാണ് ഡിസി പരാജയപ്പെട്ടത്.

ഈ മല്‍സരത്തില്‍ ഡിസിയുടെ ബാറ്റിങ് ലൈനപ്പില്‍ നാലു വിദേശ കളിക്കാരുണ്ടായിരുന്നു. ഈ നീക്കത്തെയാണ് ഉത്തപ്പ ചോദ്യം ചെയ്തത്. ഓസ്‌ട്രേലിയന്‍ ജോടികളായ ഡേവിഡ് വാര്‍ണര്‍, മിച്ചെല്‍ മാര്‍ഷ്, വെസ്റ്റ് ഇന്‍ഡീസിന്റെ ഷെയ് ഹോപ്പ്, സൗത്താഫ്രിക്കയുടെ ട്രിസ്റ്റണ്‍ സ്റ്റബ്‌സ് എന്നിവരായിരുന്നു ഡിസി ഇലവനിലെ വിദേശ കളിക്കാര്‍. ഇന്ത്യയുടെ വെടിക്കെട്ട് താരം പൃഥ്വി ഷായെ പുറത്തിരുത്തിയാണ് ഡിസി ഇറങ്ങിയത്. ഇതു വിമര്‍ശനങ്ങള്‍ക്കു ഇടയാക്കുകയും ചെയ്തിരുന്നു.

DELHI CAPITALS

ജിയോ സിനിമയുടെ ഷോയില്‍ സംസാരിക്കവെയാണ് ഡിസി ടീമിന്റെ കോമ്പിനേഷനെ ഉത്തപ്പ വിമര്‍ശിച്ചത്. ടീമിലേക്കു കൊണ്ടുവന്നിട്ടുള്ള ഇന്ത്യന്‍ താരങ്ങളെ എന്തുകൊണ്ടാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് പിന്തുണയ്ക്കാത്തത്? എന്തുകൊണ്ടാണ് ഡിസിയെപ്പോലെയൊരു ഫ്രാഞ്ചൈസി ഇന്ത്യന്‍ താരങ്ങളെ ഈ തരത്തില്‍ അവഗണിക്കുന്നതെന്നു മനസ്സിലാവുന്നില്ല. ഡിസിയോടു എനിക്കുള്ള പ്രശ്‌നം ഇതാണ്. അവര്‍ ഒരിക്കലും ടീമിലെ ഇന്ത്യന്‍ താരങ്ങളെ പരീക്ഷിക്കാറില്ലെന്നും ഉത്തപ്പ തുറന്നടിച്ചു.

പൃഥ്വിയെക്കൂടാതെ ഇന്ത്യയുടെ മുന്‍ അണ്ടര്‍ 19 ലോകകപ്പ് ക്യാപ്റ്റന്‍ യഷ് ധൂല്‍, വിക്കറ്റ് കീപ്പര്‍ കുമാര്‍ കുഷാഗ്ര തുടങ്ങിയവരും ഡിസി സംഘത്തിലുണ്ട്. പക്ഷെ ഇവര്‍ക്കൊന്നും പഞ്ചാബിനെതിരേ അവസരം ലഭിച്ചില്ല. മാത്രമല്ല ഒമ്പതാം നമ്പറില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ അഭിഷേക് പൊറെലിനെ ഇംപാക്ട് പ്ലെയറായി ഇറക്കി ഡിസി എല്ലാവരെയും ആശ്ചര്യപ്പെടുത്തുകയും ചെയ്തിരുന്നു. 10 ബോളില്‍ നിന്നും പുറത്താവാതെ 32 റണ്‍സെടുത്ത പൊറേല്‍ ഈ റോള്‍ ഭംഗിയാക്കുകയും ടീമിനെ 170 കടക്കാന്‍ സഹായിക്കുകയും ചെയ്തു.

DELHI CAPITALS

പഞ്ചാബിനെതിരേ പൊറേലിന്റെ ബാറ്റിങ് ടെക്‌നിക്ക് കാണുമ്പോള്‍ അവനു മുന്‍നിരയില്‍ ബാറ്ററെന്ന നിലയില്‍ വലിയ വിജയം കൈവരിക്കാന്‍ സാധിക്കുമെന്നു എനിക്കു തോന്നുന്നു. പക്ഷെ നിങ്ങള്‍ പൊറേലിനെ മുന്‍നിരയില്‍ പരീക്ഷിച്ചു നോക്കിയില്ലെങ്കില്‍ ഇതു എങ്ങനെ അറിയാന്‍ പറ്റും? എന്തുകൊണ്ട് അവനെ മൂന്നാം നമ്പറിലോ, നാലാം നമ്പറിലോ ബാറ്റ് ചെയ്യിക്കുന്നില്ല? ഇംപാക്ട് പ്ലെയറായി ഒമ്പതാം നമ്പറില്‍ കളിച്ച പൊറേല്‍ ഫ്രാഞ്ചൈസിയെ ഏറെക്കുറെ രക്ഷിക്കുകയാണ് ചെയ്തതെന്നും ഉത്തപ്പ വിലയിരുത്തി.

സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിന്റെ ബാറ്റിങ് പൊസിഷനെയും അദ്ദേഹം ചോദ്യം ചെയ്തു. കഴിഞ്ഞ സീസണില്‍ ഡിസിയുടെ പ്രധാനപ്പെട്ട പ്രശ്‌നങ്ങളിലൊന്ന് അക്ഷറിനു അനുയോജ്യമായ ബാറ്റിങ് പൊസിഷന്‍ നല്‍കിയില്ലെന്നതായിരുന്നു. അവസരം ലഭിച്ചപ്പോഴെല്ലാം മികച്ച പ്രകടനം നടത്തിയിട്ടും ഏഴാം നമ്പറിലാണ് അക്ഷറിനെ ഡിസി കളിപ്പിച്ചത്. ബാറ്റിങില്‍ താരത്തെ മുന്‍നിരയിലേക്കു പ്രൊമോട്ട് ചെയ്യാന്‍ അവര്‍ ശ്രമിച്ചില്ല. പഞ്ചാബുമായുള്ള കഴിഞ്ഞ മല്‍സരത്തിലും ഏഴാമനായാണ് അക്ഷര്‍ ബാറ്റ് ചെയ്തത്. 21 റണ്‍സും നേടി.

കഴിഞ്ഞ ഐപിഎല്ലില്‍ ടീമിനു വേണ്ടി ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്ത രണ്ടാമത്തെ താരമായ അക്ഷറിനെ ഏഴാം നമ്പറിലാണ് ഡിസി ഇത്തവണ ബാറ്റിങിന് അയച്ചത്. എപ്പോഴാണ് മികച്ച ഫോമിലുള്ള ഇന്ത്യന്‍ താരങ്ങളെ നിങ്ങള്‍ ശരിയായി ഉപയോഗിക്കാന്‍ പോവുന്നതെന്നും ഉത്തപ്പ ചോദിക്കുന്നു.

Story first published: Sunday, March 24, 2024, 12:31 [IST]
Other articles published on Mar 24, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+